ദോഹ: വിദഗ്ധരും പരിചയസമ്പന്നരുമായ പരിശീലകരുടെ കീഴിൽ കല, വാസ്തുവിദ്യ, കാലിഗ്രഫി ശിൽപശാലകളുമായി കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ. ജൂലൈ 17ന് ആരംഭിക്കുന്ന ശിൽപശാല പരമ്പര സെപ്റ്റംബർ ആദ്യവാരം വരെ തുടരും.
ത്രിമാന പുഷ്പനിർമാണ ശിൽപശാലയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. ജിപ്സം ഉപയോഗിച്ച് അതിശയകരമായ ശിൽപങ്ങളും രൂപങ്ങളും നിർമിക്കാനുള്ള വൈദഗ്ധ്യമാണ് നൽകുന്നത്. 100 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. ത്രിമാന രൂപകൽപനയുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകളിലേക്ക് കടക്കാൻ പങ്കെടുക്കുന്നവർക്ക് സവിശേഷ അവസരം നൽകുന്നതാണിത്.
ജൂലൈ 24 മുതൽ കതാറയിൽ തന്നെ ഹോട്ട് എയർ ബലൂൺ പേപ്പർ ക്രാഫ്റ്റ് ശിൽപശാലയും ആരംഭിക്കും. ഹോട്ട് എയർ ബലൂൺ മോഡലുകൾ നിർമിക്കാനുള്ള അവസരമാണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്. 70 റിയാലാണ് രജിസ്ട്രേഷൻ ഫീസ്.
നസ്ഖ്, തുലുത്ത് ഫോണ്ടുകളിൽ അറബി കാലിഗ്രഫിയിലെ അടിസ്ഥാന പാഠങ്ങൾ അറിയുന്നതിനും പരിശീലിക്കുന്നതിനുമായുള്ള കാലിഗ്രഫി ശിൽപശാല സെപ്റ്റംബർ രണ്ടു വരെ എല്ലാ ശനിയാഴ്ചകളിലും നടക്കും. അറബി കാലിഗ്രഫി മേഖലയിലെ പ്രമുഖനായ ഒബൈദ അൽ ബാങ്കിയാണ് ശിൽപശാലക്ക് നേതൃത്വം നൽകുന്നത്. 17 വയസ്സു മുതലാണ് കാലിഗ്രഫി ശിൽപശാലയിലേക്ക് പ്രവേശനം അനുവദിക്കുക. 500 റിയാലാണ് രജിസ്ട്രേഷൻ ഫീസ്.
ജൂലൈ 26ന് സ്ക്രൂസ് ആൻഡ് ത്രെഡ്സ് ശിൽപശാലക്ക് സാറ യാഖൂബ് നേതൃത്വം നൽകും. സ്ക്രൂകളും നൂലും ഉപയോഗിച്ച് കലാരൂപങ്ങൾ സൃഷ്ടിക്കാനുള്ള വൈദഗ്ധ്യമാണ് ശിൽപശാലയിലൂടെ നൽകുന്നത്. രജിസ്ട്രേഷൻ ഫീസ് 100 റിയാൽ. കാലിഗ്രാഫറും ഫൈൻ ആർട്ടിസ്റ്റുമായ അമ്മാർ അൽ ദസൂഖി കൂഫി ഫോണ്ട് ഉപയോഗിച്ച സംഘടിക്കുന്ന ആർക്കിടെക്ചർ ആൻഡ് കാലിഗ്രഫി പാറ്റേൺ ശിൽപശാല ജൂലൈ 16 മുതൽ ആഗസ്റ്റ് ഒന്നു വരെ എല്ലാ ഞായർ, ചൊവ്വ ദിവസങ്ങളിലും നടക്കും.
വൈകീട്ട് ആറു മുതൽ എട്ടു വരെ നടക്കുന്ന പരിപാടിയിൽ രജിസ്ട്രേഷൻ ഫീസ് 500 റിയാലാണ്. ആഗസ്റ്റ് ആറു മുതൽ എട്ടു വരെയുള്ള ദിവസങ്ങളിൽ അൽഹംബ്ര പാറ്റേണുകളുമായി ബന്ധപ്പെട്ട ശിൽപശാല നടക്കും. വൈകീട്ട് അഞ്ചു മുതൽ ഏഴു വരെയാണ് സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.