ദോഹ: ഒക്ടോബർ ഏഴിന് ഗസ്സയുടെ ആകാശത്ത് തീമഴയുമായി ഇസ്രായേൽ പോർവിമാനങ്ങൾ മരണംവിതച്ചെത്തിയപ്പോൾ തുടങ്ങിയ ഖത്തറിൻെറ നയതന്ത്ര ശ്രമങ്ങൾ 47ാം ദിനം വിജയത്തിലെത്തിയിരിക്കുന്നു. അഫ്ഗാൻ, ഇറാൻ, അമേരിക്ക, റഷ്യ, യുക്രെയ്ൻ എന്നീ രാജ്യങ്ങൾക്കിടയിൽ തടവുകാരുടെ മോചനത്തിൽ മധ്യസ്ഥ ദൗത്യവുമായി ഇടപെട്ട് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഗസ്സയിൽ ഇസ്രായേലിനും ഹമാസിനുമിടയിലും ഖത്തറിന്‍റെ ശ്രമങ്ങൾ വിജയം കണ്ടത്.
ഒന്നര മാസത്തോളം നീണ്ടു നിന്ന സമാധാന ദൗത്യത്തിനൊടുവിലാണ് ഈജിപ്തും അമേരിക്കയുമായി സഹകരിച്ച് ഖത്തർ നടത്തിയ ഇടപെടൽ ലക്ഷ്യത്തിലെത്തിയത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും നേതൃത്വം നൽകിയ നിരന്തര ചർച്ചകളുടെയും ഇടപെടലുകളുെടയും ഫലമായാണ് ആക്രമണത്തിന് താൽകാലിക വിരാമം കുറിക്കുന്നത്. ഇതിനകം 5800ഓളം കുട്ടികൾ ഉൾപ്പെടെ 14,000ത്തോളം ഫലസ്തീനികളെയാണ് ഇസ്രായേൽ ഗസ്സയിൽ കൊലപ്പെടുത്തിയത്.
ഒക്ടോബർ ഏഴിലെ ആക്രമണത്തിനു പിന്നാലെ അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ പൗരന്മാരായ 240ഓളം പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു. ഗസ്സയിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് വിവിധ രാജ്യങ്ങളാണ് മധ്യസ്ഥ ദൗത്യത്തിന് ഖത്തറിനു മേൽ സമ്മർദം ചെലുത്തിയത്. പിന്നീടുള്ള ദിനങ്ങളിൽ ദോഹ ലോകരാജ്യങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി മാറി. വിവിധ രാഷ്ട്ര തലവൻമാർ നേരിട്ടെത്തിയും ഫോണിൽ വിളിച്ചും ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും ചർച്ചകൾ നടത്തി മധ്യസ്ഥ ദൗത്യത്തിന് പിന്തുണയേകി.
ഒക്ടോബർ 13ന് ദോഹയിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടുമായിരുന്നു ദൗത്യം സംബന്ധിച്ച് ലോകത്തിന് ആദ്യ സന്ദേശം നൽകിയത്. ബന്ദികളാക്കപ്പെട്ടവരിൽ നിന്നും തങ്ങളുടെ പൗരന്മാരുടെ മോചനം സാധ്യമാക്കാൻ വിവിധ രാഷ്ട്ര നേതാക്കൾ ഖത്തറുമായി ആശയ വിനിമയം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളെ കൊന്നൊടുക്കിയുള്ള ഇസ്രായേലിൻെറ ആക്രമണം തുടരുന്നതിനിടെ വെടിനിർത്തലിന് അന്താരാഷ്ട്ര സമ്മർദമുയർന്നപ്പോഴും ഖത്തർ വഴിയായിരുന്നു മധ്യസ്ഥ ദൗത്യങ്ങൾ പുരോഗമിച്ചത്.
