ദോഹ: കോവിഡ് മഹാമാരിയെന്ന വൈറസും പുതിയ ജീവിതരീതികളുമെല്ലാം ലോകം പരിചയപ്പെട്ടിട്ട് മൂന്നുവർഷം പിന്നിട്ടുകഴിഞ്ഞു. ഒരുപാട് ജീവൻ നഷ്ടമാവുകയും സാമ്പത്തികമായും ആരോഗ്യമേഖലയിലും പുതിയ പാഠങ്ങൾ പഠിക്കുകയും ചെയ്ത കാലത്തെക്കുറിച്ചുള്ള ഓർമകൾ ഇന്നും ഭീതിദമാണ്. മനുഷ്യന് ഏറെ പാഠങ്ങൾ പകർന്നുനൽകിയ മഹാമാരിക്കാലം പുതിയ ജീവിതത്തിരക്കിനിടയിൽ എളുപ്പത്തിൽ മറക്കാൻ പാടുണ്ടോ? ഇല്ല എന്ന് ഓർമപ്പെടുത്തുകയാണ് ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ വിവിധ ആശുപത്രികളുടെ ചുമരുകൾ. കോവിഡ് കാലത്തെ പോരാട്ടങ്ങളും അതിജീവനവും അടയാളപ്പെടുത്തുന്ന കലാസൃഷ്ടികൾ ഹമദിന്റെ വിവിധ ആശുപത്രികളുടെ ചുമരുകളിൽ സന്ദർശകർക്ക് ഒരു ഓർമപ്പെടുത്തലായി ഇനിയുണ്ടാകും.
ഖത്തർ മ്യൂസിയവും ഹമദ് മെഡിക്കൽ കോർപറേഷനും പങ്കുചേർന്നാണ് ചിത്രങ്ങൾ സ്ഥാപിച്ചത്. 2020ൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കോവിഡ് പോരാട്ടം പ്രമേയമാക്കി നടത്തിയ ‘ഔട്ട്ബ്രേക്ക്’ പ്രദർശനത്തിലുള്ള ചിത്രങ്ങളാണ് ഹമദ് മെഡിക്കൽ കോർപറേഷനിൽ സ്ഥാപിച്ചത്. വിമൻസ് വെൽനസ് ആൻഡ് റിസർച് സെന്ററിൽ ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനിയും ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുമാണ് കലാസൃഷ്ടികൾ ഉദ്ഘാടനം ചെയ്തത്.
ഖത്തരി കലാകാരന്മാരായ അൻഫൽ അൽ കൻദാരി, മുഹമ്മദ് അൽ സുവൈദി, റോദ ആൽഥാനി, ഇറാഖി-ഖത്തരി കലാകാരൻ അഹമ്മദ് ബഹ്റാനി എന്നിവരുടെ സൃഷ്ടികളാണ് സ്ഥാപിച്ചത്.
ആശുപത്രികളിൽ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നത് രോഗികളിൽ സാന്ത്വനത്തിനും പോസിറ്റിവ് ചിന്തകൾക്കും സൗകര്യമൊരുക്കുമെന്ന് ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. ‘ചിത്രരചനകളും ശിൽപങ്ങളും പെയിന്റിങ്ങും ഉൾപ്പെടെ കലാസൃഷ്ടികളുമായി ഇടപെടുന്നത് രോഗികളിൽ ശാരീരികവും മാനസികവുമായ ഗുണങ്ങൾ പകരും. ആശുപത്രിയിലെത്തുന്ന രോഗികൾ, ജീവനക്കാർ ഉൾപ്പെടെ എല്ലാവർക്കും കലാസൃഷ്ടികളുടെ ആസ്വാദനത്തിലൂടെ സമ്മർദങ്ങളും ഉത്കണ്ഠയും വിഷാദവും ലഘൂകരിക്കാൻ കഴിയുന്നുവെന്നത് വസ്തുതയാണ്.
രോഗവും ചികിത്സയും മരുന്നും എന്ന ചുറ്റുപാടിൽനിന്നും ആശുപത്രിയെ സാന്ത്വനവും പരിചരണവും സുരക്ഷയും നൽകുന്ന ഒരിടമാക്കി മാറ്റാൻ കലകളുടെ സാന്നിധ്യത്തിന് കഴിയും’ -ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. ഈ പങ്കാളിത്തത്തിന് ശൈഖ മയാസ ബിൻ ഹമദ് ആൽഥാനിയോട് നന്ദി പറയുന്നതായും അവർ പറഞ്ഞു.
ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റി ആശുപത്രികളും അൽ വക്റ അൽ മഹ സെന്ററും 24ഓളം കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കും. കോവിഡിനെതിരായ പോരാട്ടം നയിച്ച ഖത്തറിലെ ആരോഗ്യപ്രവർത്തകർക്കുള്ള ആദരവുംകൂടിയായിരുന്നു ‘ഔട്ട്ബ്രേക്ക്’ പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.