ദോഹ: വിഖ്യാത ഇന്ത്യൻ ചിത്രകാരൻ എം.എഫ്. ഹുസൈൻ എന്ന മഖ്ബൂൽ ഫിദാ ഹുസൈൻ അന്തരിച്ചിട്ട് 2021 ജൂൺ ഒമ്പതിന് പത്ത് വർഷം പൂർത്തിയായി. ജന്മനാട്ടിൽ നിന്ന് 2006ലാണ് ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളുടെ ഭീഷണിമൂലം അദ്ദേഹത്തിന് ഓടിേപ്പാകേണ്ടി വന്നത്. പിന്നീട് അവസാനംവരെ താങ്ങും തണലുമായത് ഖത്തറായിരുന്നു.
2010ൽ ഖത്തർ പൗരത്വം നൽകി ആദരിച്ചു. അദ്ദേഹത്തിെൻറ പെയിൻറിങ്ങുകളുടെ വിവിധ പ്രദർശനങ്ങൾ മരണത്തിനു ശേഷവും വിവിധയിടങ്ങളിലായി ഖത്തർ നടത്തിവരുന്നുണ്ട്.മരണത്തിനു ശേഷവും അതുല്യകലാകാരന് വിദേശനാട് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.ഇന്ത്യയിലേക്ക് തിരിച്ചുപോകണമെന്ന് ഏറെ ആശിച്ചിരുന്നു, അക്കാര്യം തുറന്നുപറയുകയും ചെയ്തു.
ലണ്ടനിലെ റോയൽ ബ്രോംടൺ ആശുപത്രിയിൽ 2011 ജൂൺ ഒമ്പതിനായിരുന്നു ആ മാന്ത്രികവിരലുകൾ നിശ്ചലമായത്. ഹുസൈെൻറ അവസാന കലാസൃഷ്ടിയായ 'സീറൂ ഫില്‍ അര്‍ദ്' (നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക) എന്ന ഇൻസ്റ്റലേഷൻ പൂർത്തിയാക്കി സ്ഥാപിച്ചത് ഖത്തർ ഫൗണ്ടേഷനാണ്. ഖത്തർ എജുക്കേഷന്‍ സിറ്റി സെൻററിലെ അറബ് മ്യൂസിയം ഒാഫ് മോഡേൺ ആർട്ടിൽ (മതാഫ്) അദ്ദേഹത്തോടുള്ള ആദരാഞ്ജലിയായി പെയിൻറിങ്ങുകളുടെ പ്രദർശനം ഈയടുത്ത് നടന്നിരുന്നു.
ഖത്തർ-ഇന്ത്യ സാംസ്കാരിക വർഷാഘോഷത്തിെൻറ ഭാഗമായി നടത്തിയ 'എം.എഫ് ഹുസൈൻ, സൂര്യെൻറ കുതിരകൾ' (M.F Hussain, Horses of the Sun) പ്രദർശനം ഏറെ ശ്രദ്ധേയമായിരുന്നു. മൂന്നു വിഭാഗങ്ങളിൽ മൂന്നുഹാളുകളിലായിരുന്നു പ്രദർശനം നടത്തിയത്. ഹുസൈൻ ആദ്യമായി ചിത്രകലയിൽ പ്രവേശിച്ചതിെൻറ വിവരണങ്ങളും അക്കാലത്തെ പെയിൻറിങ്ങുകളുമായിരുന്നു 'ദാർ' അഥവാ 'വാതിൽ' വിഭാഗത്തിൽ. അദ്ദേഹം ആദ്യമായി ദൃശ്യകലകളിലേക്ക് പ്രവേശിച്ചത് സിനിമയിലൂടെയാണ്.
ഇരുപതുകളായിരുന്നു അപ്പോൾ പ്രായം. 1937ൽ കുടുംബത്തിൽ നിന്നകന്ന് ബോംബെയിൽ എത്തിയ നാളുകൾ. വ്യാമോഹങ്ങളുടെയും ഭീതിയുടെയും മഹാനഗരത്തിൽ അദ്ദേഹം സിനിമ പരസ്യബോർഡുകളുടെ പെയിൻററായി ജോലി ചെയ്തു. ആ കാലഘട്ടമാണ് ഈവിഭാഗത്തിലുള്ള പെയിൻറിങ്ങുകളിൽ. കലാകാരെൻറ വീടും കുട്ടിക്കാലവും പറയുന്നതാണ് 'ബൈത്ത്' അഥവാ 'വീട്' എന്ന വിഭാഗത്തിലെ പെയിൻറിങുകൾ.
ഹുസൈെൻറ ദേശാന്തരീയ യാത്രകളുടെ കഥകളാണ് 'മൻസിൽ' വിഭാഗത്തിലുള്ളവ. നെല്ലാരു ശിൽപി കൂടിയായിരുന്നു ഹുസൈൻ എന്ന് തെളിയിക്കുന്ന കൊത്തുപണികളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
എം.എഫ്. ഹുസൈെൻറ അവസാന കലാസൃഷ്ടിയായ 'സീറൂ ഫില്‍ അര്‍ദ്' (നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക) എന്ന പെയിൻറിങ് കലാസൃഷ്ടി പൂർത്തിയാക്കാതെയാണ് ഹുസൈൻ ലണ്ടനിൽ മരണത്തിന് കീഴടങ്ങിയത്. അദ്ദേഹം ഉള്പ്പെടുത്തുമായിരുന്ന എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവം ഉള്‍പ്പെടുത്തിയാണ് 'സീറൂ ഫില്‍ അര്‍ദ്' എന്ന ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയത്. ഇത് എജുക്കേഷൻ സിറ്റിയിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു.
അറബ് സംസ്ക്കാരത്തെ കുറിച്ചുള്ള ഹുസൈെൻറ സമഗ്ര പദ്ധതിയുടെ ഭാഗമായിരുന്നു അത്. അല്ലാഹുവിെൻറ 99 നാമങ്ങള്‍ അടങ്ങിയ പെയിൻറിങ് സീരിസും അറബ് മേഖലയുടെ ചരിത്രത്തോടൊപ്പമുള്ള മനുഷ്യ സംസ്കാരത്തിെൻറ പുരോഗതിയും പറയുന്നതാണ് ചിത്രങ്ങള്‍.
പ്രകൃതിയേയും യന്ത്രങ്ങളേയും ഉപയോഗപ്പെടുത്തി അറബ് മേഖലയിലെ ജനങ്ങള്‍ എങ്ങനെയൊക്കെയാണ് തങ്ങളുടെ ആഗ്രഹങ്ങളിലേക്ക് യാത്ര പോയതെന്ന് ചിത്രം പറയുന്നുണ്ട്. യൂറോപ്യന്‍ നവോത്ഥാന കാലത്തും അതിനുമുമ്പും അറബ് ജനത എത്രമാത്രം പരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്തിയാണ് തങ്ങളുടെ ചിന്തകളെ ഉദ്ദീപിപ്പിച്ചതെന്നും ചിത്രത്തിലൂടെ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.