ദോഹ: ഖത്തറിലെ തൊഴിലന്വേഷകർക്കായി നടത്തിയ ‘കരേറ 6.0’ നിരവധി പേർക്ക് ആശ്വാസമായി. ഫോക്കസ് ഇന്റർനാഷനൽ ദോഹ ഡിവിഷൻ നടത്തിയ പരിപാടി ഖത്തർ റിജിയൻ സി.ഇ.ഒ ഹാരിസ് പി.ടി ഉദ്ഘാടനം ചെയ്തു.
ഓരോ നിമിഷവും കടന്നു പോകുന്നത് നിരവധി അവസരങ്ങൾ നൽകിക്കൊണ്ടാണ്, അത്തരം അവസരങ്ങളെ ആത്മവിശ്വാസത്തോടെ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ട് എന്ന് സി.ഇ.ഒ പറഞ്ഞു. സുവർണാവസരങ്ങൾ ഏത് നിമിഷവും വന്നേക്കാം എന്ന് മനസ്സിലാക്കി മനസാന്നിധ്യം കൈവിടാതെ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ദോഹയിലെ യുവ സംരഭകനും മെന്ററും ഡിജിറ്റൽ കൺസൾട്ടന്റുമായ ഫവാസ് മുഹമ്മദ് ക്ലാസെടുത്തു.
ആകർഷകമായ ബയോഡാറ്റ എങ്ങനെ ഉണ്ടാക്കാം, ജോലി അന്വേഷണത്തിന് ഉപയോഗിക്കേണ്ട ഓൺലൈൻ നെറ്റ്വർക്കുകൾ ഏതൊക്കെ, ഇന്റർവ്യൂ ടിപ്സുകൾ, ബിസിനസ് ബന്ധങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രസക്തി തുടങ്ങി ജോലി അന്വേഷകർക്ക് ഉപകരിക്കുന്ന നിരവധി വിഷയങ്ങൾ ട്രൈനർ കൂടിയായ ഫവാസ് മുഹമ്മദ് വിശദീകരിച്ചു.
തുമാമയിലെ ഫോക്കസ് വില്ലയിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഫവാസ് മുഹമ്മദിനുള്ള ഉപഹാരം സി.ഒ.ഒ അമീർ ഷാജി സമ്മാനിച്ചു. ഫോക്കസ് ഇന്റർനാഷനൽ ദോഹ ഡിവിഷൻ ഓപറേഷൻ മാനേജർ മുബാറക്ക് രണ്ടത്താണി നിയന്ത്രിച്ച പരിപാടിയിൽ ഖത്തർ റീജ്യൻ സി.ഒ.ഒ അമീർ ഷാജി, എച്ച്.ആർ മാനേജർ ഫാഇസ് എളയോടത്ത്, ഫസലുർ റഹ്മാൻ മദനി, ഷഫീഖ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
ദോഹ ഡിവിഷണൽ ഭാരവാഹികളായ മുഹമ്മദ് റിസ, ഹസീബ് ഹംസ, മിറാസ് പുളിക്കിയത്ത്, കൂടാതെ മുഹമ്മദ് യൂസുഫ്, അമീനുർ റഹ്മാൻ എ എസ്, ഹമദ് ബിൻ സിദ്ധീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.