ദോഹ: ഇത് ലൈബ അബ്ദുൽ ബാസിത് എന്ന കുഞ്ഞുമിടുക്കിയുടെ കഥയാണ്. മാഹിയിലെ പെരിങ്ങാടിയിൽനിന്ന് ഖത്തറിലെത്തിയ അബ്ദുൽ ബാസിതിൻെറയും നാദാപുരം പാറക്കടവുകാരി തസ്നീം മുഹമ്മദിൻെറയും മകൾ 10 വയസ്സുകാരിയായ ലൈബ. അതിരുകളില്ലാത്ത എഴുത്തുലോകത്തേക്ക് ചിറകുവിരിച്ച് പറക്കാൻ ഒരുങ്ങുന്ന കൊച്ചുമിടുക്കി. കുഞ്ഞുനാളിൽ കൂടെ കൂട്ടിയ വായനയെ, ഇപ്പോൾ കഥകളാക്കി മാറ്റി വായനസമൂഹത്തിന് സമർപ്പിച്ചതിൻെറ ത്രില്ലിലാണ് അവൾ. കുട്ടിക്കാഴ്ചകളും ഭാവനകളും വിതറിയ 'ഓർഡർ ഓഫ് ദി ഗാലക്സി, ദി വാർ ഫോർ ദി സ്റ്റോളൻ ബോയ്' എന്ന ഇംഗ്ലീഷ് പുസ്തകത്തിൻെറ പ്രസിദ്ധീകരണാവകാശം നേടിയത് ചില്ലറക്കാരല്ല. ലോകത്തെ ഓൺലൈൻ വിപണിയെ നിയന്ത്രിക്കുന്ന ആമസോൺ തന്നെ. ജൂൈല 11ന് ഓൺലൈനിൽ ലഭ്യമായിത്തുടങ്ങിയ പുസ്തകത്തിന് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽതന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ദോഹ ഒലീവിയ ഇൻറർനാഷനൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് പെരിങ്ങാടി സദഖത്ത് ഹൗസിൽ ലൈബ. പുതുതലമുറ വിഡിയോ ഗെയിമുകളിൽ തളച്ചിടപ്പെടുന്ന കാലത്ത് പുസ്തകങ്ങളായിരുന്നു ലൈബയുടെ കൂട്ട്. ജെ.കെ റൗളിങ്ങും ആൻഫ്രാങ്കും എനി ബ്ലിറ്റനും ഉൾപ്പെടെയുള്ള എഴുത്തുകാരായിരുന്നു ഏറ്റവും പ്രിയപ്പെട്ടവർ. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ച കാലം മുതൽ തുടങ്ങിയ വായന ലോകത്തേക്ക് ഇവരിൽ ഓരോരുത്തരെയായി തേടിപ്പിടിച്ചു. ഹാരി പോട്ടറും ഫേമസ് ഫൈവും ആൻഫ്രാങ്കിൻെറ ഡയറിക്കുറിപ്പുകളും പലകുറി വായിച്ചു. വല്ലുപ്പമാരായ മുഹമ്മദ് പാറക്കടവും കെ.എം. അബ്ദുറഹീമും പകർന്നുനൽകിയ വായനശീലമായിരുന്നു മകളിലുമെന്ന് ഓയിൽ മേഖലയിൽ ജോലിചെയ്യുന്ന പിതാവ് അബ്ദുൽ ബാസിത് പറയുന്നു.
മടിയില്ലാത്ത വായന, ഇവരെ പോലെ എഴുതാനുള്ള മോഹവും കൊച്ചു മിടുക്കിയിൽ വളർത്തി. ആദ്യം സ്വന്തം ഭാവനകളെ പേപ്പറുകളിലാക്കി വീട്ടിലെ ചുമരുകളിൽ നിറച്ചു. പിന്നെയാണ് ഡയറികളിലേക്കും ശേഷം ലാപ്ടോപ്പിലേക്കും മാറിയത്. എഴുതിക്കൂട്ടിയ കഥകൾക്ക് മാതാപിതാക്കളെ തന്നെ ആദ്യ വായനക്കാരാക്കി. ശേഷം, ഖത്തർ സർവകലാശാലാ പ്രസിലേക്ക് അയച്ചെങ്കിലും അനുകൂലമായ പ്രതികരണമൊന്നും കണ്ടില്ല. പിന്നെ, ഒരു ഭാഗ്യപരീക്ഷണമെന്ന നിലയിലായിരുന്നു ആമസോണിന് സമർപ്പിച്ചത്. 72 മണിക്കൂറിനകം വിവരം അറിയിക്കാമെന്ന പ്രതികരണത്തിനു പിന്നാലെ അവർ കാത്തിരുന്ന വിശേഷവുമെത്തി.
ലോകത്തെ മുൻനിര ഓൺലൈൻ വിതരണക്കാർതന്നെ കുഞ്ഞു ലൈബയുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് ഏറ്റിരിക്കുന്നു. സ്വന്തം വിവരണങ്ങൾ നൽകിയതും ബുക്ക് കവർ തിരഞ്ഞെടുത്തതുമെല്ലാം ലൈബ തന്നെ.അടുത്ത ദിവസം തന്നെ ഇ-ബുക്ക് ഇറക്കിയ ആമസോൺ, പിന്നാലെ പേപ്പർബാക്ക് കോപ്പിയും വിൽപനക്ക് തയാറാക്കി.
80 പേജുകളിലായി 12 അധ്യായങ്ങൾ അടങ്ങിയതാണ് പുസ്തകം. ആമസോൺ പുറത്തിറക്കിയ ഇ- ബുക്കിന് 2.99 ഡോളറും പേപ്പർ ബാക്കിന് 16.13 ഡോളറുമാണ് വില നിശ്ചയിച്ചത്. ഇന്ത്യയിൽ ഇ–ബുക്ക് 50 രൂപക്ക് ലഭ്യമാവും.
ആദ്യ കഥ പുറത്തിറങ്ങിയ ആവേശത്തിൽ പുതിയ നോവലുകളുടെ പണിപ്പുരയിലാണ് കുഞ്ഞുമിടുക്കി. അധികം വൈകാതെതന്നെ അവയും പുറത്തിറങ്ങുമെന്ന് അവർ ഉറപ്പുനൽകുന്നു. എന്തായാലും വായനക്കാർക്ക് കാത്തിരിക്കാം. പ്രതീക്ഷ നൽകുന്ന ഒരു ആംേഗ്ലാ ഇന്ത്യൻ എഴുത്തുകാരിയായി മാഹി പെരിങ്ങാടിയിൽനിന്ന് ഒരു കുഞ്ഞുതാരം ഉയർന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.