ദോഹ: ഖത്തറിൽനിന്നും പ്രതിദിന സർവിസ് ആരംഭിച്ച് ജപ്പാൻ എയർലൈൻസ്. ദോഹ ഹമദ് വിമാനത്താവളത്തിൽനിന്നും ടോക്യോ ഹനേഡ എയർപോർട്ടിലേക്കാണ് എല്ലാ ദിവസവും സർവിസ് ആരംഭിച്ചത്. മധ്യപൂർവേഷ്യൻ നഗരത്തിൽനിന്നും ജപ്പാൻ എയർലൈൻസിന്റെ ആദ്യ സർവിസിനാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. മാർച്ച് 31 ഞായറാഴ്ച ഹമദ് വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനത്തിന് ഊഷ്മള വരവേൽപ്പാണ് അധികൃതർ ഒരുക്കിയത്. ഖത്തറിന്റെയും മിഡിലീസ്റ്റിന്റെയും വ്യോമയാന ചരിത്രത്തിലെ സുപ്രധാന നേട്ടമായാണ് പുതിയ സർവിസിനെ വിശേഷിപ്പിച്ചത്.
ദോഹ വ്യോമ ഹബിലൂടെ ജപ്പാൻ എയർലൈൻസിനെ മിഡിലീസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി എച്ച്.ഐ.എ ഫിനാൻസ് സീനിയർ വൈസ് പ്രസിഡന്റ് സുജാത സുരി പറഞ്ഞു. ഖത്തറും ജപ്പാനും തമ്മിലെ ഊഷ്മളമായ സൗഹൃദത്തിന്റെയും വിവിധ മേഖലകളിലെ പങ്കാളിത്തത്തിന്റെയും ഭാഗമാണ് ജപ്പാൻ എയർലൈൻസിന്റെ സർവിസ് എന്നും അവർ പറഞ്ഞു. 203 സീറ്റുകളുള്ള ബോയിങ് 787-9 വിമാനമാണ് സർവിസ് ആരംഭിക്കുന്നത്. ദോഹയിലേക്കുള്ള സർവിസിലൂടെ മിഡിലീസ്റ്റ്, യൂറോപ്, ആഫ്രിക്ക, തെക്കൻ അമേരിക്ക തുടങ്ങിയ മേഖലകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാവുമെന്ന് ജപ്പാൻ എയർലൈൻസ് മാനേജിങ് എക്സിക്യൂട്ടിവ് ഓഫിസർ റോസ് ലെഗ്ഗറ്റ് പഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.