ദോഹ: വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ലോക ഭക്ഷ്യദിനം ആചരിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും ലഘുലേഖകൾ വിതരണം ചെയ്യുന്നതിനുമായി ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പ്രത്യേക കാമ്പയിനും മന്ത്രാലയം തുടക്കംകുറിച്ചു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രധാന പദ്ധതികൾ ചർച്ച ചെയ്യുന്നതിനും അഭിസംബോധന ചെയ്യുന്നതിനുമായി ബോധവത്കരണ ശിൽപശാലകളും മന്ത്രാലയം സംഘടിപ്പിച്ചു.
ഭക്ഷണത്തിലെ കലോറി കണക്കാക്കാനും ലളിതമായ പരിശോധനകളിലൂടെ ഓരോ ശരീരത്തിന്റെയും കലോറി ആവശ്യകത നിർണയിക്കാനും പരിശീലനം നൽകി ആരോഗ്യകരമായ ഭക്ഷണ അവബോധം വർധിപ്പിക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ ആക്ടിവിറ്റി സ്പെഷലിസ്റ്റുകൾ ‘നിങ്ങളുടെ ശരീരത്തെ മനസ്സിലാക്കുക’ എന്ന തലക്കെട്ടിലാണ് ഇതു സംബന്ധിച്ച് ശിൽപശാല സംഘടിപ്പിച്ചത്.
ആരോഗ്യകരമായ പാചകക്കുറിപ്പുകൾ തയാറാക്കലും സമീകൃത, പോഷക ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള മത്സരവും ശിൽപശാലയോടനുബന്ധിച്ച് സംഘടിപ്പിച്ചു. ലഘുലേഖ വിതരണം, ബി.എം.ഐ അളക്കുന്ന ഉപകരണം, ആരോഗ്യ കൺസൽട്ടേഷൻ, ആരോഗ്യകരമായ ഭക്ഷണ മാതൃകകൾ എന്നിവ ഉൾപ്പെടുത്തിയുള്ള ബോധവത്കരണ ബൂത്ത് സജ്ജീകരിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് പ്രൊമോഷൻ സംഘവും പരിപാടിയിൽ പങ്കെടുത്തു.
ബോധവത്കരണ പ്രഭാഷണങ്ങൾ, ശിൽപശാലകൾ, വിനോദ വിദ്യാഭ്യാസ യാത്രകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് രാജ്യവ്യാപകമായി സ്കൂളുകൾ കാമ്പയിന്റെ ഭാഗമാകും. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളെയും പരിപാടികളിൽ ഉൾപ്പെടുത്താനും അധികൃതർ ശ്രമിക്കുന്നുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം നേടുന്നതിനുള്ള ബോധവത്കരണമാണ് ഈ വർഷത്തെ ഭക്ഷ്യദിനം പ്രധാനമായും ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.