ദോഹ: ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ഖത്തർ സൊസൈറ്റി ഫോർ റിഹാബിലിറ്റേഷൻ ഓഫ് സ്പെഷൽ നീഡ്സിന് പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റ്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ‘ക്യൂ.എസ്.ആർ.എസ്.എന്നിന് ലുലു വൻ സാമ്പത്തിക പിന്തുണ നൽകുന്നത്.
ബുധനാഴ്ച ഡി റിങ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ഒരു ലക്ഷം റിയാലിന്റെ ചെക്ക് അധികൃതർക്ക് കൈമാറി. ലുലു ഗ്രൂപ് റീജനൽ മാനേജർ ഷാനവാസ് പടിയത്ത് ഖത്തർ സൊസൈറ്റി ഫോർ റീഹാബിലിറ്റേഷൻ ഓഫ് സ്പെഷൽ നീഡ്സ് പബ്ലിക് റിലേഷൻസ് കോഓഡിനേറ്റർ ധേയാ ഖാലിദ് അൽ ഷംറിക്ക് ചെക്ക് കൈമാറി. ചടങ്ങിൽ ലുലു ഗ്രൂപ് ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു.
സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരും പ്രത്യേക പരിഗണന ആവശ്യമുള്ളവരുമായ വിഭാഗത്തിന്റെ ഉന്നമനത്തിന് പിന്തുണ നൽകുക എന്ന ലുലു ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ക്യൂ.എസ്.ആർ.എസ്.എന്നിനുള്ള സി.എസ്.ആർ സംഭാവന. ഭിന്നശേഷിക്കാർ ഉൾപ്പെടെ ദുർബല വിഭാഗങ്ങളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയത്തിന് കീഴിൽ രണ്ടു പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഖത്തർ സൊസൈറ്റി ആർ.എസ്.എൻ. പ്രത്യേക പരിഗണന ആവശ്യമായ വ്യക്തികൾക്കായി സാമൂഹികവും മാനസികവും വിദ്യാഭ്യാസപരവും ശാരീരികവുമായ വശങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ പുനരധിവാസം സുഗമമാക്കുന്നതിനുള്ള ദൗത്യത്തിലാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്.
മേഖലയിലെ മുൻനിര ഹൈപ്പർമാർക്കറ്റ് എന്നതിനൊപ്പം സാമൂഹിക മേഖലയിലെ പുരോഗതിക്കുവേണ്ടിയുള്ള ലുലു ഗ്രൂപ്പിന്റെ ഇടപെടൽ കൂടിയാണ് സി.എസ്.ആർ ഫണ്ടുകളിലൂടെയുള്ള കൈത്താങ്ങ്. ഓരോ വർഷങ്ങളിലും സമാനമായ വിവിധ സാമൂഹിക സ്ഥാപനങ്ങൾക്കും ലുലു പിന്തുണ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.