ദോഹ: ഫിഫ ലോകകപ്പിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ച വളന്റിയർമാരെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂളിൽനിന്ന് വളൻറിയർമാരായി രംഗത്തുണ്ടായിരുന്ന 150 വിദ്യാർഥികൾ, 20 അധ്യാപക-അനധ്യാപകർ, രക്ഷിതാക്കൾ എന്നിവരെയാണ് ആദരിച്ചത്. വ്യാഴാഴ്ച സ്കൂളിൽ നടന്ന ചടങ്ങിൽ എം.ഇ.എസ് ഗവേണിങ് ബോർഡ് കൾച്ചറൽ-കോ കരിക്കുലർ ഡയറക്ടർ എം.സി. മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.
വിദ്യാർഥി വളന്റിയർമാരിൽ പതാക വാഹകരും പന്തേന്തിയവരുമൊക്കെയുണ്ടായിരുന്നു. ലോകകപ്പിന്റെ ആതിഥ്യത്തിലേക്ക് വളന്റിയർമാരെന്ന നിലയിൽ ചരിത്രപരമായ സേവനത്തിന് അവസരം ലഭിച്ച ആൺകുട്ടികളും പെൺകുട്ടികളുമൊക്കെ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു. യുനെസ്കോയുടെ രക്ഷാകർതൃത്വത്തിൽ ഫിഫ ഫൗണ്ടേഷൻ, ഖത്തർ ഫൗണ്ടേഷൻ, ഖത്തർ യുവജന-കായിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ പങ്കാളിത്തത്തിൽ ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ അഞ്ചുദിവസത്തെ ‘ജനറേഷൻ അമേസിങ് ഗോൾ 22’ പ്രോഗ്രാമിൽ പങ്കെടുത്ത ഇരുപതോളം വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
‘ജനറേഷൻ അമേസിങ് ഗോൾ 22’ പ്രോഗ്രാമിലേക്ക് ക്ഷണിക്കപ്പെട്ട ഏഷ്യയിലെ ഏക പ്രവാസി വിദ്യാലയമാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂളെന്ന് അധികൃതർ പറഞ്ഞു. നൗഫ ഇസ്മായിൽ, ശൈഖ മുസാഫിർ, സ്റ്റെഫി മാത്യൂസ്, പാർവതി സമ്പത്ത്, ഐഷ മുഹമ്മദ് സത്താർ, ഹയ ജഹാൻ, മുഹമ്മദ് നാജി, റോഷൻ എന്നിവർ ‘ജെനറേഷൻ അമേസിങ് ഗോൾ 22’ ലെ അനുഭവങ്ങൾ വിശദീകരിച്ചു. കാതറിൻ റോയ് സ്വാഗതവും രമാ ദേവി നന്ദിയും പറഞ്ഞു. ഫിസിക്കൽ എജുക്കേഷൻ ഡിപാർട്മെന്റിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.