ദോഹ: വിവിധ കാരണങ്ങളാൽ വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിച്ച് പ്രവാസ ജീവിതത്തിലേക്ക് കുടിയേറിയ സ്ത്രീകളുടെ തുടർവിദ്യാഭ്യാസത്തിന് ഖത്തർ കെ.എം.സി.സി വനിത വിങ് അവസരമൊരുക്കുന്നു. ജോലിചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ കരിയർ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം ഉൾപ്പെടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ‘ഹെർ ഇംപാക്ട് സീസൺ വൺ’ പരിപാടിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും വെള്ളിയാഴ്ച വൈകീട്ട് 6.30ന് റയാൻ പ്രൈവറ്റ് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയോടനുബന്ധിച്ച് വൈകീട്ട് നാല് മുതൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത നൂറിലധികം വനിതകൾ പങ്കെടുക്കുന്ന മെഹന്തി മത്സരവും മറ്റു പരിപാടികളും നടക്കും. പരിപാടിയുടെ ഭാഗമായി നടന്ന ഫോട്ടോഗ്രഫി, കാലിഗ്രാഫി, പ്രബന്ധ രചന, കളറിങ്, പെയിന്റിങ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും വിധികർത്താക്കളെ ആദരിക്കലും നടക്കുമെന്നും സംഘാടകർ അറിയിച്ചു. തുടർന്ന് ഖത്തറിലെ പ്രമുഖ ഗായകരെ അണിനിരത്തിയുള്ള സംഗീത പരിപാടിയും അരങ്ങേറും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, ട്രഷറർ പി.എസ്.എം. ഹുസൈൻ, ഉപദേശകസമിതി ചെയർമാൻ എം.പി. ഷാഫി ഹാജി, വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ, വനിത വിങ് പ്രസിഡന്റ് സമീറ നാസർ, ജനറൽ സെക്രട്ടറി സലീന കൂലത്ത്, ട്രഷറർ സമീറ അൻവർ, കെ.എം.സി.സി വിവിധ ഘടകങ്ങളിലെ ഭാരവാഹികൾ, പ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും .
ഖത്തറിൽ ജീവിക്കുന്ന പ്രവാസി വനിതകളുടെ തുടർവിദ്യാഭ്യാസം ഉൾപ്പെടെ, മാനസിക സമ്മർദം ലഘൂകരിക്കാനുള്ള കൗൺസലിങ്, അവർക്കാവശ്യമായ മറ്റു മാർഗനിർദേശങ്ങൾ എന്നിവ നൽകുന്നതിന് വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വനിതകളുടെ പ്രത്യേക വിങ് രൂപവത്കരിച്ചാണ് ‘ഹെർ ഇംപാക്ട്’ പ്രവർത്തിക്കുകയെന്ന് വനിത വിങ് പ്രസിഡന്റ് സമീറ നാസർ, ജനറൽ സെക്രട്ടറി സലീന കൂലത്ത് എന്നിവർ പറഞ്ഞു. ഇതിനായി അനുവദിക്കുന്ന പ്രത്യേക ക്യൂ.ആർ കോഡ് വഴി സ്ത്രീകൾക്ക് സഹായം തേടാവുന്നതാണ്. വാര്‍ത്ത സമ്മേളനത്തില്‍ ഡോ. അബ്ദുസ്സമദ്, ഹുസൈന്, മൈമൂന, സലീം നാലകത്ത്, സലീന കൂലത്ത്, സമീറ അബ്ദുന്നാസര്‍, സമീറ പി.കെ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.