ദോഹ: മാപ്പിളപ്പാട്ടെഴുത്തിലെ മഹാരഥന്മാർ കുറിച്ചിട്ട വരികൾ കണ്ണൂർ ഷെരീഫിന്റെ ആലാപനത്തിലൂടെയെത്തുമ്പോൾ വേദികൾ ഇളകിമറിയും. രണ്ടു പതിറ്റാണ്ടിലേറെ കാലമായി ലോകമെങ്ങുമുള്ള മലയാളി സംഗീതാസ്വാദകർക്ക് മാപ്പിളപ്പാട്ടെന്നാൽ ഈ കണ്ണൂരുകാരനാണ്. മോയിൻകുട്ടി വൈദ്യർ മുതൽ എസ്.എ. ജമീലും ബാപ്പു വെള്ളിപറമ്പും ഒ.എം. കരുവാരകുണ്ടും ഉൾപ്പെടെ ഇതിഹാസങ്ങളുടെ വരികൾ ഷെരീഫിന്റെ സ്വരമാധുരിയിൽ ഉയരുമ്പോൾ ആസ്വാദക ഹൃദയങ്ങൾ ഒഴുകിയെത്തുന്നതാണ് പതിവ്.
ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി ആയിരക്കണക്കിന് വേദികൾ കീഴടക്കിയ പ്രിയപ്പെട്ട ഗായകൻ കണ്ണൂർ ഷെരീഫിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഖത്തർ.
മാർച്ച് മൂന്നിന് വൈകീട്ട് ആറിന് ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിൽ നടക്കുന്ന ‘മൈക്രോ ചെക്ക് -ഗൾഫ് മാധ്യമം മെലോഡിയസ് മെമ്മറീസ്’ വിരുന്നിലെ പ്രധാനിയും മാപ്പിളപ്പാട്ടിന്റെ സുൽത്താൻ തന്നെ. പലതലമുറകളിലായി സംഗീതാസ്വാദകർ മൂളിനടന്ന ഇമ്പമാർന്ന ഒരു പിടി ഗാനങ്ങളും, ഒപ്പം പുതുതലമുറയിലെ അടിപൊളി ഗാനങ്ങളും ചേർത്തായിരിക്കും കണ്ണൂർ ഷെരീഫ് ദോഹയിലെ സംഗീതാസ്വാദകരെ നൃത്തമാടിക്കുന്നത്.
ഏതാണ്ട് മൂന്നു പതിറ്റാണ്ടുകാലമായി വേദികളിൽ ഷെരീഫിന്റെ സാന്നിധ്യമുണ്ട്. ആയിരങ്ങൾ തിങ്ങിനിറയുന്ന സ്റ്റേജ് ഷോകൾ മുതൽ റിയാലിറ്റി ഷോകളും സിനിമ പിന്നണി ഗാന മേഖലയിലും തിളങ്ങിയ കണ്ണൂർ ഷെരീഫ്
മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഗായകനാണ്. ആത്മാവുള്ള മാപ്പിളപ്പാട്ടുകൾ സമ്മാനിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഏറെ ഹിറ്റായി മാറിയ റിയാലിറ്റി ഷോകൾ നാട്ടിലും മറുനാട്ടിലും അരങ്ങുതകർത്തിരുന്നു. മാപ്പിളപ്പാട്ടുപ്രേമികൾ എന്നും മനസ്സിൽ കാത്തുസൂക്ഷിക്കുന്ന കത്തുപാട്ടുകൾ, എത്രകേട്ടാലും മതിവരാത്ത ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി പുതുമയാർന്ന സംഗീതവിസ്മയം തന്നെയായിരിക്കും ദോഹയിൽ അരങ്ങേറുക. മൂന്നു പതിറ്റാണ്ട് മുമ്പുതന്നെ സ്റ്റേജ് ഷോകളിലൂടെയും ആൽബങ്ങളിലൂടെയും സംഗീതസപര്യ ആരംഭിച്ച കണ്ണൂർ ശരീഫിന്റെ ഗാനങ്ങൾ ജനലക്ഷങ്ങൾ ഹൃദയത്തിലേറ്റിയിട്ടുണ്ട്. റിയാലിറ്റി ഷോയായ ‘മൈലാഞ്ചി’യിലും മറ്റനവധി പരിപാടികളിലും വൈവിധ്യമാർന്ന ഗാനാലാപനത്തിലൂടെ പ്രേക്ഷകരെ രസിപ്പിച്ച വിധികർത്താക്കളിൽ ഒരാളായിരുന്നു ശരീഫ്.
സീ കേരളം ചാനലിലെ സംഗീതപരിപാടിയായ ‘സരിഗമപ കേരളം’ മത്സരാർഥികളെ പരിശീലിപ്പിക്കുന്ന 12 ഉപദേശകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.
അയ്യായിരത്തിലധികം വേദികളിൽ പാടിയ ശരീഫിനെ കേരളത്തിലെയും വിദേശരാജ്യങ്ങളിലെയും നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. കേരള ഫോക്ലോർ അക്കാദമിയുടെ മികച്ച മാപ്പിളപ്പാട്ട് ഗായകനുള്ള പുരസ്കാരം, ‘ഫോം ഖത്തർ’ എരഞ്ഞോളി മൂസ പ്രഥമ കലാപുരസ്കാരം എന്നിവ അവയിൽ ചിലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.