നാല് പുതിയ ഇ-സർവിസുമായി തൊഴിൽമന്ത്രാലയം

ദോഹ: സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി നാല് പുതിയ ഇ-സർവിസുകൾ കൂടി ആരംഭിച്ച് തൊഴിൽമന്ത്രാലയം. പ്രവർത്തനങ്ങൾ കൂടുതൽ ലളിതവും സുതാര്യവും അതിവേഗത്തിലുമാക്കുന്നതിന്‍റെ ഭാഗംകൂടിയാണ് ഈ മാറ്റം. താൽക്കാലിക തൊഴിൽവിസകൾക്കുള്ള റിക്രൂട്ട്മെന്റ് അപേക്ഷ സമർപ്പിക്കൽ, ഫെസിലിറ്റി രജിസ്ട്രിയിലേക്ക് സർക്കാർ കരാർ ചേർക്കൽ, സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾക്കായി ലേബർ റിക്രൂട്ട്‌മെന്റ് അപേക്ഷകൾ സമർപ്പിക്കാനുള്ള സേവനം, ഖത്തർ ഫിനാൻഷ്യൽ സെന്‍റർ കമ്പനികളിലേക്ക് ലേബർ റിക്രൂട്ട്മെന്‍റ് അപേക്ഷ സമർപ്പിക്കൽ തുടങ്ങിയ സേവനങ്ങളാണ് മന്ത്രാലയത്തിനു കീഴിൽ ഇ-സർവിസിലേക്ക് പുതുതായി കൂട്ടിച്ചേർത്തത്.

കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ജീവനക്കാരുടെ അടിയന്തര ആവശ്യത്തിനായി താൽക്കാലിക തൊഴിൽവിസക്ക് അപേക്ഷിക്കാൻ വഴിയൊരുക്കുന്നതാണ് റിക്രൂട്ട്മെന്‍റ് അപേക്ഷ സമർപ്പിക്കാനുള്ള ഓപ്ഷൻ. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് രാജ്യത്തിന് പുറത്തുനിന്നും ജീവനക്കാരെ റിക്രൂട്ട്ചെയ്യാനുള്ള നടപടികളും ഇനി ഇ-സർവിസ് വഴി ലഭ്യമാവും.

സുപ്രധാന സേവനങ്ങളും ഡിജിറ്റലൈസേഷന്‍റെ ഭാഗമായി ഇ-സർവിസിലേക്ക് മാറ്റുന്നതോടെ ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ ആറിൽനിന്ന് മൂന്നുഘട്ടങ്ങളായി ചുരുങ്ങും. ഓട്ടോമാറ്റിക് അപ്രൂവൽ സംവിധാനം കൂടിയാവുന്നതോടെ ഒരു അപേക്ഷയുടെ നടപടി ഒന്നിലേക്കും ചുരുങ്ങും.

അതിവേഗത്തിലാണ് തൊഴിൽമന്ത്രാലയത്തിനു കീഴിലെ മാനേജ്മെന്‍റ് യൂനിറ്റ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ തുടരുന്നത്. അധികം വൈകാതെ 80ഓളം സേവനങ്ങൾ ഇലക്ട്രോണിക് സർവിസിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. പേപ്പർ രേഖകൾ സമർപ്പിച്ചോ ഓഫിസുകൾ കയറിയിറങ്ങിയോ ദിവസങ്ങൾ കാത്തിരുന്നോ ഓരോ ഇടപാടും നടത്തുകയെന്ന കാലത്തിന്‍റെ മാറ്റം കൂടിയാണ് ഇതിലൂടെ നടപ്പാകുന്നത്. അടുത്തിടെ നവീകരിച്ച പുതിയ വെബ്സൈറ്റ് പ്രവർത്തനസജ്ജമായതോടെ 47ഓളം സർവിസുകളാണ് തൊഴിൽ മന്ത്രാലയം ഇ-സർവിസിലേക്ക് മാറ്റിയത്. 

Tags:    
News Summary - Ministry of Labor launches four new e-services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.