ദോഹ: ആകാശ അതിരുകൾ കടന്ന് നുഴഞ്ഞുകയറിയ മൈനകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഖത്തർ. വിളകൾ നശിപ്പിച്ചും മറ്റു പക്ഷികളെ ആക്രമിച്ചും രാജ്യത്തിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് ആഘാതമായി മാറിയ മൈനകൾക്കെതിരെ സന്ധിയില്ലാത്ത ‘യുദ്ധം’ തന്നെ ആരംഭിച്ചിരിക്കുകയാണ് ഖത്തർ പരിസ്ഥിതി മന്ത്രാലയം. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് പറന്നെത്തി കുടിയേറിയവർ, തിരിച്ചു പോകുന്നില്ല എന്നു മാത്രമല്ല, ഖത്തറിന്റെ പരിസ്ഥിതിക്കു തന്നെ മുറിവേൽപിക്കും വിധം വളർന്നതോടെയാണ് മന്ത്രാലയം രംഗത്തിറങ്ങിയിരിക്കുന്നത്. 2022 നവംബറിൽ ആരംഭിച്ച മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ഇതുവരെയായി 8800 മൈനകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയതായി ഖത്തർ പരിസ്ഥിതി മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയായി മൈനകൾക്കെതിരായ നടപടികൾ കൂടുതൽ സജീവമാക്കി. നാലു മാസത്തിനിടെ നാലായിരത്തിലേറെ മൈനകളെയാണ് പിടികൂടിയത്. രാജ്യത്തിന്റെ 20 മേഖലകളിൽ നിന്നായി പിടികൂടിയ മൈനകളെ 200ലേറെ കൂടുകളിൽ അടച്ചാണ് മന്ത്രാലയം സംരക്ഷിക്കുന്നത്. 2022 നവംബറിൽ ആരംഭിച്ച മൈനവേട്ടയിൽ ഒരു വർഷം കൊണ്ട് 3000ത്തിലേറെ എണ്ണത്തെയാണ് അധികൃതർ കൂട്ടിലടച്ചത്.
കാഴ്ചയിൽ നിസ്സാരനും നിരുപദ്രവകാരിയുമെങ്കിലും പരിസ്ഥിതിക്ക് ഇവൻ വലിയ ശല്യക്കാരനായാണ് വിലയിരുത്തുന്നത്. ആക്രമണാത്മക സ്വഭാവം കാരണം മറ്റു പക്ഷി വർഗങ്ങളുടെ നിലനിൽപുതന്നെ ഭീഷണിയാവുന്നു. ഇന്റർനാഷനൽ യൂനിയൻ ഓൺ കൺസർവേഷൻ ഓഫ് നാച്വർ (ഐ.യു.സി.എൻ) പഠനപ്രകാരം ലോകത്തെതന്നെ ഏറ്റവും ആക്രമണ സ്വഭാവമുള്ള പക്ഷിയായാണ് മൈനകളെ കണക്കാക്കുന്നത്. ഫാമുകളിലും തോട്ടങ്ങളിലും വിളകൾ നശിപ്പിക്കുക മാത്രമല്ല, മലേറിയ, പകർച്ച വ്യാധികൾ ഉൾപ്പെടെ രോഗങ്ങൾ പടർത്താനും ശേഷിയുണ്ട്. രോഗം പകർത്തുന്നത് പ്രാദേശിക പക്ഷി-ജീവ വർഗങ്ങളുടെ വംശനാശത്തിനും കാരണമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. രാജ്യാതിർത്തികളും കടലും കടന്ന് പറന്നെത്തുന്ന മൈനകളുടെ എണ്ണം പെരുകിയതോടെ, 2023 വർഷാവസാനത്തോടെയാണ് പരിസ്ഥിതി മന്ത്രാലയം നടപടി ശക്തമാക്കിയത്.
ഖത്തർ സായുധസേനയുടെ പരിസ്ഥിതി ഡയറക്ടറേറ്റ്, ആസ്പയർ സോൺ ഫൗണ്ടേഷൻ, ഖത്തർ യൂനിവേഴ്സിറ്റി, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ എന്നിവയുമായി സഹകരിച്ചാണ് സമഗ്ര മൈനവേട്ട പദ്ധതി നടപ്പാക്കുന്നത്. നിരീക്ഷിക്കാനും പിടികൂടാനും വേണ്ട രൂപത്തിൽ ഇവയെ തുരത്താനുമെല്ലാമായി മികച്ച ഫീൽഡ് വർക് സംഘത്തെയും സജ്ജമാക്കി. പൂർണമായും ഇവയുടെ വരവ് തടയുകയും പെരുപ്പം നിയന്ത്രിക്കുകയും രാജ്യത്തെ പക്ഷി-ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയുമെല്ലാം മന്ത്രാലയം നേതൃത്വത്തിലെ സമിതിയുടെ ചുമതലയാണ്. കഴിഞ്ഞ നവംബറിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കതാറയിൽനിന്ന് 1600 മൈനകളെയാണ് പിടികൂടിയത്. ഉം സലാൽ അലി പാർക് 155, ബർസാൻ ഒളിമ്പിക് പാർക് 179, സലാൽ മുഹമ്മദ് പാർക് 148, നാസർ ബിൻ അബ്ദുല്ല അൽ അതിയ പാർക് 155, ഇസ്ഗാവ ഫാമിലി പാർക് 170, കോർണിഷ് 593 എന്നിങ്ങനെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.