ദോഹ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻെറ വിജ്ഞാന വിളക്കുമാടമായി തലയുയർത്തി നിൽക്കുന്ന എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് സുവർണ ജൂബിലിത്തിളക്കം. 1974ൽ പ്രവാസി മലയാളികളായ ഒരു സംഘം സാമൂഹ്യ പ്രവർത്തകരുടെ ആലോചനയിൽ മൊട്ടിട്ട ആശയത്തിൽ നിന്നും രൂപംകൊണ്ട വിദ്യാലയം തലമുറകളിലേക്ക് അറിവും പരിചയവും പകർന്ന് ഖത്തറിലെയും ഗൾഫ് മേഖലയിലെയും ഏറ്റവും മികച്ച ഇന്ത്യൻ സ്കൂളായി മാറിക്കൊണ്ടാണ് സുവർണ ജൂബിലിയെ വരവേൽക്കുന്നതെന്ന് സ്കൂൾ മാനേജ്മെൻറ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നേട്ടങ്ങളുടെ അഞ്ചു പതിറ്റാണ്ടുകാലം പിന്നിടുന്ന സ്കൂളിന്റെ ഗോൾഡൻ ജൂബിലി ലോഗോ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ബി.എം സിദ്ദീഖ് പ്രകാശനം ചെയ്തു.
50ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അക്കാദമിക് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മാനേജിങ് കമ്മിറ്റി അംഗങ്ങളും സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദറും അറിയിച്ചു. പഠന, പാഠ്യേതര മേഖലകളിലും, കലാ-കായിക രംഗത്തും മികച്ച നേട്ടങ്ങൾ കൊയ്ത സ്കൂളിന്റെ ജൈത്രയാത്രക്ക് പിന്തുണ നൽകിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, വിദ്യഭ്യാസ മന്ത്രാലയം, മറ്റു സർക്കാർ സംവിധാനങ്ങൾ, ഇന്ത്യൻഎംബസി, കേന്ദ്ര സി.ബി.എസ്.ഇ ബോർഡ് എന്നിവക്കുള്ള നന്ദി അറിയിക്കുന്നതായും പ്രസിഡൻറ് ബി.എം സിദ്ദീഖ് പറഞ്ഞുസുവർണ ജൂബിലിയുടെ ഭാഗമായി വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവി വിദ്യാർഥികൾ എന്നിവർ ഭാഗമാവുന്ന 120ലേറെ പരിപാടികൾക്കാണ് സ്കൂൾ അധികൃതർ രൂപം നൽകുന്നത്.
സുവർണ ജൂബിലി സമ്മാനമായി ഈ വർഷം ഏപ്രിലിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ എം.ഇ.എസ് റേഡിയോ ആരംഭിച്ചതായി പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ പറഞ്ഞു. മെഗാ പെയിൻറിങ് മത്സരം, മ്യൂസിക്കൽ റിയാലിറ്റി ഷോ, അറബി-ഉറുദു പ്രസംഗ മത്സരം, ടെഡ് എക്സ്, ഗോൾഡൻ ജൂബിലി ഇൻറർനാഷനൽ മാരത്തൺ, രക്ഷിതാക്കൾക്കായുള്ള സ്പോർട്സ് ഡേ, പൂർവവിദ്യാർഥികളെ ഉൾക്കൊള്ളിച്ചുള്ള പരിപാടികൾ എന്നിവയും അരങ്ങേറും. ഇത്തവണ സ്കൂളിന്റെ വാർഷിക പരിപാടികൾ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും മാനേജ്മെൻറ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദോഹ വെസ്റ്റ് ഇൻ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡൻറ് ബി.എം സിദ്ദീഖ്, ജനറൽ സെക്രട്ടറി ഹസ്മൽ ഇസ്മായിൽ, ട്രഷറർ എ.ടി ഉസ്മാൻ, സീനിയർ വൈസ് പ്രസിഡൻറ് ഡോ. കെ.പി നജീബ്, പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ എന്നിവർ പങ്കെടുത്തു.
