ദോഹ: ജീവജാലങ്ങളെയും പരിസ്ഥിതിയെയും കാത്തു സൂക്ഷിക്കാൻ ഖത്തർ ഒരുക്കുന്ന സുരക്ഷാ മാർഗങ്ങൾ മാതൃകാപരമാണ്. അവയിൽ ഏറ്റവും ഒടുവിലത്തേതാണ്, വംശനാശ ഭീഷണി നേരിടുന്ന കടലാമകൾക്ക് പ്രജനനത്തിനായി സൗകര്യമൊരുക്കുന്ന പരിസ്ഥിതി മന്ത്രാലയത്തിെൻറ ശ്രമം. ഹൗക്ക്സ് ബിൽ എന്ന വിഭാഗത്തിൽപെടുന്ന കടലാമകൾക്കാണ് മന്ത്രാലയം നേതൃത്വത്തിൽ ഫുവൈറിത് ബീച്ചിൽ സൗകര്യമൊരുക്കുന്നത്. മുട്ടയിടാൻ പ്രത്യേക കൂടുകൾ സജ്ജീകരിച്ചും, ഇവയുടെ സുരക്ഷക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തിയുമാണ് മന്ത്രാലയം നടപടികൾ സ്വീകരിച്ചത്.
സീസണ് തുടങ്ങി ഇതിനകം ഫുവൈറീത്ത് ബീച്ചില്‍ 67 കൂടുകൾ ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. ശൈത്യകാല ക്യാമ്പുകള്‍ നീണ്ടതിനാല്‍ ക്യാമ്പുകളിലെ വെളിച്ചവും ശബ്ദകോലാഹലങ്ങളും മറ്റ് ബീച്ചുകളിലെത്തുന്ന കടലാമകളുടെ പ്രജനനത്തെ സാരമായി ബാധിച്ചിരുന്നു. അതിനാല്‍ ഇത്തവണ ഫുവൈറിത്ത് ബീച്ചിലേയ്ക്ക് എത്തുന്ന കടലാമകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്. ശൈത്യകാല ക്യാമ്പുകള്‍ ശനിയാഴ്ചയോടെ പൂർണമായും അവസാനിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ കൂടുതൽ തീരങ്ങളിലേക്ക് വരുംദിവസങ്ങളിൽ കടലാമകൾ മുട്ടയിടാനായി എത്തുമെന്നാണ് പ്രതീക്ഷ.
ഫുവൈറിത്ത് ബീച്ചില്‍ തീരത്ത് വേലിക്കെട്ടി തിരിച്ചാണ് കടലാമകള്‍ക്ക് മുട്ടയിടാനുള്ള കൂടുകള്‍ സജ്ജമാക്കുന്നത്.
മനുഷ്യ സാന്നിധ്യവും വാഹനങ്ങളുടെ പ്രവേശനവും തീർത്തും ഒഴിവാക്കിയും, കാര്യമായ സുരക്ഷയൊരുക്കിയുമാണ് പ്രജനനകാലയളവിൽ തീരം തേടിയെത്തുന്ന കടലാമകളെ സ്വീകരിക്കുന്നത്. ആവശ്യത്തിന് വെളിച്ചവും ചൂടും എല്ലാം ഉറപ്പാക്കിയുള്ളതാണ് കൂടുകൾ. മുട്ടയിട്ടു കഴിഞ്ഞാല്‍ കൂടുകളില്‍ നിന്ന് പ്രത്യേകമായ സ്ഥലത്തേക്ക് മുട്ടകള്‍ മാറ്റും. ഓരോ സീസണിലും 70 മുതല്‍ 95 മുട്ടകള്‍ വരെയാണ് ഓരോ കൂട്ടിലും ഇടുന്നത്. അടയിരിക്കാതെ തന്നെ 52 മുതല്‍ 62 ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുകയും ചെയ്യും. സൂര്യന്റെ ചൂടേറ്റാണ് മുട്ട വിരിയുന്നത്. ചൂട് കൂടുന്നതിന് അനുസരിച്ച് വിരിയാന്‍ എടുക്കുന്ന ദിവസത്തിന്റെ എണ്ണം കുറയും. മുട്ട വിരിഞ്ഞിറങ്ങുന്ന കടലാമക്കുഞ്ഞുങ്ങളെ സന്ധ്യയോടെ കടലിലേക്ക് സുരക്ഷിതമായി ഒഴുക്കിവിടുകയാണ് പതിവ്.
കടലാമകളുടെ സംരക്ഷണ പദ്ധതിയ്ക്കുള്ള സാമ്പത്തിക പിന്തുണ ഖത്തര്‍ എനര്‍ജിയാണ് വഹിക്കുന്നത്. ഫുവൈറിത്തിന് പുറമെ റാസ് ലഫാന്‍, ഹുവെയ്ല, അല്‍ ജസാസിയ, അല്‍ മറൂണ, അല്‍ ഘരിയ, അല്‍ മുഫിര് എന്നീ വടക്കു-കിഴക്കന്‍ ബീച്ചുകളും കടലാമകളുടെ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.