ദോഹ: പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് പ്രവാസജീവിതത്തിലേക്ക് കൂടുമാറിയ സ്ത്രീകൾക്ക് തുടർവിദ്യാഭ്യാസത്തിന് സഹായമൊരുക്കാനുള്ള കെ.എം.സി.സി ഖത്തർ വനിത വിങ്ങിന്റെ ‘ഹെർ ഇംപാക്ട്’ പദ്ധതിക്ക് തുടക്കം. റയ്യാൻ പ്രൈവറ്റ് സ്കൂളിൽ വൈകീട്ട് ഏഴിന് ആരംഭിച്ച പരിപാടി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി വിമൻസ് വിങ് പ്രസിഡന്റ് സമീറ അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം ഹുസൈൻ, ഉപദേശകസമിതി ചെയർമാൻ എം.പി ഷാഫി ഹാജി, വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ എന്നിവർ സംസാരിച്ചു. കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികൾ, പ്രവർത്തകർ, പരിപാടിയുടെ പ്രായോജകർ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വിമൻസ് വിങ് ജനറൽ സെക്രട്ടറി സലീന കൂലത്ത് ‘ഹെർ ഇംപാക്ട്’ കാമ്പയിൻ വിശദീകരിച്ചു. വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ മുടങ്ങിയവരോ സാഹചര്യത്തിന്റെ സമ്മർദങ്ങളാൽ യോഗ്യതയുണ്ടായിട്ടും തുടർപഠന സാധ്യതകൾ മുടങ്ങിയവരോ ആയ വനിതകൾക്ക് അവരുടെ സ്വപ്നങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഉപദേശ നിർദേശങ്ങളും സാധ്യമാകുന്ന സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക, ജോലിക്കാരായ വനിതകൾക്ക് അവരുടെ കരിയർ മെച്ചപ്പെടുത്താനുള്ള പരിശീലനം, സോഷ്യൽ- മെന്റൽ കൗൺസലിങ് സപ്പോർട്ട് തുടങ്ങിയ വനിതാ ശാക്തീകരണ പ്രവർത്തനങ്ങളാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. പരിപാടിയോടനുബന്ധിച്ച് ഖത്തറിലെ മുൻനിര ഗായകരെ അണിനിരത്തി സംഗീത നിശ അവതരിപ്പിച്ചു. നൂറിലധികം വരുന്ന മത്സരാർഥികൾ പങ്കെടുത്ത മാസ് മെഹന്തി കോംപിറ്റീഷൻ, ഫോട്ടോഗ്രഫി, കാലിഗ്രഫി, പ്രബന്ധരചന, കളറിങ്, പെയിന്റിങ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
ജനറൽ സെക്രട്ടറി സലീന കൂലത്ത് സ്വാഗതവും ട്രഷറർ സമീറ അൻവർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഡോ. നിഷ, ഡോ. ബുഷറ, മാജിദ, ബസ്മ. റുമീന, അഡ്വൈസറി ചെയർപേഴ്സൻ മൈമൂന തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. വിമൻസ് വിങ് എക്സിക്യൂട്ടിവ് അംഗങ്ങളും ജില്ല, മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.