ദോഹ: വീട്ടു ഭാഷയിലെഴുതിയ വരികളിലൂടെ ആസ്വാദന ഹൃദയങ്ങളിൽ ചിന്തയുടെ കൊടുങ്കാറ്റ് വീശിയ കവിതകളും കവിയും അറബ് വായനലോകത്ത് ചർച്ചയായ നാളുകൾ. മലയാളികളുടെ പ്രിയങ്കരനായ കവി വീരാൻ കുട്ടിയുടെ രചനകളായിരുന്നു ഖത്തർ സാംസ്കാരിക വകുപ്പിനു കീഴിലെ ഖത്തരി ഫോറം ഫോർ ഒാതേഴ്സിലെ കഴിഞ്ഞ ദിവസം ചർച്ചാ മേശയിലെത്തിയത്. മലയളി വിവർത്തകനും എഴുത്തുകാരനുമായ സുഹൈൽ വാഫി അറബിയിലേക്ക് മൊഴിമാറ്റിയ വീരാൻ കുട്ടിയുടെ തിരഞ്ഞെടുത്ത കവിതകളെ (അസ്ദാഉസ്സുംത് -നിശ്ശബ്ദതയുടെ മുഴക്കങ്ങൾ) അടിസ്ഥാനമാക്കിയുള്ള ചർച്ച, അറബ് സാഹിത്യ ലോകത്തേക്ക് മലയാളി എഴുത്തുകാർക്കുള്ള ഒരു വാതിൽപ്പടി കൂടിയായി മാറി.
ഓതേഴ്സ് ഫോറത്തിന്റെ പുസ്തകവും എഴുത്തുകാരനും എന്ന സംഭാഷണ പരിപാടിയിൽ കഴിഞ്ഞദിവസം അതിഥിയായെത്തിയത് ഖത്തർ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ സുഹൈൽ വാഫിയായിരുന്നു. ഇതിനകം, നിരവധി മലയാള കൃതികൾ അറബിയിലേക്ക് വിവർത്തനം ചെയ്ത് ശ്രദ്ധനേടിയ ഇദ്ദേഹത്തിന്റെ വീരാൻകുട്ടിക്കവിതകളായിരുന്നു ചർച്ചക്കായി തിരഞ്ഞെടുത്തത്.
സാംസ്കാരിക മന്ത്രാലയം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി സംപ്രേഷണം ചെയ്ത പരിപാടിയിലേക്ക് ആദ്യമായാണ് ഒരു മലയാളി എഴുത്തുകാരനും കൃതിയുമെത്തുന്നത്. ഖത്തർ-ഇന്ത്യ സാംസ്കാരിക വർഷത്തിന്റെ ഭാഗമായി 2020ൽ സാംസ്കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ച വീരാൻകുട്ടിയുടെ കവിതകളായിരുന്നു ഖത്തറിലെ മുതിർന്ന സാംസ്കാരിക പ്രവർത്തകനും ചിന്തകനുമായ സാലിഹ് ഗുറയ്ബ് അൽ ഉബൈദലിയുമായുള്ള ചർച്ചയിലെ ഇതിവൃത്തം.
ലളിത മലയാളത്തിൽ ചുരുങ്ങിയ വാക്കുകളിലൂടെ വലിയ കാര്യങ്ങൾ സംസാരിച്ച വരികളുടെ അകത്തളങ്ങളിലേക്ക് കയറിച്ചെല്ലുന്നതായിരുന്നു സാലിഹ് ഗുറയ്ബുമായുള്ള സംഭാഷണമെന്ന് സുഹൈൽ വാഫി പറയുന്നു. അറബിയിലേക്ക് മൊഴിമാറ്റുമ്പോൾ ഭാഷയിലും ആശയത്തിലും നേരിട്ട വെല്ലുവിളികൾ, ഓരോ കവിതയുടെയും ആശയ സമ്പന്നത തുടങ്ങിയ വിവിധ വിഷയങ്ങളിലും സംഭാഷണമുണ്ടായി.
ഓരോ ആശയവും ഉദാഹരണ സഹിതം വിശദീകരിക്കാൻ അവസരം നൽകിയായിരുന്നു ചർച്ച. ഇത്തരം സംവിധാനങ്ങൾ, മലയാള സാഹിത്യ രചനകളെ അറബ് ആസ്വാദകരിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുന്നതിന് സഹായകമാവുമെന്ന് സുഹൈൽ വാഫി പറയുന്നു.
