ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വാർഷിക ഖുർആൻ പാരായണ മത്സരത്തിൽ ജേതാവായി അഫ്ഗാനിസ്താനിൽനിന്നുള്ള മുഹമ്മദ് ഹസൻ സാദെ. അറബ്, ഇസ്ലാമിക് രാഷ്ട്രങ്ങളുടെ ഏറ്റവും വലിയ പ്രാതിനിധ്യമുള്ള കതാറ ഖുർആൻ പാരായണ മത്സരത്തിൽ അഞ്ച് ലക്ഷം റിയാൽ വിലമതിക്കുന്ന സമ്മാനമാണ് മുഹമ്മദ് ഹസൻ സാദെ കരസ്ഥമാക്കിയത്.
മത്സരത്തിൽ ഇറാഖിൽനിന്നുള്ള അഹ്മദ് ജമാൽ അൽ മൻസ്റാവി രണ്ടാം സ്ഥാനവും (മൂന്ന് ലക്ഷം റിയാൽ) ഈജിപ്തിന്റെ അബ്ദുറസാഖ് അഷ്റഫ് സലാഹ് അൽ ഷഹാവി മൂന്നാം സ്ഥാനവും (ഒരു ലക്ഷം റിയാൽ) കരസ്ഥമാക്കി. ഒരു അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമാണെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മുഹമ്മദ് ഹസൻ സാദെ പറഞ്ഞു.
മത്സരത്തിന്റെ ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയ എല്ലാവരും വിജയികളാണെന്നും ലോകോത്തര പ്രതിഭകളെ അവതരിപ്പിച്ച ഈ പരിപാടിയുടെ സംഘാടകരെ അഭിനന്ദിക്കുന്നുവെന്നും രണ്ടാമതെത്തിയ അൽ മൻസ്റാവി പറഞ്ഞു.
അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരങ്ങൾ നടത്തി പരിചയസമ്പത്തുള്ള അംഗങ്ങളുൾപ്പെടുന്ന ജൂറിയെ നൽകിയതിന് സംഘാടകർക്ക് അൽ ഷഹാവി നന്ദി പ്രകടിപ്പിച്ചു.
കതാറ ഖുർആൻ പാരായണ മത്സരത്തിന്റെ ചരിത്രത്തിലാദ്യമായി എല്ലാ അറബ്, ഇസ്ലാമിക രാജ്യങ്ങളുടെയും പങ്കാളിത്തം ഇത്തവണയുണ്ടായിരുന്നുവെന്നത് ആറാമത് പാരായണ മത്സരത്തിനെ സവിശേഷതയുള്ളതാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.