ദോഹ: അൽജസീറ മാധ്യമപ്രവർത്തകയായ ഗിവേര ബുഡേരിയെ അന്യായമായി അറസ്റ്റ് ചെയ്യുകയും മർദിക്കുകയും ചെയ്ത ഇസ്രായേൽ അധിനിവേശസേനയുടെ നടപടിയെ അൽജസീറ അപലപിച്ചു. ശനിയാഴ്ച കിഴക്കൻ ജറൂസലമിലെ പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. അൽജസീറ കാമറമാൻ നബീൽ മസ്സവിയുടെ കാമറയും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്കകം മാധ്യമപ്രവർത്തകയെ വിട്ടയച്ചിരുന്നു.
മാധ്യമപ്രവർത്തകയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇസ്രായേൽ ഭരണകൂടത്തിനാണ് ഉത്തരവാദിത്തം. ക്രൂരമായി ആക്രമിച്ച് മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്ത സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായും അൽജസീറ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആക്ടിങ് ജനറൽ ഡയറക്ടർ ഡോ. മുസ്തഫ സവാഖ് പറഞ്ഞു. അൽ ജസീറ മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് ഇസ്രായേൽ ആക്രമിക്കുകയാണ്. അന്താരാഷ്ട്രനിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായ നടപടികളാണ് ഇസ്രായേൽ ഭാഗത്തുനിന്നുണ്ടാകുന്നത്. മാധ്യമപ്രവർത്തകർക്ക് ലഭിക്കേണ്ട മൗലികാവശങ്ങൾ നിഷേധിക്കുന്നുവെന്നും ചാനൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.