ദോഹ: കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ ഖത്തർ സന്ദർശനത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി. ദുബൈയിൽ ശനിയാഴ്ച ആരംഭിക്കുന്ന ഏഷ്യ കപ്പ് മത്സരത്തിന്‍റെ തയാറെടുപ്പിനിടെയാണ് ഏതാനും ദിവസം മുമ്പ് കോഹ്ലി ലോകകപ്പ് നഗരിയിലെത്തിയത്. ഖത്തർ ടൂറിസത്തിന്‍റെ അതിഥിയായാണ് താരം സന്ദർശനത്തിനെത്തിയത്. സ്പോർട്സ് മ്യൂസിയം, ആസ്പറ്റാൽ ആശുപത്രി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചായിരുന്നു മടക്കം. ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ശൈഖ് അബ്ദുൽ അസിസ് ബിൻ സൗദ് ആൽഥാനി കോഹ്ലിക്ക് ഖത്തർ ക്രിക്കറ്റ് ടീം ജഴ്സിയും സമ്മാനിച്ചിരുന്നു. 'ഖത്തറിലെ മഹത്തായ ദിവസം. ചില അതിമനോഹരമായ കൂടിക്കാഴ്ചകളും സംഭാഷണങ്ങളുമായി നിറഞ്ഞ നഗരം. തീർച്ചയായും തിരികെ വരും' എന്ന കുറിപ്പോടെ ഖത്തർ ടൂറിസത്തെ ടാഗ് ചെയ്തായിരുന്നു കോഹ്ലി ചിത്രങ്ങൾ പങ്കുവെച്ചത്.
3-2-1 ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിന്‍റെ ഉപഹാരം സ്വീകരിക്കുന്നതും ഖത്തർ ടൂറിസം സി.ഇ.ഒ അക്ബർ അൽ ബാകിറിനൊപ്പമുള്ള ചിത്രവും ലുസൈൽ ടവറിന്‍റെ പശ്ചാത്തലത്തിൽ ബാറ്റിങ്, ആസ്പറ്റാർ ഹോസ്പിറ്റൽ സന്ദർശനം തുടങ്ങിയ ചിത്രങ്ങളാണ് കോഹ്ലി പങ്കുവെച്ചത്. മുൻ ആസ്ട്രേലിയൻ ഫുട്ബാളറും ഖത്തർ ലോകകപ്പ് അംബാസഡറുമായ ടിം കാഹിലും കോഹ്ലിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.