ദോഹ: ഒരു വയസ്സുകാരിയാണ് സനദ് അൽ അറബി. വീണുടഞ്ഞ ചില്ലുപോലെ, തകർന്ന അവളുടെ കുഞ്ഞു മുഖം തുന്നിക്കൂട്ടിക്കെട്ടിയിരിക്കുന്നു. 200ലധികം തുന്നലുകളുണ്ട് ആ ശരീരത്തിൽ. അവളുടെ ഇടതു കൈപ്പത്തി നഷ്ടമായിരിക്കുന്നു. നാവിന്റെ പകുതിയും മുറിഞ്ഞുപോയി. ഇസ്രായേൽ ആക്രമണത്തിൽ അവളുടെ പത്തു കുടുംബാംഗങ്ങളെ നഷ്ടമായപ്പോൾ, ആയുസ്സിന്റെ ബലംകൊണ്ട് അതിജീവിച്ച കുഞ്ഞു സനദിന്റെ കാഴ്ച ആരുടെയും കരളലിയിക്കും. മറ്റൊരാൾ രണ്ടു വയസ്സിൽ താഴെ പ്രായമുള്ള അയ അദ്ഹം കുലാബ് ആണ്. ഇസ്രായേൽ ആക്രമണം കനത്ത ഗസ്സയിൽനിന്ന് അവളുടെ ബന്ധു സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് അയ ശ്രദ്ധ നേടിയത്. വലതു കവിളിൽ ബാധിച്ച ട്യൂമർ വളർന്നു വലുതായിരിക്കുന്നു. യുദ്ധം എല്ലാം നഷ്ടപ്പെടുത്തിയപ്പോൾ അവൾക്ക് ഉറക്കവും ഇല്ലാതായി. വേദന തിന്ന് രാവും പകലും കഴിച്ചുകൂട്ടിയതോടെ, ട്യൂമർ തലയേക്കൾ വലുപ്പത്തിൽ വളർന്നിരിക്കുന്നു. എങ്ങനെയെങ്കിലും ഗസ്സക്ക് പുറത്തെത്തിച്ച് ചികിത്സ ലഭ്യമാക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളിൽ അയയുടെ ചിത്രം പങ്കുവെച്ചത്. യുദ്ധവും ഉപരോധവും പട്ടിണിക്കോലമാക്കിയ ഗസ്സയിലെ കുഞ്ഞുങ്ങളുടെ പ്രതീകമാണ് റഷ അൽവാൻ. പോഷകാഹാരക്കുറവു മൂലം ശരീരമൊട്ടി, കണ്ണുകൾ വലിഞ്ഞ് അസ്തികൂടമായി മാറിയ അവളും ഗസ്സയുടെ ദുരിതത്തിന്റെ പ്രതീകമാണ്.ഈ മൂന്ന് പിഞ്ചോമനകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ കുറിച്ചത് ഇങ്ങനെ...‘ സനദ്, അയ, റാഷ... സർവശക്തനായ ദൈവമേ, അവരുടെ മുറിവുകൾ ഉണക്കി, വേദനകൾ മായ്ച്ച് അവർക്ക് നീ ശമനം നൽകേണമേ...’
ആറു മാസം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിനിരകളാവുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും യുവാക്കളുടെയും മുതിർന്നവരുടെയും വേദനകൾ കാണുന്ന ലോകത്തിന്റെയും പ്രാർഥനയാണിത്. കഴിഞ്ഞ ദിവസം ഗസ്സയിൽ നിന്നും ചികിത്സതേടി ഖത്തറിലെത്തിയ അവസാന സംഘത്തിലെ അംഗങ്ങളാണ് ഈ മൂന്നു പേരും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം തുടരുന്ന ദൗത്യത്തിന്റെ ഭാഗമായാണ് 23ാമത്തെ സംഘം ശനിയാഴ്ച ദോഹയിൽ വിമാനമിറങ്ങിയത്. യുദ്ധത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സംഘത്തിലുണ്ട്. വീൽ ചെയറിലും എയർആംബുലൻസ് സംവിധാനങ്ങളുമൊരുക്കിയാണ് ഇവരെ ദുരിതമണ്ണിൽനിന്നും ഖത്തറിന്റെ സുരക്ഷിത കരങ്ങളിലെത്തിച്ചത്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള സഹായാഭ്യർഥന ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് യുദ്ധഭൂമിയിൽ നിന്നും ഒഴിപ്പിക്കുന്നവരുടെ സംഘത്തിൽ ഇവരെയും ഉൾപ്പെടുത്തിയത്. യുദ്ധത്തെ തുടർന്ന് ഗസ്സയിൽ കുടുങ്ങിയ ഖത്തരി ഐ.ഡിയുള്ള ഫലസ്തീനികളും രക്ഷപ്പെടുത്തിയവരിലുണ്ട്. ദോഹയിലെത്തിയ ഫലസ്തീൻ സംഘത്തെ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. കഴിഞ്ഞ നാലു മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായി നിരവധി പേരെയാണ് ഖത്തർ ചികിത്സക്കായി എത്തിച്ചത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്. 1500 ഫലസ്തീനികൾക്കുള്ള ചികിത്സയാണ് ഖത്തർ അമീർ പ്രഖ്യാപിച്ചിരുന്നത്.3000 അനാഥരുടെ സംരക്ഷണവും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.