ദോഹ: ഖത്തറിന്റെ സമ്പന്നമായ പൈതൃകമാണ് കടലും, കടലിനാൽ ചുറ്റപ്പെട്ട ജീവിതവും. മത്സ്യബന്ധനവും കടലാഴങ്ങളിൽ മുങ്ങിത്തപ്പിയുള്ള മുത്തുവാരലുമായി ജീവിതങ്ങൾ കെട്ടിപ്പടുത്ത നാട്. പാതിവഴിയിൽ നഷ്ടമായ കടലിനൊപ്പമുള്ള ജീവിതത്തെ പുതുതലമുറയിലേക്ക് കൈമാറുന്നതിൽ ശ്രദ്ധേയമാണ് കതാറ കൾചറൽ വില്ലേജിലെ ബീച്ച് വിഭാഗത്തിനുകീഴിൽ കുട്ടികൾക്കായി നടത്തപ്പെടുന്ന അൽ മിന പേൾ ഡൈവിങ് മത്സരം.
കോവിഡ് ഇടവേളക്കുശേഷം തിരിച്ചെത്തുന്ന പേൾ ഡൈവിങ് മത്സരം ഇത്തവണ ജൂൺ 15 മുതൽ 17 വരെ കതാറ ബീച്ചിൽ നടക്കും.
തങ്ങളുടെ പിതാമഹന്മാർ ഉൾപ്പെടെയുള്ള തലമുറയുടെ ജീവിതോപാധിയായിരുന്ന മുത്തുവാരലും കടൽ ജീവിതവും പുതു തലമുറയിലേക്ക് പകരുകയാണ് ലക്ഷ്യമെന്ന് മത്സരത്തിന്റെ സൂപ്പർവൈസർ സഈദ് അൽ കുവാരി പറഞ്ഞു. 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ജൂൺ 10നുമുമ്പായി രജിസ്റ്റർ ചെയ്യാം. മാതാപിതാക്കൾക്കൊപ്പം നിരവധി ഖത്തരി കൗമാരക്കാർ ഇതിനകം ബീച്ച് അഡ്മിനിസ്ട്രേഷനിലെത്തി രജിസ്ട്രേഷൻ ചെയ്തതായി അൽ കുവാരി പറഞ്ഞു.
നിലവിൽ രജിസ്ട്രേഷൻ 30 കടന്നു. മെഡിക്കൽ ഫിറ്റ്നസും ശാരീരിക ക്ഷമതയും പൂർത്തിയാക്കിയാണ് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കുന്നത്. ഇനിയും താൽപര്യമുള്ളവർക്ക് ജൂൺ 10ന് മുമ്പായി ബീച്ചസ് ഡിപ്പാർട്മെന്റിലെത്തി രജിസ്റ്റർ ചെയ്യാം. ജൂൺ 15ന് ‘ദശാ ദിന’ത്തിലാണ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്.
കൗമാരക്കാരായ ഡൈവർമാർ കതാറ ബീച്ചിൽ സംഗമിക്കുകയും വിദഗ്ധരായ സംഘത്തിന്റെ നേതൃത്വത്തിൽ ഡൈവിങ് മത്സരത്തിൽ ഭാഗമാവുകയും ചെയ്യും. ഓരോ 12 പേരുടെ ടീമുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്. നൗകത, മജ്ദാമി, ആർഡിഫ് തുടങ്ങിയ സംഘങ്ങൾ ഓരോ ടീമിനും അകമ്പടിയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.