ദോഹ: ആറുമാസമായി തുടരുന്ന ദോഹ എക്സ്പോക്ക് ഐക്യദാർഢ്യമർപ്പിച്ച് കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ പരേഡ് സംഘടിപ്പിച്ചു. എക്സ്പോ ഇന്റർനാഷനൽ സോണിൽ വിവിധ സാംസ്കാരിക കലകളുടെ പ്രകടനങ്ങളുടെ അകമ്പടിയോടെയായിരുന്നു ഖത്തറിലെ മലയാളി സമൂഹത്തെ അണിനിരത്തിയ പരേഡ് ഒരുക്കിയത്. എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ചാണ് വിവിധ കമ്യൂണിറ്റികളുടെ നേതൃത്വത്തിൽ പരേഡുകൾ സംഘടിപ്പിക്കപ്പെടുന്നത്.
പരിസ്ഥിതി സൗഹൃദ സന്ദേശമുയർത്തി കെ.എം.സി.സി. ഖത്തർ വിദ്യാർഥി വിഭാഗമായ ഗ്രീൻ ടീൻസ് അവതരിപ്പിച്ച പ്ലക്കാർഡ് പ്രകടനം, വിദ്യാർഥികളുടെ സ്കൈറ്റിങ് അഭ്യാസം, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ കളരിപ്പയറ്റ്, കോൽക്കളി, ദഫ് കളി, മുട്ടിപ്പാട്ട്, ചെണ്ടമേളം, മറ്റു കലാപ്രകടനങ്ങൾ, പ്രഫഷനൽ ഫോറം ഒരുക്കിയ ഹൈഡ്രോ പോണിക്സ് ഫാർമിങ് സിസ്റ്റം പ്രദർശനം എന്നിവ പരേഡ് മികവുറ്റതാക്കി. കെ.എം.സി.സി ഖത്തർ വനിത വിങ്ങിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുടുംബങ്ങളും കുട്ടികളുമടക്കം അണിനിരന്ന് വർണാഭമായ അനുഭവമാണ് പരേഡ് എക്സ്പോ നഗരിക്ക് സമ്മാനിച്ചത്.
കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി, സംസ്ഥാന ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, ആദം കുഞ്ഞി, പി.കെ. അബ്ദുറഹീം, ടി.ടി.കെ. ബഷീർ, അബൂബക്കർ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, അശ്റഫ് ആറളം, താഹിർ താഹാ കുട്ടി, വി.ടി.എം. സ്വാദിഖ്, സൽമാൻ എളയടം, ഷമീർ പട്ടാമ്പി, ഫൈസല്‍ മാസ്റ്റർ കേളോത്ത്, ശംസുദ്ദീന്‍ വാണിമേല്‍, വിവിധ സബ്കമ്മിറ്റി, ജില്ല, മണ്ഡലം, ഏരിയ, പഞ്ചായത്ത്, മുനിസിപ്പൽ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.