ദോഹ: ലോകത്തിന്റെ ഏത് കോണിലായാലും വോട്ടെടുപ്പ് കാലം നാട്ടിലെത്തുമെന്നതാണ് ഖത്തറിലെ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് കൂടിയായ എ.പി. മണികണ്ഠന്റെ പതിവ്. ആ പതിവിന് ഇത്തവണയും മാറ്റമൊന്നുമില്ല. ഖത്തറിലെ തിരിക്കുകൾക്ക് അവധി നൽകി, നാലു ദിവസം മുമ്പുതന്നെ സ്വന്തം തട്ടകത്തിലെത്തുകയും, തൃശൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമാവുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ആരവമുയർന്നു കഴിഞ്ഞാൽ വലപ്പാട് പഞ്ചായത്തിലെ ആ പഴയ സംസ്ഥാന റെക്കോഡുകാരനായ പഞ്ചായത്ത് പ്രസിഡന്റായി മാറും. പിന്നെ, സഹപ്രവർത്തകർക്കൊപ്പം വീടുകൾ കയറി വോട്ടു ചോദിച്ചും, വോട്ടഭ്യർഥിച്ചുള്ള യാത്രകളും കൺവെൻഷനുകളുമായി സജീവമാകും. 1995ൽ തന്റെ 25ാം വയസ്സിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തു പ്രസിഡന്റായി സ്ഥാനമേറ്റ് സ്വന്തമായി തന്നെ തെരഞ്ഞെടുപ്പ് മേൽവിലാസമുണ്ട് എ.പി. മണികണ്ഠന്. സ്കൂൾ, കോളജ് പഠന കാലയളവിൽ ആരംഭിച്ച സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തുടർച്ചയായിരുന്നു അതെന്ന് അദ്ദേഹം ഓർക്കുന്നു.
‘തെരഞ്ഞെടുപ്പെന്നാൽ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക 1982ലെ കേരള നിയമസഭ തെരഞ്ഞെടുപ്പ് കാലമാണ്. അന്ന് സ്കൂൾ വിദ്യാർഥിയായിരുന്നു. കെ.എസ്.യുവിലൂടെ രാഷ്ട്രീയം ഇഷ്ടമായി തുടങ്ങിയപ്പോഴാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടില ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസിന്റെ സിദ്ദാർഥൻ കാട്ടുങ്ങലിനുവേണ്ടി സൈക്കിൾ പ്രചാരണ റാലിയിൽ കുട്ടികളായ ഞങ്ങളും അണി ചേർന്നു. മുതിർന്നവർക്കൊപ്പം വോട്ടഭ്യർഥിച്ചുകൊണ്ട് നടന്നു നീങ്ങുന്നത് വലിയ അഭിമാനമായിരുന്നു. നമ്മളും വളർന്ന് രാഷ്ട്രീയ പ്രവർത്തകരായെന്ന് തോന്നും. പിന്നെ, കോളജിലെത്തിയതോടെ കെ.എസ്.യുവിൽ സജീവമായി. ജില്ല, സംസ്ഥാന ഭാരവാഹിത്വമുള്ളതിനാൽ പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പിലും രംഗത്തിറങ്ങും. യൂത്തുകോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെ ആണ് 1995ലെ തദ്ദേശ തെരഞ്ഞെടുപ്പെത്തുന്നത്. ദീർഘകാലമായി ഇടതുപക്ഷം ഭരിച്ച വലപ്പാട് പഞ്ചായത്തിൽ കൃത്യമായ ആസൂത്രണത്തോടെ ഞങ്ങൾ ചെറുപ്പക്കാരുടെ ഒരു സംഘം പ്രവർത്തനം ആരംഭിച്ചു.
അതിന്റെ നേട്ടം തെരഞ്ഞെടുപ്പ് ഫലത്തിലുമുണ്ടായി. മികച്ച വിജയം നേടിയതോടെ 25ാം വയസ്സിൽ ഞാൻ പഞ്ചായത്ത് പ്രസിഡന്റായി പുതിയ റെക്കോഡും കുറിച്ചു. അഞ്ചുവർഷം ഭരിച്ചാണ് പടിയിറങ്ങിയത്. ആ കാലത്തെല്ലാം തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തിന്റെ എല്ലാ ദിക്കിലുമെത്തിയും പ്രചാരണ പരിപാടികളുടെ ഭാഗമാവുമായിരുന്നു. 2005ൽ നാട്ടിലെ പൊതുപ്രവർത്തനത്തിന് താൽകാലിക വിരാമം കുറിച്ച് ഖത്തറിലേക്ക് പ്രവാസിയായെത്തിയെങ്കിലും ഒരു തെരഞ്ഞെടുപ്പും പാഴാക്കിയിട്ടില്ലെന്നത് അഭിമാനം നൽകുന്നു. ത്രിതല പഞ്ചായത്തിലും നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിലുമെല്ലാം നാട്ടിലെത്തി പ്രചാരണ പരിപാടികളിൽ പങ്കാളിയായി ആ ആവശേത്തിനൊപ്പം നിൽക്കും. ആ പതിവ് ഇത്തവണയും മുടക്കിയിട്ടില്ല’ - എ.പി. മണികണ്ഠൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.