ദോഹ: ഖത്തറിനെതിരായുള്ള ഉപരോധവും അതുമൂലമുള്ള ഗൾഫ് പ്രതിസന്ധിയും നീങ്ങുമെന്ന പ്രതീക്ഷ വീണ്ടും ശക്തമാകുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ ഗൾഫടക്കമുള്ള ഏഴു വിദേശരാജ്യ പര്യടനം തുടരുകയാണ്. അദ്ദേഹം ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഫ്രാൻസ്, തുർക്കി, േജാർജിയ, ഇസ്രായേൽ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. അവസാനഘട്ടത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ എത്തുന്നത്. ഖത്തറിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായും പോംപിയോ കൂടിക്കാഴ്ച നടത്തും. നവംബർ 13 മുതൽ 23 വരെയാണ് ഏഴു രാഷ്ട്ര സന്ദർശനം. 2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം തുടങ്ങിയത്. യു.എസിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ സ്റ്റേറ്റ് സെക്രട്ടറി ഗൾഫ് രാജ്യങ്ങളിലുമെത്തുന്നതിന് പ്രാധാന്യമുണ്ട്. ഉഭയകക്ഷി സഹകരണം, മേഖലയിലെ മറ്റു വിഷയങ്ങൾ, ഗൾഫ്ഐക്യത്തിെൻറ പ്രാധാന്യം എന്നിവയാണ് ഗൾഫ്രാജ്യങ്ങളിലെ ഉന്നത കൂടിക്കാഴ്ചകളിൽ വിഷയമാകുകയെന്ന് സന്ദർശനവുമായി ബന്ധപ്പെട്ട വാർത്തക്കുറിപ്പിൽ പറയുന്നുണ്ട്. അമേരിക്കൻ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനും കമല ഹാരിസും വിജയിച്ച പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ ബഹളങ്ങൾക്കിടയിലാണ് പോംപിയോയുടെ സന്ദർശനം.
ഓരോ രാഷ്ട്രങ്ങളിലും നടത്തുന്ന ചർച്ചകൾ തീർച്ചയായും വ്യത്യസ്തമായിരിക്കും. എന്നാൽ, മിഡിൽ ഈസ്റ്റിൽ ആകമാനം സമാധാനം ശക്തിപ്പെടുത്തുകയും പരസ്പര ഐക്യവും സഹകരണവും ഉണ്ടാക്കുകയുമാണ് പരമമായ ലക്ഷ്യമെന്നും പോംപിയോ സന്ദർശനത്തിന് മുന്നോടിയായി യു.എസിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. അടുത്ത 70 ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽനിന്നുള്ള വിമാനങ്ങൾക്ക് ഉപരോധരാജ്യങ്ങളുടെ ആകാശത്തിലൂടെ പറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അംബാസഡർ റോബർട്ട് ഒബ്റിൻ കഴിഞ്ഞദിവസമാണ് പറഞ്ഞത്. ഓൺലൈനിൽ നടന്ന ആഗോള സുരക്ഷാഫോറം 2020ൽ സംസാരിക്കവെയായിരുന്നു ഇത്. ഉപരോധരാജ്യങ്ങൾക്ക് മുകളിലൂടെ ഖത്തർ എയർവേസ് വിമാനങ്ങൾക്ക് പറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യോമവിലക്ക് പരിഹരിച്ച് സൗദിയുടെയും ബഹ്റൈനിെൻറയും മുകളിലൂടെ വിമാനങ്ങൾക്ക് പറക്കാനാവും. അതാണ് ഉപരോധം അവസാനിക്കുന്നതിനുള്ള ആദ്യപടി.
നിലവിലുള്ള അമേരിക്കൻ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പുതന്നെ അത് സാധ്യമാകും. ജി.സി.സി രാജ്യങ്ങൾ ഒന്നിക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അംഗരാജ്യങ്ങൾക്കിടയിൽ സൗഹാർദപൂർണമായ ബന്ധം വേണമെന്നതാണ് അമേരിക്കയുടെ താൽപര്യം. അങ്ങനെയായാൽ അത് മിഡിൽ ഈസ്റ്റിലുടനീളം സാമ്പത്തിക അവസരങ്ങൾ കൊണ്ടുവരാൻ ഇടയാക്കും. എല്ലാ ഗൾഫ് രാജ്യങ്ങളുമായും അമേരിക്കക്ക് നല്ല ബന്ധമാണുള്ളത്. ഉപരോധം അവസാനിപ്പിക്കാനുള്ള കഠിനപ്രയത്നമാണ് നടക്കുന്നതെന്നും റോബർട്ട് ഒബ്റിൻ പറഞ്ഞിരുന്നു. ഏതായാലും പുതിയ നീക്കങ്ങളും ഉന്നത അമേരിക്കൻ അധികൃതരുടെ പ്രസ്താവനകളും ഖത്തർ ഉപരോധത്തിന് ഭാഗികമായെങ്കിലും അറുതിയുണ്ടാകുമെന്ന പ്രതീക്ഷയാണ് നൽകുന്നത്.
