ദോഹ: ഖത്തറിന്റെ മാലിന്യരഹിത (സീറോ വേസ്റ്റ്) കാമ്പയിൻ ഉദ്ഘാടനം മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽസുബൈഇ നിർവഹിച്ചു. പരിസ്ഥിതി മന്ത്രി ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് അലി ആൽഥാനി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. സുസ്ഥിര വിഭവേസ്രാതസ്സുകളുടെ ഭാഗമായി മാലിന്യ നിർമാർജനത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട സാമൂഹിക ബോധവത്കരണം കൂടുതൽ വിപുലപ്പെടുത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ജീവിത ഗുണമേന്മ ഉയർത്തുന്നതിനും അതുവഴി ഖത്തർ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നതിനായി മാലിന്യ സംസ്കരണം കൂടുതൽ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും കാമ്പയിെൻറ ഭാഗമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പബ്ലിക് സർവിസ് അഫയേഴ്സ് അസി. അണ്ടർ സെക്രട്ടറി എൻജി. അഹമ്മദ് മുഹമ്മദ് അൽ സാദ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. മാലിന്യം റീസൈക്കിൾ ചെയ്യുന്നത് സംബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശങ്ങൾ നടപ്പാക്കുകയും കാമ്പയിൻ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിന്യം സംബന്ധിച്ചും ഇവയുടെ പുനരുപയോഗം, വൈദ്യുതി ഉൽപാദനം, കാർഷിക വളങ്ങളുടെ ഉൽപാദനം എന്നിവയുമായി ബന്ധപ്പെട്ടും മുനിസിപ്പാലിറ്റി മന്ത്രാലയം നിരവധി പരിപാടികളും കാമ്പയിനുകളും സംരംഭങ്ങളുമാണ് സംഘടിപ്പിക്കുന്നത്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലൊന്നാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. കാർഷിക വളം, വൈദ്യുതി, ബയോഗ്യാസ്, പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ എന്നിവ ഇവിടെ ഉൽപാദിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ച 36,000 ടൺ വളം മുനിസിപ്പാലിറ്റികൾക്കും നഴ്സറികൾക്കും പൊതുസ്ഥാപനങ്ങൾക്കും നൽകി. കൂടാതെ, മണിക്കൂറിൽ 2,64,000 മെഗാവാട്ട് വൈദ്യുതിയും 38 ഘനമീറ്റർ ബയോഗ്യാസും ഇരുമ്പ്, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കളും ഈ കേന്ദ്രങ്ങളിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്നുണ്ട് -അദ്ദേഹം വിശദീകരിച്ചു.
റീസൈക്ലിങ് മേഖലയെ ഉയർത്തിക്കൊണ്ടുവരുന്നതിനായി പൊതുഫാക്ടറികൾക്ക് ഭരണകൂടം പ്രത്യേക സ്ഥലം വകയിരുത്തിയിട്ടുണ്ട്. അൽ അഫ്ജ മേഖലയിൽ മാത്രം 50 ഫാക്ടറികളാണ് പ്രവർത്തിക്കുന്നത്. മന്ത്രാലയത്തിന്റെ സീറോ വേസ്റ്റ് കാമ്പയിനിൽ സർക്കാർ ഏജൻസികൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചാരിറ്റി സംഘടനകൾ, സിവിൽ സമൂഹ സംരംഭങ്ങൾ തുടങ്ങിയവർ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാലിന്യം പൊതു ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭവിഷ്യത്താകുന്നത് സംബന്ധിച്ചും റീസൈക്ലിങ്, തരംതിരിക്കൽ, സുരക്ഷിതമായ മാലിന്യ സംസ്കരണം എന്നിവയുമായും ബന്ധപ്പെട്ട ബോധവത്കരണ വിഡിയോ ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.