ദോഹ: ഉത്സവ പറമ്പുകൾ ഉൾപ്പെടെ ആഘോഷവേദികളെ കീഴടക്കിയ മിമിക്രി കലാകാരന്മാരുടെ തലമുറയിലെ ന്യൂ ജൻ ആയാണ് എറണാകുളം കുറിഞ്ഞി സ്വദേശിയായ മഹേഷ് കുഞ്ഞുമോൻ ഇപ്പോൾ വേദികൾ കീഴടക്കുന്നത്. രാഷ്ട്രീയക്കാരും സിനിമാക്കാരും മാത്രം നിറഞ്ഞു നിന്ന മിമിക്രി വേദിയിൽ പുതു പരീക്ഷണങ്ങളോടെ സമൂഹത്തിന്റെ പലതുറകളിലുള്ളവർ എത്തിക്കുമ്പോൾ ഈ യുവ കലാകാരന് ലഭിക്കുന്നത് നിറഞ്ഞ കൈയടികളാണ്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും സിനിമ താരങ്ങളുടെയുമെല്ലാം അനുകരണത്തിനപ്പുറം സാഹചര്യങ്ങൾ കൂടി സൃഷ്ടിച്ചാണ് മഹേഷ് വേദികൾ കീഴടക്കുന്നത്. ഇക്കൂട്ടത്തിൽ രാഷ്ട്രീയ നായകരും താരങ്ങളും മുതൽ സാക്ഷാൽ ലയണൽ മെസ്സി വരെയുണ്ട്.
പിണറായി വിജയനെയും നരേന്ദ്ര മോദിയെയും അനുകരിച്ച് പാടിയ ‘പെർഫെക്ട് ഓകെ’ എന്ന വിഡിയോയാണ് മഹേഷിന്റെ പ്രശസ്തി ഉയർത്തിയത്. മികിക്രിയിലെന്നപോലെ ഡബ്ബിങ് രംഗത്തും മഹേഷ് തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങൾക്കും ശബ്ദം നൽകി ഡബ്ബിങ്ങിൽ നിറഞ്ഞുനിൽക്കുന്ന മഹേഷിന്റെ തൊണ്ടയിൽനിന്ന് പുറത്തുചാടുന്ന ഓരോ വാക്കുകളും അനുകരണ കലയിലെ വിസ്മയമാണ്.
സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ശബ്ദങ്ങൾ അനുകരിച്ചാണ് പഠനകാലത്ത് മികിക്രിയിലേക്ക് കടക്കുന്നത്. കോവിഡ് കാലത്തെ ലോക്ഡൗണിനെത്തുടർന്ന് എല്ലാവരും വീടുകളിലിരിക്കുന്ന സമയത്താണ് മഹേഷ് മികിക്രി രംഗത്ത് കൂടുതൽ സജീവമാകുന്നത്.
അന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദമനുകരിച്ച് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി. പിന്നീട് മഹേഷിലൊളിഞ്ഞിരുന്ന ശബ്ദാനുകരണ കല കൂടുതൽ തിളങ്ങി. ഇന്ന് കേരളത്തിലെ അറിയപ്പെട്ട ശബ്ദാനുകരണത്തിന്റെ ‘പെർഫക്ഷൻ കിങ്’ ആയി മഹേഷ് മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.