ദോഹ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യവാർഷിക ദിനാഘോഷത്തിൽ 'ഇന്ത്യ ഉത്സവ്' ഫെസ്റ്റുമായി ലുലു ഹൈപർമാർക്കറ്റ്. ഞായറാഴ്ച ഖത്തറിലെ അൽ ഖറാഫ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ് ഇൻറർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, വിവിധ മന്ത്രാലയം പ്രതിനിധികൾ, ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡൻസ്ട്രി ഭാരവാഹികൾ, ബാങ്ക് പ്രതിനിധികൾ ഉൾപ്പെടെ വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു.75ാം സ്വാതന്ത്ര്യ വാർഷിക ദിനത്തോടനുബന്ധിച്ച് ആരംഭിച്ച 'ഇന്ത്യ ഉത്സവ്'
ഇന്ത്യയും ഖത്തറും തമ്മിലെ ദീർഘനാളത്തെ സൗഹൃദ പങ്കാളിത്തതിൻെറ ആഘോഷമായി അടയാളപ്പെടുത്തുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അംബാസഡർ പറഞ്ഞു. ഇന്ത്യ-ഖത്തർ സൗഹൃദത്തിലെ പതാകവാഹകരാണ് ലുലു ഗ്രൂപ് എന്ന് വിശേഷിപ്പിച്ച അംബാസഡർ, ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫിനെ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറെന്നും വിശേഷിപ്പിച്ചു.
ലോകത്തിൻെറ വിവിധ ഭാഗങ്ങളിലെ ലുലു ഹൈപർമാർക്കറ്റുകളിൽ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയപ്രാധാന്യമുള്ള ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തുടരുന്ന ഫെസ്റ്റിവലാണ് 'ഇന്ത്യ ഉത്സവ്'. സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷികത്തിലെ ഈ ആഘോഷം ഏറെ വിശേഷപ്പെട്ടതാണെന്ന് ഡോ. അൽതാഫ് പറഞ്ഞു.
പ്രാദേശിക ഉൽപന്നങ്ങൾ, പരമ്പരാഗത ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾ, പാചക വൈവിധ്യങ്ങൾ, കൈത്തറി ഉൽപന്നങ്ങൾ തുടങ്ങിയവ ലോകമെങ്ങും പരിചയപ്പെടുത്താനുള്ള അവസരമാണിതെന്നും, വർഷത്തിൽ രണ്ടുതവണ എന്നോണം കഴിഞ്ഞ കുറെ വർഷങ്ങളായി ലുലു ഗ്രൂപ് നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച നീളുള്ള 'ഇന്ത്യ ഉത്സവ്' ഫെസ്റ്റിൽ ഇന്ത്യൻ ഭക്ഷണം, പാചക രീതികൾ, പഴം-പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, സാരികൾ, മറ്റു വസ്ത്രങ്ങൾ എന്നിവ മികച്ച ഓഫറുകളിൽ ലഭ്യമാവും. അയ്യായിരത്തോളം ഉൽപന്നങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ഇറക്കുമതി ചെയ്യുന്നത്.
'ഇന്ത്യ ഉത്സവിൻെറ' ഭാഗമായി ഇന്ത്യൻ സിൽക്, പരമ്പരാഗത വസ്ത്രങ്ങൾ എന്നിവയുടെ വിൽപന അംബാസഡറുടെ ഭാര്യ ഡോ. അൽപ്ന മിത്തൽ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.