ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന ‘ഗോൾഡൻ ട്യൂൺസ്’ സംഗീത റിയാലിറ്റി ഷോക്ക് തുടക്കമായി. 12 സ്കൂളുകളിൽനിന്നുള്ള പ്രതിഭകൾ പങ്കെടുത്ത ഓഡിഷൻ റൗണ്ട് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കോൺഫറൻസ് ഹാളിൽ പൂർത്തിയായി. ഓരോ സ്കൂളുകളിൽനിന്നായി രണ്ടുപേർ വീതമാണ് ഓഡിഷൻ റൗണ്ടിൽ മത്സരിച്ചത്. ഇവരിൽനിന്ന് മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 15 മത്സരാർഥികൾ വിവിധ റൗണ്ടുകളിൽ തങ്ങളുടെ സംഗീത മികവുമായി മാറ്റുരക്കും. സെമി ക്ലാസിക്കൽ, മെലഡി, ഫാസ്റ്റ് ഗാനങ്ങൾ ഉൾപ്പെടെ പാട്ടിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളും പകർന്നാണ് വരും ദിനങ്ങളിലെ മത്സരങ്ങൾ. ഒക്ടോബർ പത്തിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലാവും ഗോൾഡൻ ട്യൂൺ വിജയിയെ തെരഞ്ഞെടുക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥിക്ക് എട്ട് ഗ്രാം സ്വർണമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് നാലു ഗ്രാം സ്വർണവും മൂന്നാം സ്ഥാനത്തിന് രണ്ട് ഗ്രാം സ്വർണവും സമ്മാനമായി നൽകും. പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ എം.ഇ.എസ് സ്കൂളിന്റെ 50 വർഷത്തെ ജൈത്രയാത്ര വിശദീകരിക്കുന്ന വിഡിയോ പ്രദർശിപ്പിച്ചു. സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഗായികയും അവതാരകയുമായ മേഘ്ന സുരേന്ദ്രൻ അതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ സംസാരിച്ചു. ഓഡിഷനിൽ സംഗീതജ്ഞരും ഗായകരുമായ ഐശ്വര്യ വൈദ്യനാഥൻ, മണികണ്ഠദാസ് കാർത്തികേയൻ, അഭിലാഷ് കെ എന്നിവർ വിധികർത്താക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.