ദോഹ: ഖത്തറിലെ ചലച്ചിത്ര പ്രേമികളുടെ ഉത്സവമായ അജ്യാൽ ഫിലിം ഫെസ്റ്റിൽ ഇത്തവണയെത്തുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 66 സിനിമകൾ. നവംബർ 16 മുതൽ 23 വരെ നടക്കുന്ന 12ാമത് മേളയിൽ 42 രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ ഇത്തവണ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫലസ്തീനില്‍ നിന്നും ആറ് സിനിമകളാണ് ആസ്വാദകർക്ക് മുന്നിലെത്തുന്നത്. കതാറ, സിക്കാത് വാദി മുശൈരിബ്, ലുസൈല്‍, ഫെസ്റ്റിവല്‍ സിറ്റിയിലെ വോക്സ് സിനിമാസ് എന്നിവയാണ് പ്രദര്‍ശന വേദികള്‍. പ്രദർശനത്തിനുള്ള 66ൽ 18 എണ്ണം ഫീച്ചര്‍ ചിത്രങ്ങളാണ്. വനിതാ സംവിധായകരുടെ 24 ചിത്രങ്ങളാണ് ഇത്തവണയുള്ളത്.
26 അറബ് സിനിമികൾ പ്രദർശനത്തിന്റെ സവിശേഷതയാണ്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നിര്‍മിച്ച 14 ചിത്രങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ട്. ഫലസ്തീന് ജനതയുടെ ജീവിതവും പോരാട്ടവും യാതനകളും പറയുന്നവയാണ് യുദ്ധ പശ്ചാത്തലത്തിൽ പ്രദർശിപ്പിക്കുന്ന ആറ് ചിത്രങ്ങൾ.
ഇതില്‍ നാലെണ്ണം ഹ്രസ്വചിത്രങ്ങളാണ്. മേളയുടെ ഭാഗമായി ഓപണ്‍ എയര്‍ സിനിമാ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് അജ്യാൽ സിനിമാ പ്രദർശനം റദ്ദാക്കിയിരുന്നു.
‘കല ഒരു ചെറുത്തു നിൽപ് കൂടിയാണ്. 2024 അജ്യാൽ പ്രദർശനം നമ്മൾ നിശ്ശബ്ദരാവരുത് എന്ന ഓർമപ്പെടുത്തലുമായാണ് ആസ്വാദകരിലെത്തുന്നത്.
മുനഷ്യത്വം മുമ്പെങ്ങുമില്ലാത്ത വിധം ആക്രമിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോഴും, നിരപരാധികൾ കൊല്ലപ്പെടുമ്പോഴും യഥാർഥ മനുഷ്യത്വവും സഹാനുഭൂതിയും പ്രതിഫലിപ്പിക്കുകയാണിവിടെ’ -ഫെസ്റ്റിവൽ ഡയറക്ടറും ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒയുമായ ഫാത്മ ഹസൻ അൽ റിമൈഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.