പുരോഗമിക്കുന്നത് ഖത്തർ, സൗദി, യു.എ.ഇ ചർച്ചകൾ
എല്ലാ ഉപരോധരാജ്യങ്ങളുമായും ഒന്നിച്ച് ചർച്ച നടത്തുന്നതിന് പകരം ഖത്തർ, സൗദി, യു.എ.ഇ രാജ്യങ്ങളെ ഒപ്പമിരുത്തിയുള്ള ചർച്ചകളാണ് ഉപരോധം പരിഹരിക്കുന്ന കാര്യത്തിൽ നടക്കുന്നത് എന്നാണ് ഉന്നത അമേരിക്കൻ അധികൃതരുടെ പ്രതികരണങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
ഖത്തറിനെയും സൗദി അറേബ്യയെയും ഒപ്പമിരുത്തി, അല്ലെങ്കിൽ ഖത്തർ, സൗദി, യു.എ.ഇ എന്നിവരെ ഒപ്പമിരുത്തിയുള്ള ചർച്ചകളാണ് നടക്കുന്നതെന്ന് അമേരിക്കൻ ഡെപ്യൂട്ടി അസി. സ്റ്റേറ്റ് സെക്രട്ടറി തിമോത്തി ലാൻഡർകിങ് അടുത്തിടെ പറഞ്ഞിരുന്നു. ഇടക്കാല അനുരഞ്ജന പ്രമേയമടക്കമാണ് ഉപരോധം നീങ്ങുന്നതിനായി പരിഗണിക്കുന്നത്.
ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള സ്ഥിര പ്രമേയം കൊണ്ടു വരുന്നതിന് മുമ്പായി താൽക്കാലിക പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത. ഇത്തരത്തിൽ നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കാനാണ് അമേരിക്ക താൽപര്യപ്പെടുന്നതെന്നും അദ്ദേഹം 'പെനിൻസുല' പത്രത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.
ഉപരോധം ഉടൻ അവസാനിച്ചേക്കുമെന്ന് മിഡിൽ ഈസ്റ്റിെൻറ കാര്യങ്ങൾക്കായുള്ള യു.എസ് ഉന്നത നയതന്ത്രജ്ഞൻ ഡേവിഡ് ഷെൻകറും അടുത്തിടെ പറഞ്ഞിരുന്നു. ഉപരോധത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും എന്നാൽ പരിഹാരചർച്ചകളിൽ നിർണായകമായ ചുവടുവെപ്പുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ചർച്ചകളിൽ ഇരുപക്ഷവും മുമ്പില്ലാത്തവിധം സഹകരണം നൽകുന്നുണ്ട്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ എന്നിവരുൾപ്പെടുന്ന ഉയർന്ന തലത്തിലേക്ക് ചർച്ചകൾ മാറിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഏഴു രാഷ്ട്ര സന്ദർശനത്തിെൻറ ഭാഗമായി ഖത്തറിലെത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ് മാൻ ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്.
പാരിസിൽനിന്നാണ് അദ്ദേഹത്തിെൻറ സന്ദർശനം തുടങ്ങിയത്. ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തിക്കഴിഞ്ഞു. ശേഷം തുർക്കിയിലേക്കും തുടർന്ന് ജോർജിയയിലേക്കും പോകും. എന്നാൽ, മതനേതാക്കളുമായി മാത്രം ചർച്ച നടത്തുന്ന പോംപിയോയുടെ സന്ദർശനം പ്രാധാന്യമില്ലാത്തതാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം ഇതിനകം പറഞ്ഞിട്ടുണ്ട്.
ഇസ്തംബൂളിൽ ബർതൊലോമി ഒന്ന് കോൺസ്റ്റാൻറിനോപ്പിൾ എക്യുമെനിക്കൽ പാട്രിയാർക്കുമായി മാത്രമാണ് പോംപിയോ കൂടിക്കാഴ്ച നടത്തുന്നത്.യൂറോപ്പ് യാത്രയുടെ അവസാനം ജോർജിയയിലാണ്. േജാർജിയൻ പ്രസിഡൻറ്, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി മൈക് പോംപിയോ ചർച്ച നടത്തും.ജോർജിയൻ ഓർത്തഡോക്സ് ചർച്ച് പാർട്രിയാർക്കിനെയും കാണും.
ശേഷം ഇസ്രായേലിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ചർച്ച നടത്തും. കഴിഞ്ഞ ആഗസ്റ്റ് 13ന് നിലവിൽ വന്ന ഇസ്രായേൽ, യു.എ.ഇ, യു.എസ് സംയുക്ത പ്രഖ്യാപനമായ 'അബ്രഹാം അക്കോർഡ്' സംബന്ധിച്ചായിരിക്കും നെതന്യാഹുവുമായി ചർച്ച നടത്തുക.ഇറാനുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഷയമാകും.
ശേഷം യു.എ.ഇയിൽ അബൂദബി കിരീടാവകാശി മുഹമ്മദ് ബിൻ സെയ്ദുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാസഹകരണവും മേഖലയിലെ മറ്റു പ്രശ് നങ്ങളുമാണ് ചർച്ചചെയ്യുക.ശേഷമാണ് പോംപിയോ ഖത്തറിലെത്തുക. അവസാനമായി പോംപിയോ സൗദി അറേബ്യയിലെത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.