വീരാൻകുട്ടിയുടെ കവിതകളെക്കുറിച്ച് ഇനിയും വിശദമായ ചർച്ചകളാകാമെന്ന് അഭിപ്രായപ്പെട്ടായിരുന്നു സാലിഹ് ഗുറയ്ബ് ചർച്ചക്ക് സമാപനം കുറിച്ചത്.
മലയാളത്തിൽ ഏറെ ശ്രദ്ധേയമായ രചനകളെ അറബിയിലേക്ക് മൊഴിമാറ്റിയ എഴുത്തുകാരൻകൂടിയാണ് സുഹൈൽ വാഫി. ബി.എം സുഹറയുടെ 'ഇരുട്ട്'നോവൽ ഖത്തർ സാംസ്കാരിക വകുപ്പിലൂടെ നേരേത്ത അറബിയിൽ പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലെ ബെസ്റ്റ് സെല്ലറായി മാറിയ ബിന്യാമിന്റെ 'ആടുജീവിതം'അയ്യാമുൽ മാഈസ് എന്ന പേരിൽ അറബിയിലേക്ക് മൊഴിമാറ്റിയപ്പോൾ അത് ഗൾഫ് മേഖലയിലെ സാഹിത്യ പ്രേമികൾക്കിടയിലും സ്വീകാര്യത നേടി. ചില രാജ്യങ്ങളിൽ വിവാദമായെങ്കിലും, വായനക്കാർ തേടിയെത്തിയ കൃതി കുവൈത്ത് മക്തബത് അഫാഖ് ആണ് പ്രസിദ്ധീകരിച്ചത്. മൂന്നാം പതിപ്പാണ് അടുത്തിടെ പുറത്തിറക്കിയത്. പ്രമുഖ നോവലിസ്റ്റ് ദലാൽ ഖലീഫ ഉൾപ്പെടെയുള്ളവരുടെ പ്രശംസയും നേടിയിരുന്നു. ബഷീറിന്റെ ബാല്യകാല സഖിയും കൽപറ്റ നാരായണന്റെ കവിതകളും സുഹൈൽ വാഫി മൊഴിമാറ്റിയിട്ടുണ്ട്.
വിദ്യാഭ്യാസ പ്രവർത്തകനും വാഫി വഫിയ്യ ജനറൽ സെക്രട്ടറിയുമായ പ്രഫ. അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ മകനാണ് സുഹൈൽ വാഫി.
ദോഹ: പ്രാദേശിക ഭാഷയിൽ പുറത്തിറക്കിയ ഒരു കവിത, അറബ് ലോകത്തെ ശ്രദ്ധേയമായൊരു വേദിയിൽ വീണ്ടും ചർച്ചചെയ്യപ്പെട്ടുവെന്നത് മലയാള ഭാഷക്കുള്ള അംഗീകാരമാണെന്ന് കവി വീരാൻകുട്ടി 'ഗൾഫ് മാധ്യമ'ത്തോട് പ്രതികരിച്ചു. അരനൂറ്റാണ്ടിലേറെയായി മലയാളികളുമായി ശക്തമായ ബന്ധം പുലർത്തുന്ന നാടാണ് ഗൾഫ് രാഷ്ട്രങ്ങൾ. അവർ നമ്മുടെ സാഹിത്യത്തെ കൂടി സ്വീകരിക്കുന്നു എന്നത് മഹത്തരമാണ്. കവിതയെന്നത് ഒരു ആഗോളഭാഷയിൽ സംസാരിക്കുന്ന മാധ്യമമാണ്. പ്രാദേശിക ശൈലികൾക്കും ഭാഷക്കുമപ്പുറം ഏത് ദേശക്കാരനുമായും അത് സംവദിക്കുന്നുണ്ട്. അറബ് നാട്ടിലും നമ്മുടെ കവിതകൾ വായിക്കുന്നുവെന്നത് മലയാള സാഹിത്യത്തിനും അഭിമാനമാണ്.
കവിതയുടെ ആശയമോ മൂല്യമോ ചോരാതെയാണ് സുഹൈൽ വാഫിയുടെ മൊഴിമാറ്റം. കവിതയെ തിരിച്ചറിയുന്ന ഒരാളുടെ വിവർത്തനം എന്നനിലയിൽ അദ്ദേഹത്തിന്റെ മൊഴിമാറ്റം ശ്രദ്ധേയമാണെന്നതിന്റെ അംഗീകാരം കൂടിയാണ് ഇത്തരം ചർച്ചാ വേദികൾ -കവി വീരാൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.