ദോഹ: ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ പോരിലെ രാജാക്കന്മാരായി കെ.എം.സി.സി മലപ്പുറം. വെള്ളിയാഴ്ച രാത്രിയിൽ ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലെ നിറ ഗാലറിയെ സാക്ഷിയാക്കി നടന്ന മത്സരത്തിൽ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ വലയിൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾ നിക്ഷേപിച്ച് മലപ്പുറം സംഘം മീഡിയ വൺ -ഖിഫ് സൂപ്പർ കപ്പ് 15ാം കിരീടത്തിൽ മുത്തമിട്ടു.
ആവേശകരമായ കലാശപ്പോരിൽ രണ്ടാം മിനിറ്റിൽ തുടങ്ങിയ ഗോളടി കെ.എം.സി.സി മലപ്പുറം ഇഞ്ചുറി ടൈം വരെ തുടർന്നു. ബുജൈറായിരുന്നു ആദ്യം സ്കോർ ചെയ്തത്. നസീഫ് (78, 80 മിനിറ്റുകളിലും), അവസാന മിനിറ്റുകളിൽ അമീൻ, ഷംനാദ് എന്നിവരും ഗോളടിച്ചു. നിലവിലെ ജേതാക്കളെന്ന തലയെടുപ്പുമായെത്തിയ തൃശൂർ സംഘത്തെ കളിയുടെ ഒരു ഘട്ടത്തിലും തലയുയർത്താൻ അനുവദിക്കാതെയാണ് മലപ്പുറം വീഴ്ത്തിയത്.
ഒക്ടോബർ അവസാനവാരത്തിൽ കിക്കോഫ് കുറിച്ച് നവംബർ,ഡിസംബർ മാസത്തിലെ തണുപ്പ് കാലത്തിന് കാൽപന്തുകളിയുടെ ചൂട് പകർന്നാണ് ഖിഫ് സൂപ്പർകപ്പിന് വെള്ളിയാഴ്ച രാത്രിയിൽ കൊടിയിറങ്ങിയത്. സംഘാടന മികവും ഒഴുകിയെത്തിയ കാണികളുടെ സാന്നിധ്യവുംകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റ് കളിയിലും മികച്ചു നിന്നു. കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചായിരുന്നു ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചത്. വിവിധ സംഘങ്ങൾക്കായി കേരള സൂപ്പർ ലീഗിലും സന്തോഷ് ട്രോഫിയിലും പിന്തുതട്ടിയ താരങ്ങളും അണിനിരന്നു. ഇതോടെ കളിയുടെ വീറും വാശിയും ആരാധകരിലേക്കും പകർന്നു. സെമിയിൽ കെ.എം.സി.സി കോഴിക്കോടിനെ തോൽപിച്ചായിരുന്നു കെ.എം.സി.സി മലപ്പുറം കലാശപ്പോരാട്ടത്തിന് ഇടംനേടിയത്. ടി.ജെ.എസ്.വി തൃശൂർ യുനൈറ്റഡ് എറണാകുളത്തെയും വീഴ്ത്തി.
വെള്ളിയാഴ്ച രാത്രിയിൽ സമാപന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഗുഡ്‍വിൽ അംബാസഡർ ഗാനിം അൽ മുഫ്തയും മുഖ്യാതിഥികളായി. സമാപനചടങ്ങിനെ ഹൃദ്യമാക്കി സംഗീത വിരുന്നും അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.