ദോഹ: കോവിഡാനന്തര ഖത്തറിലെ ആദ്യ വിദ്യാഭ്യാസ സമ്മേളനമായ വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ എജുക്കേഷന്‍ (വൈസ് 2021) ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ തുടക്കമായി. നേരിട്ടും ഓൺലൈൻ പ്ലാറ്റ്ഫോം വഴിയുമായി 10,000ത്തിലേറെ പേർ പങ്കെടുക്കുന്ന സമ്മേളനം ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ ഉദ്ഘാടനം ചെയ്തു. 'തലമുറകൾ ശബ്ദിക്കുന്നു; വിദ്യാഭ്യാസത്തിലൂടെ ഭാവി വീണ്ടെടുക്കാം' എന്ന പ്രമേയത്തിൽ നടക്കുന്ന രാജ്യാന്തര സമ്മേളനം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്. യുവതലമുറയെ ഏറ്റവും മികച്ച വിദ്യാഭ്യാസത്തിലൂടെയാണ് ശാക്തീകരിക്കപ്പെടേണ്ടതെന്ന് ശൈഖ മൗസ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 'പ്രാഥമിക വിദ്യാഭ്യാസത്തിെൻറ ആദ്യ ഘട്ടം മുതൽ വ്യക്തികളെ അറിവും വൈദഗ്ധ്യവുംകൊണ്ട് ശക്തമാക്കേണ്ടതുണ്ട്. തീരുമാനം എടുക്കുന്നതിലും നടപ്പാക്കുന്നതിലും വെല്ലുവിളികൾ ഏറ്റെടുക്കുന്നതിലും വിദ്യാഭ്യാസം അവരെ പ്രാപ്തരാക്കണം. ഈ വിശ്വാസത്തിലും ലക്ഷ്യത്തിലുമാണ് ഖത്തർ ഫൗണ്ടേഷൻ സ്ഥാപിക്കുന്നതും പ്രവർത്തിക്കുന്നതും' -അവർ പറഞ്ഞു. യുവാക്കളെ കേൾക്കാനും അവരുടെ തീരുമാനങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലകൊടുക്കാനും സമൂഹം തയാറാകണം. അതൊരു തെരഞ്ഞെടുപ്പ് മാത്രമല്ല, ഭാവിയുടെ അനിവാര്യതകൂടിയാണ് യുവാക്കൾക്ക് അവസരം നൽകുക എന്നത് -ശൈഖ മൗസ പറഞ്ഞു.
ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, കുവൈത്തിൽനിന്നുള്ള സിനിമാപ്രവർത്തകയും എഴുത്തുകാരിയുമായ ശൈഖ ഇൻതിസാർ സലിം അൽ അലി അൽ സബാഹ് എന്നിവർ പങ്കെടുത്തു. വിവിധ മേഖലകളിലെ വിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, സംരംഭകർ, സാമൂഹിക പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.