1974ൽ ബാച്ചിലർ ജീവിതം നയിക്കുന്ന ഒരു സംഘം പ്രവാസികളുടെ സ്വപ്നത്തിൽ നിന്നായിരുന്നു ഖത്തറിലെ ആദ്യ ഇന്ത്യൻ സ്കൂൾ എന്ന ആശയത്തിന് അടിത്തറയൊരുങ്ങിയത്. വൈകുന്നേരത്തെ പതിവു ഒത്തുചേരലിനിടെ ആരോ മുന്നോട്ടു വെച്ചതായിരുന്നു ഒരു സ്കൂൾ തുടങ്ങിയാലോ എന്ന ആശയം. ഒപ്പമിരുന്നവരും പിന്തുണച്ചതോടെ സാധ്യതകൾ തേടി ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചു. ചുരുങ്ങിയത് 20-25 കുട്ടികൾ ഉണ്ടെങ്കിൽ തുടങ്ങാമെന്നായിരുന്നു ഉപദേശം. അങ്ങനെ, വാടക കെട്ടിടത്തിൽ സ്കൂൾ തുടങ്ങാൻ ധാരണയായി. സ്കൂളിലേക്ക് കുട്ടികളെ സംഘടിപ്പിക്കുകയായിരുന്നു ആദ്യ ദൗത്യം. വാഹനമെടുത്ത് ഓരോ പ്രവാസി കുടുംബങ്ങളെയും സമീപിച്ച് കുട്ടികളെ എത്തിക്കലായി അടുത്ത ശ്രമം. അങ്ങനെ 25 കുട്ടികളുമായി മന്ത്രാലയത്തിന്റെ അനുമതി തേടി, ആദ്യ അക്കാദമിക് വർഷം 1974ൽ തുടങ്ങി’ -സ്കൂളിന്റെ തുടക്കത്തെ കുറിച്ച് ഗവേണിങ് ബോർഡ് പ്രസിഡൻറ് ബി.എം സിദ്ദീഖ് വിശദീകരിക്കുന്നത് ഇങ്ങനെ.
തൊഴിൽ തേടിയെത്തിയ ഒരുസംഘം പ്രവാസികളുടെ സ്വപ്നം അര നൂറ്റാണ്ടുകൊണ്ട് പടർന്നു പന്തലിച്ചപ്പോൾ, അവിടെ നിന്നും അറിവുനേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറി വിജയം വരിച്ചവർ അഞ്ചു ലക്ഷത്തിലേറെ വരും. പ്രഥമ വർഷത്തിൽ 130ഒാളം വിദ്യാർഥികളുമായി അക്കാദമിക് ഇയർ പൂർത്തിയാക്കിയ സ്കൂളിൽ, ഇപ്പോൾ ഓരോ വർഷവും 7000ത്തോളം വിദ്യാർഥികളാണുള്ളത്. അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 500ലേറെ ജീവനക്കാരുമുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികളും, കെട്ടിട സംവിധാനങ്ങളും, മികച്ച പഠനാന്തരീക്ഷവും. പരിചയ സമ്പന്നരായ അധ്യാപകർ, കലാ,കായിക രംഗത്ത് ദേശീയ തലത്തിലും നേട്ടങ്ങൾ സ്വന്തമാക്കുന്ന വിദ്യാർഥികൾ, സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം, ദേശീയ തലത്തിലെ പ്രവേശന-മത്സര പരീക്ഷകളിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾ, സിന്തറ്റിക് ട്രാക്കും ഫീൽഡും, വിവിധ പഠനവിഭാഗങ്ങൾക്ക് ആവശ്യമായ മികച്ച ലാബുകൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലയിൽ തൊഴിൽ സ്വന്തമാക്കിയ പൂർവ വിദ്യാർഥികളെ വരെ സൃഷ്ടിച്ചാണ് എം.ഇ.എസ് മികവിന്റെ കേന്ദ്രമായി മാറുന്നത്. 2006ൽ ഐ.എസ്.ഒ സർട്ടിഫിക്കറ്റ്, 2016ൽ ക്യൂ.എൻ.എസ്.എ സർട്ടിഫിക്കേഷൻ, എജുക്കേഷനൽ എക്സലൻസ് അവാർഡ് എന്നിവയും തേടിയെത്തി. ഇതിനു പുറമെ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർക്കും നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങളും തേടിയെത്തുന്നതും പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.