ദോഹ: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൾ ഉപയോഗിക്കുന്നതാണ് രാജ്യത്തെ വാഹനാപകടങ്ങളിൽ പ്രധാന കാരണമെന്ന് ജനറൽ ഡയറക്ടേററ്റ് ഓഫ് ട്രാഫിക്കിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് അബ്ദുല്ല അൽ കുവാരി. ആഭ്യന്തര മന്ത്രാലയം നടത്തിയ വെബിനാറിലായിരുന്നു അദ്ദേഹത്തിൻെറ വിശദീകരണം. രാജ്യത്ത് നടക്കുന്ന വാഹനാപകടങ്ങളിൽ 80 ശതമാനവും മൊബൈൽ ഫോൺ ഉപയോഗം മൂലമാണ്. ഡ്രൈവിങ്ങിനിടയിൽ ഫോണിൽ സംസാരിക്കുന്നതും വിഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നതായും അദ്ദേഹം പറഞ്ഞു.
2020ലുണ്ടായ ആകെ വാഹനാപകടങ്ങളിൽ 42.4 ശതമാനവും (2442 അപകടം) ഡ്രൈവിങ്ങിലെ അശ്രദ്ധകൊണ്ടായിരുന്നു. 21.9 ശതമാനം അപകടങ്ങൾ മുന്നിലുള്ള വാഹനങ്ങളുമായി മതിയായ അകലം പാലിക്കാത്തതിനാലാണ് സംഭവിച്ചത്. 12.3 ശതമാനമാകട്ടെ റോഡിൽ തെന്നിയതുകാരണമായിരുന്നു. സിഗ്നലിൽ അശ്രദ്ധയോടെ വണ്ടിയെടുത്തും, റോഡിലെ ട്രാക്ക് തെറ്റിച്ചതും, അമിത വേഗവും, ഓവർടേക്കിങ്ങും മറ്റപകടങ്ങൾക്ക് കാരണമായി.
എന്നാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് 2020ൽ അപകടത്തിൽ കാര്യമായ കുറവുണ്ടായതായി ട്രാഫിക് ഉദ്യോഗസ്ഥൻ അറിയിച്ചു. 2019ൽ 2.17 ലക്ഷം അപകടങ്ങൾ റെക്കോഡ് ചെയ്തെങ്കിൽ 2020ൽ ഇത് 1.55 ലക്ഷം മാത്രമായിരുന്നു. 28.3 ശതമാനമാണ് കുറഞ്ഞത്.
അപകടങ്ങളില്ലാത്ത റോഡുകൾ എന്ന ലക്ഷ്യത്തിനായി ബോധവത്കരണ ക്യാമ്പുകൾ നടത്തുമെന്ന് മുഹമ്മദ് അബ്ദുല്ലാ അൽ കുവാരി വപറഞ്ഞു. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നതും കൈവശം വെക്കുന്നതിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 500 റിയാലാണ് പിഴ. 10 വയസ്സിനു താഴെ പ്രായമുള്ളവരെ മുൻ സീറ്റിലിരുത്തി യാത്രചെയ്താലും, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാലും 500 റിയാൽ പിഴ ചുമത്തും.
കാൽനട യാത്രക്കാർ നിർദേശിക്കപ്പെട്ട വഴിയിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാൻ പാടുള്ളൂ എന്നും, ലംഘനം നടത്തിയാൽ 200 റിയാൽ പിഴ ചുമത്തുമെന്നും കുവാരി വ്യക്തമാക്കി. കാൽനട യാത്രക്കാർക്കുള്ള ക്രോസിങ്ങിൽ ഡ്രൈവർമാർ വാഹനത്തിൻെറ വേഗം കുറക്കണമെന്നും, അവർക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവിങ് ലൈസൻസ് ഹാർഡ് കോപ്പിക്ക് പകരം, മെട്രാഷ് രണ്ട് ഇ-വാലറ്റിലെ കോപ്പി മതിയാകുമെന്ന് ജനറൽ ഡയറക്ടേററ്റ് ഓഫ് ട്രാഫിക്കിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് അബ്ദുല്ല അൽ കുവാരി. മെട്രാഷിലെ പുതിയ അപ്ഡേഷനിലാണ് പ്രധാന രേഖകൾ സൂക്ഷിക്കുന്ന ഇ-വാലറ്റ് അവതരിപ്പിച്ചത്. പൊലീസ് പരിശോധനയിലും മറ്റും വാലറ്റിലെ രേഖ കാണിച്ചാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.