ദോഹ: പെരുന്നാൾ അവധി ദിവസങ്ങളിൽ രാജ്യത്തെ പുൽമേടുകളിലും സംരക്ഷിത പ്രദേശങ്ങളിലും പട്രോളിങ് ശക്തമാക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. പുൽമേടുകളിലും സംരക്ഷിത പ്രദേശങ്ങളിലും പരിസ്ഥിതി നിയമങ്ങൾ പാലിക്കുകയും പ്രദേശങ്ങളിലെ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പരിശോധന കാമ്പയിനുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും സന്ദർശകരെ ആകർഷിക്കുന്നതിനുമായി പുതിയ സംവിധാനങ്ങളോടെ സജ്ജമാക്കിയ നിരവധി പ്രകൃതിദത്ത സംരക്ഷിത പ്രദേശങ്ങൾ ഖത്തറിലുണ്ട്. കൂടാതെ അവയുടെ സംരക്ഷണവും പരിപാലനത്തിനുമായി നിരവധി പ്രകൃതി സംരക്ഷണകേന്ദ്രങ്ങളും സംരക്ഷണ മേഖലകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
സംരക്ഷിത പ്രദേശങ്ങളുടെയും വന്യജീവികളുടെയും സുരക്ഷയും പരിപാലന ചുമതലയുമുള്ള പ്രകൃതി സംരക്ഷണകേന്ദ്രങ്ങൾ, അവയുടെ പാരിസ്ഥിതിക ഘടകങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ സംരക്ഷണ നയങ്ങളും പ്രവർത്തനങ്ങളും മുന്നോട്ട് വെക്കുന്നു. വരും തലമുറകളുടെ നല്ല ഭാവിക്കായി വന്യജീവികളുടെ സുസ്ഥിര പരിപാലനം, സംരക്ഷണം തുടങ്ങിയവ ഖത്തറിന്റെ പരിസ്ഥിതിയോടുള്ള കാഴ്ചപ്പാടിന്റെ ഉദാഹരണങ്ങളാണ്. ഖത്തറിൽ വന്യജീവികൾക്കും സസ്യ ജന്തുജാലങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള സംരക്ഷിത പ്രദേശങ്ങളുടെ ആകെ വിസ്തീർണം 3464 ചതുരശ്ര കിലോമീറ്ററാണ്. രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 23.6 ശതമാനത്തോളം വരുമിത്.
അൽ അരീഖ്, അൽ ദഖീറ, ഖോർ അൽ ഉദൈദ്, അൽ റിഫ, ഉമ്മുൽ അമദ്, ഉമ്മു ഖർൻ, അൽ സനാഈ, അൽ റീം, അൽ ഷഹാനിയ, അൽ മുസാഹബിയ, അൽ ലുസൈൽ, വാദി സുൽതാന തുടങ്ങി 12 സംരക്ഷിത പ്രകൃതി സംരക്ഷണകേന്ദ്രങ്ങൾ ഖത്തറിലുണ്ട്. ഖോർ അൽ ഉദൈദ്, അൽ ദഖീറ റിസർവ് എന്നിങ്ങനെ 720 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ രണ്ട് സമുദ്രകേന്ദ്രങ്ങളും ഖത്തർ സംരക്ഷണ വലയത്തിലുൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.