ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളുമായി കതാറ കൾചറൽ വില്ലേജ്. ഞായറാഴ്ച ആരംഭിച്ച് മൂന്ന് ദിവസം നീളുന്ന വിനോദ, സാംസ്കാരിക പരിപാടികളുടെ വിവരങ്ങൾ കതാറ പ്രഖ്യാപിച്ചു. ‘ദി ഗാർഡൻ ഓഫ് ഡ്രീംസ്’ എന്ന നാടകം ഉൾപ്പെടെ സംഗീത-നാടക പ്രദർശനങ്ങൾ അടക്കം നിരവധി പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ചൈന, സിറിയ, മൊറോക്കോ, ജോർഡൻ എന്നീ രാജ്യങ്ങളിൽനിന്നും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള കലാ സംഘങ്ങളുടെ പ്രകടനവും പരമ്പരാഗത ഖത്തരി അർദാ നൃത്തവും പൊലീസ് മ്യൂസിക് ബാൻഡിന്റെ പ്രത്യേക പ്രദർശനവും അവധി ദിവസങ്ങളിൽ കതാറയിൽ നടക്കും. ചിത്രരചന, നിറം നൽകൽ, കരകൗശല വസ്തുക്കളുടെ നിർമാണം, ഒറിഗാമി തുടങ്ങി കുട്ടികൾക്കായി വിപുലമായ കലാ ശിൽപശാലകളും മത്സരങ്ങളുമാണ് അധികൃതർ ഈദ് ദിനങ്ങളിൽ സംഘടിപ്പിക്കുന്നത്. തെരുവീഥികളിൽ നിയുക്ത സ്ഥലങ്ങളിൽ കതാറ കാറുകളിൽ സന്ദർശകർക്കായി ഈദിയ്യ (ഈദ് സമ്മാനങ്ങൾ) വിതരണം ചെയ്യും. ഈദിന്റെ രണ്ടാം ദിനത്തിൽ ജ്യോതിശാസ്ത്ര പ്രേമികൾക്ക് അറബി, ഇംഗ്ലീഷ് ഭാഷകളിലായി ത്രി-ഡി ചിത്രപ്രദർശനവും സന്ദർശകർക്ക് പ്രതീക്ഷിക്കാം. കതാറയുടെ ആകാശത്ത് രാത്രിയിലെ കരിമരുന്ന് പ്രയോഗമാണ് ഈദാഘോഷങ്ങളിലെ പ്രധാന സവിശേഷതകളിലൊന്ന്. ഞായറാഴ്ച ആരംഭിച്ച് മൂന്ന് ദിവസം രാത്രി 10ന് ആരംഭിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനം 10 മിനിറ്റ് നീളും. കതാറയിലെ ബിൽഡിങ് 18ലെ ഗാലറി 2ൽ റെസിലിയൻസ്, ബിൽഡിങ് 13ലെ സമ്മർ 2 തുടങ്ങിയ കലാ പ്രദർശനങ്ങളും രാവിലെ 10 മുതൽ രാത്രി 10 വരെ തുറന്നിരിക്കും. കതാറ ബീച്ചിലെത്തുന്നവർക്കായി പ്രത്യേക കുടുംബ സൗഹൃദ അന്തരീക്ഷമൊരുക്കുമെന്നും അധികൃതർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.