ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ കളിയാരവങ്ങൾക്കിടെ ഖത്തറിന്റെ ആകാശത്ത് വർണക്കാഴ്ചകളുമായി പട്ടംപറത്തൽ മേളക്കും തുടക്കമായി. 10 ദിവസം നീണ്ടുനിൽക്കുന്ന വിസിറ്റ് ഖത്തർ പട്ടം പറത്തൽ മേള പഴയ ദോഹ തുറമുഖത്തെ ഗ്രാൻഡ് ക്രൂയിസ് ടെർമിനൽ പരിസരത്താണ് ആരംഭിച്ചത്. വിചിത്രമായ നീരാളികളും വ്യാളികളും മുതൽ ഗാംഭീര്യമുള്ള സിംഹങ്ങൾ വരെ കാഴ്ചക്കാരുടെ ഭാവനകളെ പിടിച്ചിരുത്തുന്ന വൈവിധ്യമാർന്ന പട്ടങ്ങളാണ് ദിനേന ആകാശത്തേക്ക് ഉയരുന്നത്.
ഫെബ്രുവരി മൂന്ന് വരെ തുടരുന്ന മേള പ്രവൃത്തി എല്ലാദിവസവും വൈകിട്ട് മൂന്ന് മുതൽ രാത്രി വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ്. ഇസ്ലാമിക് ആർട്ട് മ്യൂസിയം പരിസരത്ത് നിന്നും പഴയ ദോഹ തുറമുഖത്തേക്ക് മേളയുടെ വേദി മാറ്റിയതും രണ്ടാമത് പതിപ്പിന് മനോഹാരിത വർധിപ്പിക്കും. ഉദ്ഘാടന ദിവസത്തിൽ ഖത്തർ ലോകകപ്പ് 2022ന്റെ ഔദ്യോഗിക ചിഹ്നമായ ലഈബും പട്ടമായി വാനിലുയർന്നിരുന്നു.
ഖത്തർ ടൂറിസത്തിന്റെയും വേദി നൽകുന്ന പഴയ ദോഹ തുറമുഖത്തിന്റെയും പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ വർണങ്ങളിലുള്ള പട്ടം പറത്തൽ, സെലിബ്രേഷൻ പാലസിന്റെ ഇൻഫ്ലാറ്റബിൾസ് ഗെയിംസ് ഏരിയ, അന്താരാഷ്ട്ര രുചിവൈവിധ്യങ്ങളോടെയുള്ള ഫുഡ് കോർട്ട്, ഇഖ്ബാൽ ഹുസൈൻ നയിക്കുന്ന സൗജന്യ പട്ടം നിർമാണ ശിൽപശാല തുടങ്ങി നിരവധി പരിപാടികളാണ് സംഘാടകർ സജ്ജമാക്കിയത്.
വിവിധ രാജ്യങ്ങളുടെ പതാകകളെ പ്രതിനിധീകരിക്കുന്ന പട്ടങ്ങൾ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിക്കും. അതോടൊപ്പം കഴിഞ്ഞ വർഷത്തെ പതിപ്പിനെ അനുസ്മരിപ്പിക്കും വിധത്തിൽ ആകർഷകമായ നൈറ്റ് ഗ്ലോയും തിളങ്ങുന്ന പട്ടങ്ങളും എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഗ്രാൻഡ് ക്രൂയിസ് ടെർമിനലിന് മുന്നിൽ നിന്ന് ആകാശത്തേക്കുയരും.
അഞ്ചാം വയസ്സിൽ പാകിസ്താനി ഫൈറ്റർ പട്ടം നിർമിക്കാൻ പഠിച്ച് പ്രഫഷനൽ പട്ടം പറത്തലുകാരനായ ഇഖ്ബാൽ ഹുസൈനാണ് ശിൽപശാലക്ക് നേതൃത്വം നൽകുക. മുളകൊണ്ടും റീസൈക്കിൾ ചെയ്ത ജാപ്പനീസ് വാഷി പേപ്പറുകൾ കൊണ്ടും പട്ടം നിർമിക്കാൻ വിദഗ്ധനാണ് ഇഖ്ബാൽ ഹുസൈൻ. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും അവരുടെ സ്വന്തം പട്ടം വരക്കാനും നിർമിക്കാനും പെയിന്റ് ചെയ്യാനും ശിൽപശാലയിൽ അവസരം നൽകുന്നു.
പരിസ്ഥിതി സൗഹൃദ പേപ്പറുകളും ബയോഡീഗ്രേഡബിൾ വസ്തുക്കളും ഉപയോഗിച്ച് എങ്ങനെ പട്ടം നിർമിക്കാമെന്നും ശിൽപശാലയിലൂടെ കുട്ടികളെ അഭ്യസിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.