ദോഹ: ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം (ഖിഫ്) ഖത്തർ ഫുട്ബാൾ അസോസിയേഷനുമായും ഇന്ത്യൻ എംബസിയുമായും ഇന്ത്യൻ സ്പോർട്സ് സെൻററുമായും സഹകരിച്ച് വർഷംതോറും സംഘടിപ്പിക്കുന്ന ഖത്തർ കേരള അന്തർജില്ല ഫുട്ബാൾ ടൂർണമെന്റിന്റെ 14ാം പതിപ്പിന് ഒക്ടോബർ 19ന് വ്യാഴാഴ്ച തുടക്കംകുറിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജി.സി.സിയിൽ ഏറെ സ്വീകാര്യതയുള്ള ഇന്ത്യൻ പ്രവാസി ഫുട്ബാൾ ടൂർണമെന്റ് കോവിഡ് ഇടവേളക്കുശേഷം ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ ജൂലൈ 15നകം രജിസ്റ്റർ ചെയ്യണം. ഖത്തറിൽ സജീവമായി പ്രവർത്തിക്കുന്ന ജില്ല സംഘടനകൾക്കും മുഖ്യധാര സംഘടനകളുടെ ജില്ല ഘടകങ്ങൾക്കുമാണ് രജിസ്റ്റർ ചെയ്യാനാവുക. ക്യു.എഫ്.എ റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
2007 മുതൽ 13 എഡിഷനുകൾ തുടർച്ചയായി സംഘടിപ്പിക്കപ്പെട്ട ടൂർണമെൻറ് കോവിഡ് നിയന്ത്രണങ്ങളും ഫിഫ ലോകകപ്പും കാരണം മൂന്നു സീസൺ മുമ്പ് നിർത്തിവെച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി നാടും നഗരങ്ങളും ഉണരുകയും ലോകത്തെ വിസ്മയിപ്പിച്ച ലോകകപ്പ് ആരവങ്ങളുടെ ആവേശം രാജ്യത്ത് കെടാതെ നിൽക്കുകയും ചെയ്യുന്ന സന്ദർഭത്തിലാണ് പതിനാലാം പതിപ്പിന് തുടക്കം കുറിക്കുന്നത്.
പ്രസിഡന്റ് കെ. മുഹമ്മദ് ഈസയുടെ അധ്യക്ഷതയിൽ ചേർന്ന ഖിഫ് എക്സിക്യൂട്ടിവ് യോഗത്തിൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഷെമീൻ സ്വാഗതം പറഞ്ഞു. നിസ്താർ പട്ടേൽ, സുഹൈൽ ശാന്തപുരം, ഹുസൈൻ കടന്നമണ്ണ, മുഹമദ് ഹനീഫ്, ബഷീർ, അബ്ദുറഹീം, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, നസീർ തുടങ്ങിയവർ സംബന്ധിച്ചു. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾക്ക് 55252219 (ഷെമീൻ) നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.