ദോഹ: തലമുറകളുടെ കൈമാറ്റത്തിനിടയിൽ കണ്ണിയറ്റുപോകാത്ത കടൽപാട്ടുകളുമായി ‘അൽ നഹ്മ’ മത്സരത്തിന് കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനിൽ തുടക്കമായി. നഹാം അൽ ഖലീജ് എന്ന പേരിലാണ് നാലാമത് അൽ നഹ്മ മത്സരം വെള്ളിയാഴ്ച വൈകുന്നേരം കതാറ ഒപേറ ഹൗസിൽ ആരംഭിച്ചത്. ഏപ്രിൽ 30 വരെ നീളുന്ന കടൽ പാട്ടുകളുടെ മത്സരത്തിൽ മേഖലയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾ മാറ്റുരക്കും. കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി ഉദ്ഘാടനം ചെയ്തു. പണ്ടുകാലങ്ങളിൽ കടലിന്റെ ഏകാന്തതയിലേക്ക് മത്സ്യവും മുത്തുംതേടി പോകുന്ന പൂർവികർ കഠിനമായ ജോലികൾക്കിടയിൽ ആശ്വാസത്തിനായി പാടിയ ഒരുപിടി പാട്ടുകൾ അതേ താളവാദ്യത്തോടെ അരങ്ങിലെത്തുന്ന മത്സരം ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയിലെ തലമുറകളായി നിലനിൽക്കുന്ന പാട്ടും സംഗീത പാരമ്പര്യവും നിലനിർത്താനും, അവക്ക് പ്രചാരം നൽകാനുമുള്ള കതാറയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം മത്സരങ്ങൾ. ജി.സി.സി രാജ്യങ്ങളിലെ നാഗരിക പാരമ്പര്യത്തിൽ ഊന്നൽ നൽകുന്ന നിരവധി സാംസ്കാരിക പരിപാടികൾക്ക് തുടക്കമിട്ടതായും ഡോ. അൽ സുലൈതി പറഞ്ഞു. കടൽ പൈതൃക പാട്ടുകളിലെ പ്രബലരായ മത്സരാർഥികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകുന്ന മത്സരത്തിന്റെ ഭാഗമായി ഖത്തരി സംഗീതജ്ഞൻ ഹമദ് അൽ നഅമയുടെ പരിപാടിയും അരേങ്ങറുന്നുണ്ട്. കതാറ ഡ്രാമ തിയറ്ററിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെയാണ് അൽ നഹ്മ സംഗീതമത്സരം. ഒന്നാമതെത്തുന്നവർക്ക് 50,000 റിയാലാണ് സമ്മാനമായി ലഭിക്കുക. മറ്റു സ്ഥാനക്കാർക്കുമുണ്ട് വൻ സമ്മാനങ്ങൾ. മത്സ്യബന്ധനത്തിനും, മുത്തുവാരാനുമായി പോകുന്ന പായ്കപ്പലുകളിലും വഞ്ചികളിലും പാട്ടുപാടാൻ നിയോഗിക്കുന്ന ആളാണ് ‘നഹം’ എന്നറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.