ദോഹ: ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി എന്ന പ്രമേയത്തിൽ ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ പ്രദർശനം എക്സ്പോ ദോഹ 2023ന് പിന്തുണയുമായി കുവൈത്ത്. എക്സ്പോക്ക് ഖത്തർ തലസ്ഥാന നഗരമായ ദോഹ ആതിഥേയത്വം വഹിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പറഞ്ഞു.കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനെ പ്രതിനിധീകരിച്ച് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 78ാമത് സെഷനിൽ ശൈഖ് അഹ്മദ് നവാഫ് നടത്തിയ പ്രസംഗത്തിനിടെയാണ് ഖത്തറിൽ നടക്കാനിരിക്കുന്ന എക്സ്പോക്ക് പിന്തുണ പ്രഖ്യാപിച്ചത്. ദോഹ എക്സ്പോയിൽ കുവൈത്തും പവിലിയൻ ഒരുക്കുന്നുണ്ട്.
മരുഭൂമികളെ ഹരിതവത്കരിക്കുന്ന ആശയങ്ങളും ചർച്ചകളുമായി ശ്രദ്ധേയമാവുന്ന എക്സ്പോയിൽ വിവിധ വിഷയങ്ങളുമായാണ് കുവൈത്ത് പങ്കാളികളാകുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം തന്നെ കുവൈത്ത് പവിലിയൻ കമീഷണർ ജനറലും പരിസ്ഥിതി പബ്ലിക് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറലുമായ സാമിറ അൽ കന്ദാരി ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചിരുന്നു. പ്രമേയംകൊണ്ടുതന്നെ ഏറെ കാലികപ്രസ്കതമാണ് ദോഹ എക്സ്പോ എന്നായിരുന്നു അവരുടെ പ്രതികരണം. മരുഭൂ വത്കരണം തടയുന്നതിലും പരിസ്ഥിതിസംരക്ഷണവും കാർഷികാഭിവൃദ്ധികളുമായി ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള പങ്കാളികളുടെ അനുഭവ സമ്പത്തുകൾ കേൾക്കുന്നതും അറിയുന്നതും ഏറെ പ്രധാനമാണ്. പുതിയകാലത്തെ വെല്ലുവിളികൾ നേരിടാനുള്ള അവസരമാവും -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.