ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയവും പൊതു ശുചിത്വ വകുപ്പും ലുലു ഹൈപ്പർമാർക്കറ്റും സഹകരിച്ച് ലോക പ്ലാസ്റ്റിക് ബാഗ് രഹിത ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് വക്റ മുനിസിപ്പാലിറ്റിയും ലുലു ഹൈപ്പർമാർക്കറ്റും ചേർന്ന് ഉറവിടത്തിൽനിന്ന് മാലിന്യ തരംതിരിക്കൽ പരിപാടി സംഘടിപ്പിച്ചു.
ജൂലൈ 1, 2 തീയതികളിൽ ലുലു ഹൈപ്പർമാർക്കറ്റ് എസ്ദാൻ ഒയാസിസിൽ നടത്തിയ പ്ലാസ്റ്റിക് ബാഗ് രഹിത ദിന ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായിരുന്നു പരിപാടി. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, മാലിന്യങ്ങൾ - പ്രത്യേകിച്ച് പ്ലാസ്റ്റിക്കുകൾ, റീസൈക്ലിങ് കണ്ടെയ്നറുകളിലേക്ക് ശരിയായി തരംതിരിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം. കാമ്പയിനിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കും പരിപാടിയിൽ പങ്കെടുത്തവർക്കും പുനരുപയോഗിക്കാവുന്ന ബാഗുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
പരിസ്ഥിതി ഉത്തരവാദത്തിന്റെയും സുസ്ഥിര പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയുടെയും ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് സ്റ്റോറുകളിൽ ബയോ ഡീഗ്രേഡബിൾ ബാഗുകൾ സ്ഥിരമായി ഉപയോഗിക്കുന്നു. പരിപാടിയിൽ, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഉപഭോക്താക്കളുമായി ഇടപഴകുകയും കണ്ടെയ്നറുകളിലേക്ക് മാലിന്യങ്ങൾ ശരിയായ രീതിയിൽ തരംതിരിക്കുന്നതിനെക്കുറിച്ചും പ്ലാസ്റ്റിക്കുകളുടെ ശരിയായ സംസ്കരണത്തെക്കുറിച്ചും മാർഗനിർദേശം നൽകുകയും ചെയ്തു. മാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട കാമ്പയിനിന്റെ രണ്ടാംഘട്ടം ഏതാനും മാസം മുമ്പ് മുനിസിപ്പാലിറ്റി മന്ത്രാലയം ആരംഭിച്ചിരുന്നു. പുനരുപയോഗിക്കാവുന്ന വസ്തുക്കളും ജൈവമാലിന്യങ്ങളും നിക്ഷേപിക്കാൻ വീടുകളിൽ പ്രത്യേക പാത്രങ്ങൾ നൽകുന്നത് കാമ്പയിനിന്റെ ഭാഗമാണ്. സംസ്കരണത്തിനും തരംതിരിക്കലിനും ആവശ്യമായ ഉപകരണങ്ങളും അറിവും നൽകുന്നതിലൂടെ മാലിന്യത്തിന്റെ പാരിസ്ഥിതികാഘാതം ഗണ്യമായി കുറക്കാൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന സമീപനമാണ് ലുലു ഹൈപ്പർ മാർക്കറ്റ് എന്നും സ്വീകരിക്കുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. ബയോ ഡീഗ്രേഡബിൾ ബാഗുകളുടെ ഉപയോഗം മുതൽ പുനരുപയോഗിക്കാവുന്ന ഉൽപന്നങ്ങളുടെ പ്രോത്സാഹനം വരെ ഇതിന്റെ ഭാഗമായി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.