ദോഹ: ഖത്തറിന്റെ ഭാവി വിദ്യാഭ്യാസ പദ്ധതികൾക്ക് രൂപരേഖ അവതരിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലായി ഖത്തർ നാഷനൽ കൺവെൻഷെൻ സെന്റർ വേദിയാകുന്ന പരിപാടിയിൽ വിദ്യാഭ്യാസ രംഗത്തെ പ്രധാനികൾ, ചിന്തകർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
‘പഠനത്തിന്റെ തീപ്പൊരി ആളിപ്പടരട്ടെ’എന്ന പ്രമേയവുമായി വിദ്യാഭ്യാസ മേഖലയിലെ ബഹുമുഖ വ്യക്തികൾ പങ്കെടുക്കുന്ന പരിപാടിയിലാണ് 2024 -2030 എജുക്കേഷൻ സ്ട്രാറ്റജി അവതരിപ്പിക്കുന്നത്. മൂല്യങ്ങളെയും ധാർമികതയെയും പ്രോത്സാഹിപ്പിക്കുന്ന നൂതന വിദ്യാഭ്യാസ അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് വ്യക്തമായ മാർഗരേഖയിലൂടെ ഖത്തറിലെ വിദ്യാഭ്യാസത്തിന്റെ ഭാവി നിർണയിക്കുകയാണ് സമഗ്രമായ വിദ്യാഭ്യാസ സ്ട്രാറ്റജിയിലൂടെ ലക്ഷ്യമിടുന്നത്.
വൈദഗ്ധ്യമുള്ള വിദ്യാർഥികളെ വളർത്തിയെടുക്കുന്നതോടൊപ്പം ഭാവിയെ നയിക്കാനും മൂന്നാം ദേശീയ വികസന സ്ട്രാറ്റജി (എൻ.ഡി.എസ് 3) സാക്ഷാത്കരിക്കാനും പ്രാപ്തിയുള്ള ഒരു തലമുറയെ ഉയർത്തിക്കൊണ്ടുവരുകയും ഇതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.
ഖത്തർ ദേശീയ വികസന മാർഗരേഖയായ വിഷൻ 2030ന് അനുസൃതമായ വിദ്യാഭ്യാസ സ്ട്രാറ്റജിയുടെ അവതരണത്തോടൊപ്പം മന്ത്രാലയത്തിന്റെ പ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട പ്രദർശനവും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ട്രാറ്റജിയുടെ സവിശേഷതകൾ പരിചയപ്പെടാനും മന്ത്രാലയത്തിന്റെ വൈവിധ്യമാർന്ന സംരംഭങ്ങളെ അടുത്തറിയാനും പൊതുജനങ്ങൾക്കും പ്രദർശനത്തിലേക്ക് പ്രവേശനം അനുവദിക്കും.
പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സുസ്ഥിരതയും നൂതനത്വവും ഉറപ്പാക്കുന്നതിനൊപ്പം വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കുന്നതിനും പ്രവേശനക്ഷമതയുടെ വ്യാപ്തി വിപുലീകരിക്കുന്നതിനുമുള്ള സംയോജിത സമീപനമായിരിക്കും സ്ട്രാറ്റജി പിന്തുടരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.