ദോഹ: കഴിഞ്ഞ 15ന് നാട്ടിലേക്കുള്ള യാത്രക്കായി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിെലത്തി, ചെക്ക് ഇൻ തിരക്കിനിടയിലാണ് കാഞ്ഞാട് സ്വദേശി മെഹ്താബ് യൂസുഫിെൻറ മൊബൈൽ നമ്പറിലേക്ക് ആ മെസേജ് വരുന്നത്. തിരക്കെല്ലാം കഴിഞ്ഞ് വിമാനത്തിൽ കയറാനുള്ള കാത്തിരിപ്പിനിടയിൽ വന്ന മെസേജുകളെല്ലാം പരിശോധിക്കുന്നതിനിടെ സന്ദേശം കണ്ടു. ആരെന്നോ, ഏതെന്നോ അറിയാത്ത ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് 750 റിയാൽ തെൻറ അക്കൗണ്ടിൽ ക്രെഡിറ്റായിരിക്കുന്നു.
പിന്നെ നാട്ടിലെത്തി വിശദമായി പരിശോധിച്ചിട്ടും തെൻറ അക്കൗണ്ടിലേക്ക് കാശയച്ച 'അജ്ഞാതനെ' പിടുത്തംകിട്ടിയില്ല. നമ്പർ മാറി അയച്ചതാണെങ്കിൽ ബാങ്കിൽനിന്ന് വിശദാംശങ്ങൾ എടുത്ത് തന്നെ ബന്ധപ്പെടും എന്ന പ്രതീക്ഷയിൽ മെഹ്താബ് പിന്നെയും കാത്തിരുന്നു. എന്നാൽ, ഒരാഴ്ച പിന്നിട്ടിട്ടും വിളിയൊന്നും കണ്ടില്ല. നാട്ടിലായതിനാൽ, അദ്ദേഹത്തിന് ബാങ്കിനെ ബന്ധപ്പെടാനും കഴിഞ്ഞില്ല. അയച്ചയാളുടെ പേര് 'റിയാസ് പാറാട്ട്വീട്ടിൽ' എന്നു മാത്രം ബാങ്ക് സ്റ്റേറ്റ്മെൻറിലുണ്ട്. പിന്നെ അതുവെച്ച് സുഹൃത്തുക്കൾ വഴിയും അന്വേഷിച്ചെങ്കിലും അങ്ങനെയൊരാളെ കുറിച്ച് വിവരം ലഭിച്ചില്ല. ഖത്തർ ചാരിറ്റിയിലേക്കോ മറ്റോ നൽകാമെന്ന ആലോചനക്കിടയിലാണ് മലയാളികളുടെ ഫേസ്ബുക് കൂട്ടായ്മയായ 'ഖത്തർ മലയാളീസ്' പേജിൽ വെള്ളിയാഴ്ച ഒരു പോസ്റ്റിടുന്നത്. കാശ് അയച്ചയാളുടെ പേരും, തുകയും വ്യക്തമാക്കിയായിരുന്നു പോസ്റ്റ്. മെസേജ് കാണുന്ന റിയാസ് ട്രാൻസ്ഫർ റെസീറ്റ് പ്രൂഫ് അയച്ചുതന്നാൽ പരിശോധിച്ചശേഷം പണം തിരിച്ചയക്കാം എന്നായിരുന്നു മെഹ്താബിെൻറ പോസ്റ്റ്.
പോസ്റ്റ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വൈറലായി. മൂന്ന് മണിക്കൂർ കൊണ്ട് ദോഹയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് വിളിയെത്തി. വഴിതെറ്റി പണം അയച്ച ആൾ ഹാജരായി. രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയശേഷം, തുക റിയാസിെൻറ അക്കൗണ്ടിൽ തിരിച്ചയച്ചതോടെ മെഹ്താബിെൻറ ഒമ്പതു നാൾ നീണ്ട അന്വേഷണത്തിന് ശുഭപര്യവസാനം. 11 വർഷമായി ഖത്തറിലുള്ള മെഹ്താബ് അൽ അഹ്ലി ബിസിനസ് സെൻറർ ഓപറേഷൻ മാനേജറായി ജോലി ചെയ്യുകയാണ്.പണം അയച്ചതും അത് അറിയാതെ പോയതുമായ കഥകളെ കുറിച്ച് റിയാസ് പറയുന്നു. 'ഖത്തർ മലയാളീസ് ഫേസ്ബുക് പേജിൽ എെൻറ പേരുവെച്ച് ആരോ ഒരു പോസ്റ്റ് ചെയ്തതായി സുഹൃത്തുക്കൾ വിളിച്ചുപറഞ്ഞപ്പോൾ മാത്രമാണ് ഞാൻ സംഭവം അറിയുന്നത്. വെള്ളിയാഴ്ച ഉച്ചമയക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ഫോണിൽ നിരവധി കൂട്ടുകാരുടെ വിളികളും സന്ദേശങ്ങളും.
അപ്പോൾതന്നെ ബാങ്ക് ഡീറ്റെയിൽസ് പരിശോധിച്ചു. 15ാം തീയതി 750 റിയാൽ മെഹ്താബിെൻറ അക്കൗണ്ടിലേക്ക് പോയിരിക്കുന്നു. എന്നാൽ, ഞാൻ അറിഞ്ഞുകൊണ്ടുള്ള ട്രാൻസ്ഫർ ആയിരുന്നില്ല ഇത്. കുറെ മാസങ്ങൾക്ക് മുമ്പ് സുഹൃത്തിനുവേണ്ടി ഒരു ബിൽ പേമെൻറിനായി മെഹ്താബിെൻറ അക്കൗണ്ട് നമ്പർ 'ബെനിഫിഷ്യറി' ആയി ചേർക്കപ്പെട്ടിരുന്നു. പക്ഷേ, പിന്നെ ഒരു ഇടപാടും നടന്നിട്ടില്ല. ആളെയും അറിയില്ല. മൊബൈൽ ഫോണിലെ ബാങ്ക് ആപ്ലിക്കേഷൻ ആപ്പിൽ ബാലൻസ് ചെക്ക് ചെയ്യുേമ്പാഴോ മറ്റോ, കുട്ടികളുടെ കൈയിൽനിന്നുള്ള അബദ്ധമാവാം തുക ട്രാൻസ്ഫർ ആവാൻ ഇടയായതെന്ന് സംശയിക്കുന്നു' -റിയാസ് പറയുന്നു. എന്തായാലും അറിയാതെ നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് തൃശൂർ ചാവക്കാട് സ്വദേശിയായ റിയാസ്. എ.സി റിപ്പയറിങ് ജോലി ചെയ്യുന്ന ഇദ്ദേഹം വക്റയിൽ കുടുംബത്തിനൊപ്പമാണ് താമസം. അവധിക്ക് നാട്ടിലുള്ള മെഹ്താബ് മടങ്ങിയെത്തിയാൽ കാണണം, കഴിഞ്ഞ ദിവസങ്ങളിൽ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു -റിയാസ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.