ദോഹ: 70കാരനായ രോഗിയിൽ റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ. ഉയർന്ന രക്തസമ്മർദവും ദീർഘകാലമായി വൃക്ക രോഗവുമുള്ള ഇയാൾ പെരിറ്റോണിയൽ ഡയാലിസിസിന് വിധേയനാവുകയായിരുന്നു. എച്ച്.എം.സി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുല്ല അൽ അൻസാരിയുടെ മേൽനോട്ടത്തിലായിരുന്നു ഹമദ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. റോബോട്ടിക് ശസ്ത്രക്രിയയിലെ സീനിയർ കൺസൾട്ടന്റും എച്ച്.എം.സിയിലെ സർജിക്കൽ റിസർച് വിഭാഗം ഉപമേധാവിയുമായ ഡോ. ഉമർ അബു മർസൂഖ്, അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയിലെ സീനിയർ കൺസൾട്ടന്റും എച്ച്.എം.സി ഓർഗൻ ട്രാൻസ് പ്ളാന്റേഷൻ വിഭാഗം ഉപമേധാവിയുമായ ഡോ. ഉമർ അലി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇവർക്കൊപ്പം റോബോട്ടിക്, അനസ്തേഷ്യ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരും പങ്കെടുത്തു. സംയോജിത സംഘം ആഴ്ചകളോളം തയാറെടുപ്പുകൾ പൂർത്തിയാക്കിയാണ് ശസ്ത്രക്രിയക്ക് സജ്ജമായതെന്ന് ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു.
രണ്ടര മണിക്കൂർ സമയമെടുത്ത് ഡോവിഞ്ചി റോബോട്ട് ഉപയോഗിച്ചാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. രോഗിയും ദാതാവും തമ്മിലുള്ള പൊരുത്തം ഉറപ്പാക്കിയതിനു ശേഷം മസ്തിഷ്കമരണം സംഭവിച്ച ദാതാവിന്റെ കുടുംബത്തിന്റെ അനുമതിയോടെ പുതിയ വൃക്ക മാറ്റിവെച്ചതായും അൽ അൻസാരി കൂട്ടിച്ചേർത്തു. ശസ്ത്രക്രിയക്ക് വിധേയനായ രോഗി വേഗത്തിൽ സുഖം പ്രാപിച്ചതായും, രണ്ട് ദിവസത്തിനകം നടക്കാൻ സാധിച്ചതായും ഡോ. ഉമർ അബൂ മർസൂഖ് പറഞ്ഞു. സങ്കീർണതകൾക്കുള്ള സാധ്യതകൾ കുറക്കുക, ആശുപത്രിവാസം കുറക്കുക, സാധാരണ ജീവിതത്തിലേക്ക് പെട്ടെന്നുള്ള മടക്കം തുടങ്ങി നിരവധി ഗുണങ്ങളാണ് റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.