ദോഹ: ഖത്തറിലെ പ്രവാസി മലയാളികളായ ഫുട്ബാൾ ആരാധകർക്ക് സെവൻസ് ഫുട്ബാളിന്റെ വീറുറ്റ ആവേശം സമ്മാനിക്കാൻ കൊടുവള്ളി ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) ചാമ്പ്യൻഷിപ് വ്യാഴം, വെള്ളി ദിവസങ്ങളിൽ അരങ്ങേറുന്നു. ഖത്തറിൽനിന്നുള്ള കൊടുവള്ളിയിലെ ഫുട്ബാൾ ആരാധകരുടെ കൂട്ടായ്മയായ കെ.എഫ്.എ സംഘടിപ്പിക്കുന്ന മൂന്നാം സീസൺ സെവൻസ് ടൂർണമെന്റ് മുഐദർ സ്പോർട്സ് ക്ലബിൽ നടക്കുമെന്ന് ഭാരാവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദോഹയിലെ പ്രമുഖരായ 16 ടീമുകളാണ് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിൽ മാറ്റുരക്കുന്നത്. വ്യാഴാഴ്ച രാത്രി ഏഴ് മുതൽ 12 വരെയും, വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതലുമായി മത്സരങ്ങൾ പൂർത്തിയാകും. ക്വാർട്ടർ ഫൈനൽ, സെമി, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. വിജയികൾക്ക് 4400 റിയാലാണ് സമ്മാനത്തുക. റണ്ണേഴ്സപ്പ് ടീമിനും മികച്ച സമ്മാനത്തുക നൽകും.
വൈകീട്ട് മാർച്ച് പാസ്റ്റിൽ ഒപ്പന, കോൽക്കളി, വട്ടപ്പാട്ട്, കളരിപ്പയറ്റ് ഉൾപ്പെടെ കലാരൂപങ്ങളും ഖത്തർ മഞ്ഞപ്പടയുടെ വാദ്യമേളവും നിറംപകരും. ഖത്തറിലെ സാമൂഹിക, സാംസ്കാരിക, ബിസിനസ് മേഖലയിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.
ടൂർണമെന്റ് ജനറൽ കൺവീനർ ബഷീർ ഖാൻ, അൽ സുൽത്താൻ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽറഹ്മാൻ കരിഞ്ചോല, സൂഖ് അൽ ബലാദി പ്രതിനിധി അഷ്റഫ്,
വൈസ് ചെയർമാൻ അബ്ദുൽ കരീം, ട്രഷറർ അബ്ദുസ്സമദ്, ചീഫ് കോഓഡിനേറ്റർ ആബിദീൻ വാവാട്, ഫിനാൻസ് മാനേജർ സുഹൈൽ കെ.പി, കോഓഡിനേറ്റർമാരായ നൗഫൽ കെ.പി, നാഫി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.