ദോഹ: ഷോപ്പിങ്ങിന്റെ തിരക്കിനിടയിലും സ്വസ്ഥമായിരുന്ന് പുസ്തകങ്ങൾ വായിക്കാനൊരു ഇടം സ്ഥാപിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രാലയവും ഖത്തർ നാഷനൽ ലൈബ്രറിയും. ലുസൈലിലെ പ്ലേസ് വെൻഡോം മാളിലാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വായന കോർണറിന് തുടക്കംകുറിച്ചത്. വ്യാഴാഴ്ച ആരംഭിച്ച വായന ഇടം സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കും. ഖത്തർ നാഷനൽ ലൈബ്രറിയുടെ ഖത്തർ റീഡ്സ് പ്രോഗ്രാമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പുസ്തക വായനയും ഒപ്പം വായിക്കാൻ പുസ്തകങ്ങൾ കടമെടുക്കാനും സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ആഡംബര മാളിലെ വായന ഇടത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്കും അവരവരുടെ താൽപര്യത്തിനനുസരിച്ച പുസ്തക വായനയിൽ മുഴുകാനും സാഹിത്യ സംവാദ, ചർച്ചകളിൽ ഏർപ്പെടാനും പുതിയ മേഖലകളെ പരിചയപ്പെടാനുമുള്ള മികച്ച അന്തരീക്ഷം കൂടിയായിരിക്കും പ്ലേസ് വെൻഡോം മാളിലെ വായന ഇടം.
അറിവും വിജ്ഞാനവും പ്രചരിപ്പിക്കാനും സമൂഹത്തിന്റെ നിലവാരം ഉയർത്താനും വിവിധ സംരംഭങ്ങളുടെ ഭാഗമാണ് ഈ ഉദ്യമമെന്നും മികച്ചൊരു വായന സംസ്കാരം വളർത്തിയെടുക്കാൻ വഴിയൊരുക്കുമെന്നും സാംസ്കാരിക മന്ത്രാലയത്തിലെ ലൈബ്രറി വകുപ്പ് മേധാവി ജാസിം അഹ്മദ് അൽ ബൂഐനൈൻ പറഞ്ഞു.
പുസ്തകങ്ങളിലേക്ക് എല്ലാ തലമുറയെയും ആകർഷിക്കാനും വായനയോടുള്ള ഇഷ്ടം വളർത്തിയെടുക്കാനും വയന ഇടം വഴിയൊരുക്കും. രാജ്യത്തെ സാംസ്കാരികവും ബൗദ്ധികവുമായ വളർച്ചയെ പിന്തുണക്കുകയാണ് മന്ത്രാലയം ചെയ്യുന്നത് -അൽ ബുഐനൈൻ കൂട്ടിച്ചേർത്തു.
പൊതുജനങ്ങൾ വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതിനും അവസരമുണ്ടാകും. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ വിവിധ ഖത്തരി പ്രസാധകരുടെ പുസ്തകങ്ങളും ഇവിടെ പ്രദർശിപ്പിക്കും.
വായനക്കും പഠനത്തിനുമായി കുടുംബങ്ങളെ ഒരുമിപ്പിച്ച് സാമൂഹികബന്ധം ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ട് ഫാമിലി റീഡിങ് പ്രോഗ്രാം ഉൾപ്പെടെ ഖത്തർ റീഡ്സിന്റെ വിവിധ പരിപാടികളെയും സംരംഭങ്ങളെയും അടുത്തറിയാനുള്ള അവസരവും വായന ഇടം സന്ദർശകർക്ക് നൽകും. ഖത്തരി ഗ്രാഫിക് ഡിസൈനറും കലാകാരിയുമായ സൈനബ് അൽ ഷൈബാനിയുടെ കലാസൃഷ്ടികളും അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.