എല്ലാ സമ്മർദങ്ങളെയും ഇസ്രായേൽ തള്ളിയപ്പോഴും, പ്രതീക്ഷയോടെ ലക്ഷ്യം നേടും വരെ ശ്രമം തുടരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ്, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികൾ, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി, ജർമൻ, ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാർ തുടങ്ങി വിവിധ രാഷ്ട്ര പ്രതിനിധികൾ ദോഹയിലെത്തി കൂടികാഴ്ചകൾ സജീവമാക്കി.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക എന്നതിനൊപ്പം, യുദ്ധം മേഖലയിലെ മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുകയും ഖത്തറിൻെറ പ്രധാന ദൗത്യമായിരുന്നു. ഒപ്പം ബന്ദി മോചന ശ്രമങ്ങളും സജീവമാക്കി. ഇതിൻെറ തുടർച്ചയായിരുന്നു അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ നാലു പേരെ ഹമാസ് ഒക്ടോബർ മാസത്തിൽ തന്നെ മോചിപ്പിച്ചത്.
റഫ അതിർത്തി തുറന്ന് ഗസ്സയിലേക്ക് സഹായവുമായി ട്രക്കുകൾക്ക് വഴിയൊരുക്കാനും, ഗസ്സയിലുള്ള വിദേശ പൗരന്മാർക്കും വിദേശ പൗരത്വമുള്ള ഫലസ്തീനികൾക്കും അതിർത്തി കടന്ന് സുരക്ഷിതമായി ലക്ഷ്യത്തിലെത്താനും ഇതിനിടയിൽ വഴിയൊരുക്കി.
ഇരുപക്ഷവുമായും തുറന്ന ആശയവിനിമയത്തിന് ശേഷിയുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്ന് എന്ന ഉത്തരവാദിത്വം ഉൾകൊണ്ടായിരുന്നു ഖത്തർ ഭരണനേതൃത്വം നിരന്തര ശ്രമങ്ങൾ നടത്തിയത്. യു.എ.ഇ, ഈജിപ്ത്, സൗദി തുടങ്ങിയ സൗഹൃദ രാജ്യങ്ങൾ നേരിട്ട് സന്ദർശിച്ചും, അറബ്-ഇസ്ലാമിക രാജ്യങ്ങളുെട ഉച്ചകോടിയിൽ പങ്കെടുത്തും ഖത്തർ അമീർ ദൗത്യങ്ങൾക്ക് നേതൃത്വം നൽകി.
അറബ് - ഇസ്ലാമിക് ഉച്ചകോടി തീരുമാനത്തിൻെറ ഭാഗമായി ഇസ്രായേല്‍ ആക്രമണത്തിനെതിരെ യു.എന്‍ രക്ഷാ കൗണ്‍സില്‍ സ്ഥിരാംഗങ്ങള്‍ അടക്കമുള്ള ലോകശക്തികളെ ഒരുമിച്ച് നിര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഖത്തറാണ്. ഇതിൻെറ ഭാഗമായി ഖത്തര്‍ പ്രധാനമന്ത്രി റഷ്യയും ബ്രിട്ടനും സന്ദര്‍ശിക്കുന്നതിനിടെയാണ് ഗസ്സയിലെ വെടിനിർത്തൽ പ്രഖ്യാപനമെത്തുന്നത്.
ഹമാസ് രാഷ്ട്രീയ വിഭാഗവുമായി നേരിട്ടും, അമേരിക്ക വഴി ഇസ്രായേലുമായും നടത്തുന്ന നിരന്തര ആശയ വിനിമയമാണ് തടവുകാരുടെ കൈമാറ്റവും വെടിനിർത്തലും സാധ്യമാക്കുന്നത്. ഇതുവഴി മേഖലയിൽ ഒന്നരമാസമായി തുടരുന്ന അശാന്തിക്ക് താൽകാലികമായെങ്കിലും ശമനമായെന്ന് ലോകം ആശ്വസിക്കുേമ്പാൾ കൊച്ചു രാജ്യത്തിൻെറ വലിയ നയതന്ത്ര വിജയമായി ഈ ദൗത്യവും അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.