ഡോ. ഇനാസ്​ അൽ കുവാരി

രക്​തദാനം ചെയ്യാം; ജീവന്​ കരുതലാവാം

ദോഹ: രക്​തദാനം മഹാദാനംഎന്ന ഓർമപ്പെടു​ത്തലോടെ ​​ജൂൺ 14 ചൊവ്വാഴ്ച ലോക രക്​തദാതാക്കളുടെ ദിനം. രക്​തം നൽകിയും ആരോഗ്യമുള്ള വ്യക്​തികളെ രക്​തദാനത്തിന്​ പ്രേരിപ്പിച്ചും ഈ ദിനത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുകയാണ്​ രക്​തദാനം പതിവാക്കിയ സന്നദ്ധ പ്രവർത്തകർ. ലോകരക്​തദാന ദിനത്തിന്‍റെ ഭാഗമായി രാജ്യത്തെ ജനങ്ങളോട് രക്തം നൽകാൻ ഹമദ് മെഡിക്കല്‍ കോര്‍പറേഷൻ (എച്ച്.എം.സി) ആഹ്വാനം ചെയ്യുന്നു.

രക്തദാനം ഐക്യദാര്‍ഢ്യ പ്രവൃത്തിയാണ്-പരിശ്രമത്തില്‍ പങ്കാളിയാകൂ, ജീവന്‍ രക്ഷിക്കൂ - എന്ന പ്രമേയവുമായാണ്​ ഇത്തവണ ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നത്​. വർഷാവസാനം ലോകകപ്പ്​ ഫുട്​ബാളിന്​ വേദിയാവാൻ രാജ്യം ഒരുങ്ങവെ രക്തബാങ്കില്‍ മതിയായ അളവിൽ രക്​തം ഉറപ്പിക്കുന്നതിനു വേണ്ടിയാണ്​ ആഹ്വാനം. വിവിധ കമ്യൂണിറ്റികളിൽ നിന്നും രക്​തദാനത്തിന്​ യോഗ്യരായവർ മുന്നോട്ടുവരണമെന്ന്​ എച്ച്​.എം.സി ആവശ്യപ്പെട്ടു.

ലോക രക്​തദാതാക്കളുടെ ദിനം എന്നനിലയിൽ രക്​തദാനത്തിന്​ ഉചിതമായ സമയമാണിതെന്ന്​ എച്ച്.എം.സി ലബോറട്ടറി മെഡിസിന്‍-പതോളജി ഡോ.ഇനിയാസ് അല്‍ ഖുവാരി പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ലക്ഷത്തോളം കാണികളെത്തുമ്പോൾ എല്ലാ അടിയന്തര സാഹചര്യവും നേരിടാൻ ആരോഗ്യ രംഗവും സജ്ജമാണ്​. അതിന്‍റെ ഭാഗമായി രക്​തബാങ്കിൽ ആവശ്യമായ അളവിൽ രക്​തം കരുതുന്നതിന്‍റെ ഭാഗമായാണ്​ വിവിധ പ്രവാസ സമൂഹങ്ങ​ളോടും രക്​തദാനത്തിന്​ സജ്ജമാവാൻ അധികൃതർ ആവശ്യപ്പെടുന്നത്​. അര്‍ബുദ രോഗികള്‍ക്ക് ഉള്‍പ്പെടെ പ്രതിദിന ആവശ്യകത നിറവേറ്റുന്നതിന് മാത്രമല്ല സന്ദര്‍ശകരുടെ എണ്ണം കൂടുമെന്നതിനാല്‍ അടിയന്തര സാഹചര്യത്തില്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ ആവശ്യമായ അളവില്‍ രക്തം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഡോ. ഇനാസ്​ അൽ കുവാരി വിശദമാക്കി. 'ഒരു തവണ രക്​തം ശേഖരിച്ചാൽ, 42 ദിവസംവരെ അത്​ സൂക്ഷിക്കാം. അതിനാൽ, ഈ കാലയളവ്​ കഴിയുമ്പോഴേക്കും വീണ്ടും രക്​തം ​കണ്ടെത്തുന്നതിന്​ പതിവായ ഉറവിടവും ആവശ്യമാണ്​.

ദാനം ചെയ്യപ്പെടുന്ന ഒരു യൂനിറ്റ് രക്തം പ്രത്യേക രക്ത ഘടകങ്ങളായി ഉപയോഗിക്കുകയാണെങ്കിൽ കുറഞ്ഞത് മൂന്നു രോഗികൾക്കെങ്കിലും ഗുണം ചെയ്യും' -ഡോ. ഇനാസ്​ അൽ കുവാരി പറഞ്ഞു. ഖത്തര്‍ ബ്ലഡ് സർവിസസിന്റെ രക്തദാന കേന്ദ്രങ്ങളും മൊബൈല്‍ യൂനിറ്റുകളും സുരക്ഷയിലും സാ​േങ്കതിക മികവിലും ഉയര്‍ന്ന രാജ്യാന്തര നിലവാരം സൂക്ഷിക്കുന്നവയാണ്​. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ബയാത് അല്‍ ദിയാഫയില്‍ അടുത്തിടെയാണ് പുരുഷന്മാര്‍ക്കുവേണ്ടി മാത്രമുള്ള താല്‍ക്കാലിക രക്തദാന

കേന്ദ്രം തുറന്നത്. രക്​തദാനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ www.hamad.qa/qbs വെബ്​സൈറ്റ്​ വഴി ബന്ധപ്പെടാവുന്നതാണ്​. 

Tags:    
News Summary - May donate blood; Life can be saved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.