'എന്റെ തെറ്റല്ല, എങ്കിലും പോറ്റമ്മ മണ്ണിനോട് മാപ്പപേക്ഷിക്കുന്നു'- ഖത്തർ പ്രവാസിയുടെ കുറിപ്പ്

എല്ലാ മതസ്ഥർക്കും തുല്യ പരിഗണന നൽകുന്ന ഖത്തറിനെ പ്രകീർത്തിച്ചും പ്രവാചകനെ നിന്ദിച്ചുള്ള ബി.ജെ.പി വക്താവിന്റെ വിവാദ പ്രസ്താവനയിൽ ആ മണ്ണിനുണ്ടായ വേദനക്ക് മാപ്പുപറഞ്ഞും ഖത്തർ പ്രവാസിയുടെ ഫേസബുക്ക് കുറിപ്പ്. പോറ്റമ്മ മണ്ണിനുണ്ടായ വേദനക്ക് ഒരു ഇന്ത്യൻ എന്ന നിലയിൽ മനസ്സുകൊണ്ട് മാപ്പപേക്ഷിക്കുന്നു എന്നാണ് മിനി ബെന്നി ഫേസ്ബുക്കിൽ കുറിച്ചത്. യുനീഖ് നഴ്സസ് ഖത്തറിന്റെ വർക്കിങ് പ്രസിഡന്റായ മിനി ബെന്നിയാണ് അത്രയ്ക്കും ബഹുമാനം അനുഭവിക്കുന്ന ദേശത്ത് ദയവായി വർഗീയതയുടെ, അതിലൂടെ വിദ്വേഷത്തിന്റെ വിത്തുകൾ വിതറരുത്‌ എന്ന അപേക്ഷയുമായി രംഗത്തെത്തിയത്.

ജാതിമത നിറവ്യത്യാസങ്ങളുടെ അതിർ വരമ്പുകളില്ലാത്ത ജീവിതമാണ് ഖത്തറിലേതെന്നും ഏതു സാഹചര്യത്തിലും, ഭയപ്പാടേതുമില്ലാതെ ഏതു അർധരാത്രിയിലും ഒരു സ്ത്രീക്കുപോലും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ കഴിയുന്ന രാജ്യമാണിതെന്നും കുറിപ്പിൽ പറയുന്നു. ക്രൈസ്തവ വിശ്വാസികൾക്ക് വേണ്ടി സ്വന്തം മണ്ണ് വീതിച്ചു നൽകി അവിടെ ആരാധനകൾ മുടക്കം കൂടാതെ നടക്കുവാൻ എല്ലാവിധമായ സംവിധാനങ്ങളും ഒരുക്കിയ മഹാരാജ്യമാണ് ഖത്തറെന്നും മിനി ചൂണ്ടിക്കാട്ടുന്നു.

മിനി ബെന്നിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ഞാൻ ഏറ്റവും സ്നേഹിക്കുന്ന, ആദരിക്കുന്ന ഈ പോറ്റമ്മ മണ്ണിനുണ്ടായ വേദനയിൽ, എന്റേതല്ലാത്ത തെറ്റെന്നു പൂർണ്ണ ബോധ്യമുണ്ടെങ്കിലും, ഒരു ഇന്ത്യൻ എന്ന നിലയിൽ മനസ്സുകൊണ്ട് മാപ്പപേക്ഷിക്കുന്നു. തീർത്താൽ തീരാത്ത കടപ്പാടുകളോടെ അനുഗ്രഹപൂർണ്ണമായ ഒരു ജീവിതം സമ്മാനിച്ച പോറ്റമ്മ നാടാണ് ഖത്തർ. ജാതിമത നിറവ്യത്യാസങ്ങളുടെ അതിർ വരമ്പുകളില്ലാത്ത ജീവിതം... ആയതുകൊണ്ടുതന്നെ സംശയാസ്പദമല്ലാത്ത ഏതു സാഹചര്യത്തിലും, ഭയപ്പാടേതുമില്ലാതെ ഏതു അർധരാത്രിയിലും ഒരു സ്ത്രീക്കുപോലും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ കഴിയുന്ന രാജ്യം... എന്നെപ്പോലെയുള്ള സാധാരണക്കാരിൽ അടുത്ത ദിവസങ്ങളിൽ ഏറ്റിരിക്കുന്ന മുറിപ്പാടുകൾ അനിർവചനീയമാണ്.

ഒരു ക്രൈസ്തവ വിശ്വാസിയാണ് ഞാനെങ്കിലും എല്ലാ മതസ്ഥരായ സുഹൃത്തുക്കളും എനിക്കുണ്ട്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, കണ്ടുമുട്ടുമ്പോഴൊക്കെ ഹസ്തദാനത്തിനു പകരം മനസ്സുകൊണ്ട് ആലിംഗനം ചെയ്തു സ്വീകരിക്കാറുള്ള ആത്മമിത്രങ്ങളുണ്ട്. യാതൊരു വിവേചനവും കൂടാതെ, ഒരേ പാത്രത്തിൽ നിന്നും വയറുനിറയെ കയ്യിട്ടു കഴിച്ചിട്ടുമുണ്ട്, ഇന്നും തുടരുന്നുമുണ്ട്... ഒരിക്കലും ജാതിയെന്നോ മതമെന്നോ ഉള്ള ചിന്തകൾ മനസ്സിൽ പോലും ഉണ്ടായിട്ടില്ല...

പോറ്റമ്മ നാടിനെക്കുറിച്ചു എഴുതുവാൻ വാക്കുകൾ മതിയാവില്ല. ഒരു ഇസ്ലാമിക രാജ്യത്തിൽ മറ്റു മതസ്ഥർക്കും തുല്യ പരിഗണന നൽകുന്ന മഹാരാജ്യം. ക്രൈസ്തവ വിശ്വാസികൾക്ക് വേണ്ടി സ്വന്തം മണ്ണ് വീതിച്ചു നൽകി അവിടെ ആരാധനകൾ മുടക്കം കൂടാതെ നടക്കുവാൻ എല്ലാവിധമായ സംവിധാനങ്ങളും ഒരുക്കുന്ന മഹാരാജ്യം. ബുദ്ധിമുട്ടുകൾ ലവലേശം ഉണ്ടാകാതിരിക്കുവാനും പൂർണ്ണ സുരക്ഷ ഉറപ്പാക്കുവാനും രാത്രിയും പകലും സേവനമനുഷ്ഠിക്കുന്ന പൊലീസ് സമൂഹവും, അക്ഷീണം പരിശ്രമിക്കുന്ന സെക്യൂരിറ്റി ജീവനക്കാരും... സ്നേഹമാണ്, ആദരവാണ് ഈ കരുതലിന്... പ്രവർത്തന മേഖലയിൽ പോലും ഇതുവരെ ആരും ജാതി ചോദിച്ചിട്ടില്ല. നാളെയും അങ്ങനെ ആകട്ടെ. അത്രയ്ക്കും ബഹുമാനം അനുഭവിക്കുന്ന ദേശത്തു ദയവായി വർഗീയതയുടെ, അതിലൂടെ വിദ്വേഷത്തിന്റെ വിത്തുകൾ വിതറരുത്‌ എന്നൊരപേക്ഷയുണ്ട്. ജീവിതം നൈമിഷികമാണ്. എന്തിനാണ് വർഗീയ ചിന്തകളും പ്രവർത്തികളും. മനുഷ്യനായി ജീവിക്കാൻ ശ്രമിക്കാം..

Tags:    
News Summary - Kerala expatriate's FB post praising Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.