ദോഹ: രാജ്യത്തെ പുൽമേടുകളെ സംബന്ധിച്ച മുഴുവൻ വിവരങ്ങളുമായി ഡിജിറ്റൽ ജ്യോഗ്രഫിക് ഡേറ്റാബേസ് പദ്ധതിയുമായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് സെന്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 1273 പുൽമേടുകളുടെയും വിവരങ്ങൾ പകർത്തി ഡേറ്റാബേസിലേക്ക് അപ്ലോഡ് ചെയ്തിട്ടുണ്ട്.
പുൽമേടുകളുടെ സ്ഥാനവും വിസ്തീർണവും, അതിൽ വളരുന്ന മരങ്ങളുടെയും ചെടികളുടെയും വിവരങ്ങളും ഇനങ്ങളും, അവ നേരിടുന്ന വെല്ലുവിളികൾ എന്നിവ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ ചേർത്തിരിക്കുന്നത്.
രാജ്യത്തിന്റെ സമ്പന്നമായ സസ്യവൈവിധ്യം സംരക്ഷിക്കുന്നതിനും മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായാണ് പദ്ധതിയെ കണക്കാക്കുന്നത്. പുൽമേടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും തരംതിരിക്കാനും ഓരോ പുൽമേട്ടിലെയും സസ്യവൈവിധ്യം അറിയാനും ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ വിവരങ്ങൾ കൈമാറുന്നതിനുമുള്ള കേന്ദ്ര പ്ലാറ്റ്ഫോമായി ഇതിനെ മാറ്റാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
അടിസ്ഥാന സൗകര്യ വികസനങ്ങൾ, റോഡ് പദ്ധതികൾ എന്നിവയിൽനിന്നും പുൽമേടുകളെയും സസ്യങ്ങളെയും സംരക്ഷിക്കുക, പ്രദേശങ്ങളിലെ കൈയേറ്റങ്ങൾ തടയുക, എല്ലാ പുൽമേടുകളുടെയും അതിർത്തികൾ നിർണയിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2023ലെ മന്ത്രിതല പ്രമേയത്തിലൂടെ ഇവ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പുൽമേടുകൾക്കായുള്ള ഡിജിറ്റൽ വിവരങ്ങൾ അവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങളുടെയും പാരിസ്ഥിതിക ആസൂത്രണത്തിന്റെയും വിലപ്പെട്ട ഉറവിടമായാണ് കാണുന്നത്.
രാജ്യത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളും പൈതൃക പ്രാധാന്യമുള്ള പ്രദേശങ്ങളും തിരിച്ചറിയുന്നതിനും അപൂർവ, വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കാനും ഇത് ഏറെ സഹായകമാകും. സർക്കാർ ഏജൻസികൾ, ഗവേഷകർ, പരിസ്ഥിതി സംരക്ഷണ കൂട്ടായ്മകൾ എന്നിവർക്ക് പുൽമേടുകളെ സംബന്ധിച്ച വിവരങ്ങൾ ആക്സസ് ചെയ്യാനും ഡേറ്റാബേസിൽ സൗകര്യമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.