ദോഹ: ചെടികളൂടെ വളർച്ച മണ്ണില്ലാതെ സാധ്യമല്ലെന്നാണ് പൊതു ധാരണ. എന്നാൽ മണ്ണ് ഒരു തരിയില്ലാതെയും ആവശ്യമായ എല്ലാ പോഷകമൂല്യങ്ങളും ശരിയായി ലഭിച്ചാൽ ചെടിയെ ആരോഗ്യകരമായി വളർത്താനാകുമെന്ന് അഗ്രിക് ടെക് പ്രദർശന ഹാളിലെത്തുന്ന സന്ദർശകരെ ബോധ്യപ്പെടുത്തുകയാണ് ഒരു മലയാളി സ്റ്റാർട്ട് അപ് സ്ഥാനം. തൃശൂരിലെ പൂത്തോളിലെ വീട്ടിൽ ആരംഭിച്ച് പുതു സ്വപ്നങ്ങൾ കാണുന്ന ‘ലോങ്ലാസ്റ്റ്’എന്ന സ്ഥാപനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിവിധ വിദേശരാജ്യങ്ങളിൽനിന്നുള്ളവരെ ആകർഷിക്കുന്നു.
മണ്ണില്ലാതെയും കൃഷി സാധ്യമാവും എന്ന് തെളിയിക്കുന്ന ഹൈഡ്രോപോണിക്സ് കൃഷി രീതിയാണ് ഇവർ പരിചയപ്പെടുത്തുന്നത്. കേരള കാർഷിക സർവകലാശാലയുടെ ഹൈഡ്രോപോണിക്സ് കൃഷി രീതി സംബന്ധിച്ച പരിശീലന ക്ലാസിൽ പങ്കെടുത്ത അറിവുമായാണ് ഇസ്മായിൽ ശംസുദ്ദീനും ഭാര്യ ഷിൻസിയ ഇസ്മായിലും ചേർന്ന് ചെറു സംരംഭം ആരംഭിക്കുന്നത്.
ഖത്തർ പ്രവാസി കൂടിയായ ഇസ്മായിൽ ഖത്തർ യൂനിവേഴ്സിറ്റിയിൽ നടന്ന സെമിനാറിലും, പിന്നീട് നാട്ടിലെത്തിയപ്പോൾ കാർഷിക സർവകലാശാലയിൽ ഹൈടെക് റിസർവ് ആൻഡ് ട്രെയിനിങ് യൂനിറ്റും നടത്തിയ പരിശീലനത്തിൽ നിന്നും ലഭിച്ച അറിവുകളുമാണ് ഉപയോഗപ്പെടുത്തിയത്. ഹൈഡ്രോപോണിക്സ് രീതിയിലെ വിദഗ്ധയും കാർഷിക സർവകലാശാല പ്രഫസറുമായ ഡോ. പി. സുശീലയുടെ ഉപദേശങ്ങൾ കൂടിയായതോടെ ആത്മവിശ്വാസമായി. ബുധനാഴ്ച ആരംഭിച്ച അഗ്രിടെക് പ്രദർശനത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലായിരുന്നു ‘ലോങ്ലാസിന്റെ’ഹൈഡ്രോപോണിക്സ് രീതി പരിചയപ്പെടുത്തുന്ന പവലിയൻ ഉദ്ഘാടനം ചെയ്തത്. ഖത്തർ നഗരസഭാ മന്ത്രി അബ്ദുല്ലാ ബിൻ അബ്ദുൽ അസിസ് ബിൻ തുർകി അൽ സുബൈഇയും, ഖത്തർ ടൂറിസം ചെയർമാനും ഖത്തർഎയർവേസ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ എന്നിവരും പവലിയൻ സന്ദർശിച്ച് ഹൈഡ്രോപോണിക്സ് രീതികൾ ചോദിച്ചറിഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളും സർക്കാർ പ്രതിനിധികളും തങ്ങളുടെ പവലിയൻ സന്ദർശിക്കുകയും ഹൈഡ്രോപോണിക്സ് രീതിയുടെ സാധ്യതകൾ മനസ്സിലാക്കുകയും ചെയ്തതായി ഇസ്മായിൽ പറയുന്നു. സൗദി കാർഷിക സഹമന്ത്രി ഇതിനകം പലതവണ സന്ദർശിച്ച് പുതുമയാർന്ന കൃഷി രീതിയിൽ താൽപര്യം അറിയിക്കുകയും ചെയ്തു.
ഖത്തരി ഫാം ഹൗസ് ഉടമകൾക്കു പുറമെ ഒമാൻ, കുവൈത്ത്, സൗദി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരും ‘ലോങ്ലാസ്റ്റ്’പവലിയനിലെത്തിയിരുന്നു. മണ്ണിനു പകരം, വെള്ളവും ചകിരിചോറും പൈപ്പുകളിലും കണ്ടെയ്നറുകളിലും ഒരുക്കിയാണ് ഹൈഡ്രോപോണിക് കൃഷി പരിചയപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.